ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഇന്ന് ഇന്ത്യ–സിറിയ പോരാട്ടം; ജയിച്ചാൽ കിരീടം
Mail This Article
ഹൈദരാബാദ് ∙ ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബോളിൽ കിരീടം നിലനിർത്താൻ ടീം ഇന്ത്യ ഇന്നിറങ്ങും. രാത്രി 7.30ന് ഹൈദരാബാദിലെ ജി.എം.സി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ സിറിയയാണ് ആതിഥേയരുടെ എതിരാളി. മത്സരം സ്പോർട്സ് 18 ചാനലിലും ജിയോ സിനിമാ ആപ്പിലും തത്സമയം.
ആദ്യ മത്സരത്തിൽ മൗറീഷ്യസിനെ 2–0ന് തോൽപിച്ച സിറിയയ്ക്ക് നിലവിൽ 3 പോയിന്റുണ്ട്. മൗറീഷ്യസിനോട് ഗോൾരഹിത സമനില വഴങ്ങിയ ഇന്ത്യയ്ക്ക് ഒരു പോയിന്റും. അതോടെ ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് കിരീടം ഉറപ്പിക്കാനാകൂ. പുതിയ പരിശീലകൻ മനോലോ മാർക്കേസിനു കീഴിൽ ആദ്യ ടൂർണമെന്റ് ജയിക്കാൻ ഉറപ്പിച്ചാകും ഇന്ത്യ എത്തുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ ലോകകപ്പ് ക്വാളിഫയർ രണ്ടാം റൗണ്ടിൽ കുവൈത്തിനെ 1–0ന് തോൽപിച്ച ശേഷം രാജ്യാന്തര മത്സരങ്ങളിൽ ഒരു ജയം പോലും നേടാനായിട്ടില്ലെന്ന ചീത്തപ്പേരും കിരീട നേട്ടത്തോടെ മറികടക്കാമെന്നാണ് ടീം ഇന്ത്യയുടെ പ്രതീക്ഷ.മറുവശത്ത് 3 പോയിന്റിന്റെ മേൽക്കൈയുമായി ഇറങ്ങുന്ന സിറിയയ്ക്ക് കിരീടം നേടാൻ സമനില പോലും ധാരാളം.
ഈ വർഷം ആദ്യം എഎഫ്സി ഏഷ്യൻ കപ്പ് ഗ്രൂപ്പ് സ്റ്റേജിൽ നേർക്കുനേർ വന്നപ്പോൾ ഇന്ത്യയെ 1–0ന് തോൽപിക്കാൻ സാധിച്ചതിന്റെ ആത്മവിശ്വാസവും സിറിയൻ സംഘത്തിനുണ്ട്.