എസ്എൽകെ: തൃശൂർ മാജിക് എഫ്സിയെ വീഴ്ത്തി കണ്ണൂർ വോറിയേഴ്സിന് വിജയത്തുടക്കം (2-1)

Mail This Article
പയ്യനാട് (മഞ്ചേരി) ∙ സൂപ്പർ ലീഗ് കേരള രണ്ടാം മത്സരത്തിൽ തൃശൂർ മാജിക് എഫ്സിയെ 2–1ന് തകർത്ത് കണ്ണൂർ വോറിയേഴ്സ് എഫ്സിക്ക് തകർപ്പൻ തുടക്കം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്നശേഷം മത്സരത്തിന്റെ അവസാന നിമിഷങ്ങളിലായിരുന്നു കണ്ണൂരിന്റെ വമ്പൻ തിരിച്ചു വരവ്. 36–ാം മിനിറ്റിൽ മുൻ ഇന്ത്യൻ താരം സി.കെ.വിനീതിന്റെ പാസിൽ നിന്ന് അഭിജിത് സർക്കാർ ആണ് തൃശൂരിന് വേണ്ടി ആദ്യ ഗോൾ നേടിയത് (1–0).
രണ്ടാം പകുതിയിൽ ഉയർത്തെഴുന്നേറ്റ കണ്ണൂർ ടീമിനു വേണ്ടി 71–ാം മിനിറ്റിൽ സ്പാനിഷ് താരം ഡേവിഡ് ഗ്രാൻഡേയാണ് മറുപടി ഗോൾ നേടിയത് (1–1). കണ്ണൂർ ക്യാപ്റ്റൻ അഡ്രിയാൻ സാർഡിനോ കോർപയെ ബോക്സിനടുത്ത് വീഴ്ത്തിയതിന് രണ്ടാം മഞ്ഞക്കാർഡിലൂടെ ചുവപ്പ് നേടി ഹെൻട്രി ആന്റണി പുറത്തായതോടെ തൃശൂർ ടീം 10 പേരായി ചുരുങ്ങി.
94–ാം മിനിറ്റിൽ മറ്റൊരു സ്പാനിഷ് താരമായ അൽവാരോ അൽവാരസ് ഫെർണാണ്ടസാണ് കണ്ണൂരിനായി വിജയഗോൾ നേടിയത് (2–1). അൽവാരോ തന്നെയാണ് കളിയിലെ കേമനും. ചൊവ്വാഴ്ച, കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ കാലിക്കറ്റ് എഫ്സിയും തിരുവനന്തപുരം കൊമ്പൻസ് എഫ്സിയും ഏറ്റുമുട്ടും.