സൂപ്പർ ലീഗ് കേരളയിൽ ഇന്ന് ആവേശപ്പോരാട്ടം: കണ്ണൂർ വോറിയേഴ്സ് തൃശൂർ മാജിക് എഫ്സിയെ നേരിടും

Mail This Article
മലപ്പുറം ∙ സൂപ്പർ ലീഗ് കേരള ഫുട്ബോളിലെ രണ്ടാം മത്സരത്തിൽ ഇന്ന് കണ്ണൂർ വോറിയേഴ്സ് എഫ്സി തൃശൂർ മാജിക് എഫ്സിയെ നേരിടും. വൈകിട്ട് 7.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ ഫോഴ്സ കൊച്ചി എഫ്സിയെ മലപ്പുറം എഫ്സി 2–0ന് തോൽപിച്ചിരുന്നു.
ഇറ്റാലിയൻ പരിശീലകൻ ജിയോവാനി സ്കാനുവിന്റെ നേതൃത്വത്തിലുള്ള തൃശൂർ മാജിക് എഫ്സിയുടെ 24 അംഗ സ്ക്വാഡിൽ 3 വിദേശ താരങ്ങളും 14 മലയാളി താരങ്ങളും ഉൾപ്പെടുന്നു. മുൻ ഇന്ത്യൻ താരം സി.കെ.വിനീതാണ് ക്യാപ്റ്റൻ. സന്തോഷ് ട്രോഫി കേരള ടീം മുൻ പരിശീലകൻ സതീവൻ ബാലനാണ് സഹപരിശീലകൻ.
6 വിദേശ താരങ്ങളും 10 മലയാളി താരങ്ങളും ഉൾപ്പെടെ 25 അംഗ സ്ക്വാഡാണ് കണ്ണൂർ വോറിയേഴ്സ് എഫ്സിയുടേത്. സ്പെയിനിൽ നിന്നുള്ള മാനുവൽ സാഞ്ചസ് മുരിയാസാണ് മുഖ്യപരിശീലകൻ. വയനാട് സ്വദേശി ഷഫീഖ് ഹസൻ സഹപരിശീലകൻ.