ഹെങ്ബാർത്തിനെപ്പോലെ ഞാനും ഒരു വല്യേട്ടൻ: ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഡിഫൻഡർ അലക്സാന്ദ്രെ കോയെഫ് സംസാരിക്കുന്നു
Mail This Article
നിങ്ങളുടെ സെഡ്രിക് ഹെങ്ബാർത്തിനെ ഞാനറിയും. ഞാൻ ഇതിനു മുൻപും ഹെങ്ബാർത്ത് കളിച്ച ക്ലബ്ബിന്റെ ഭാഗമായിട്ടുണ്ട്. എന്റെ ഓർമകളിൽ അദ്ദേഹമൊരു പടയാളിയാണ്. കരുത്തുറ്റ ഉശിരൻ താരം’– ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫൈനൽ കളിച്ച രണ്ടു സീസണുകളിൽ പ്രതിരോധക്കോട്ടയിലെ ‘വല്ല്യേട്ടനാ’യി വിലസിയ ഫ്രഞ്ച് താരം ഹെങ്ബാർത്തിന്റെ പ്രകടനം ആവർത്തിക്കുമെന്ന ഉറപ്പിലാണു അതേ നാട്ടുകാരൻ അലക്സാന്ദ്രെ കോയെഫിന്റെ വരവ്.
ഫ്രഞ്ച് ലീഗിലും സ്പാനിഷ് ലീഗിലുമടക്കം മുന്നൂറിലേറെ മത്സരങ്ങൾ കളിച്ച കോയെഫിനു പക്ഷേ, ആ റോൾ ഏറ്റെടുക്കും മുൻപേയൊരു തിരുത്തുകൂടി പറയാനുണ്ട് . ‘ഞാനൊരു പടയാളിയല്ല. എന്റെ ശൈലി വേറെയാണ്. പക്ഷേ, കളത്തിൽ ഈ ടീമിനു വേണ്ടി ഞാനെല്ലാം നൽകും.’ ഡ്യുറാൻഡ് കപ്പിൽ ഒരു ടാക്കിളും ഒരു ലോങ് പാസുമായി ബ്ലാസ്റ്റേഴ്സിനൊപ്പം മിന്നും അരങ്ങേറ്റം നടത്തിയ കോയെഫ് ‘മനോരമ’യോടു നയം വ്യക്തമാക്കുന്നു.
ബ്ലാസ്റ്റേഴ്സിലേക്കുള്ള വഴി?
സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസുമായി വർഷങ്ങളുടെ പരിചയമുണ്ട്. ഇപ്പോൾ ഇന്ത്യയിൽ ബ്ലാസ്റ്റേഴ്സിനൊപ്പമാണെന്നു സ്കിൻകിസ് ഒരിക്കൽ പറഞ്ഞിരുന്നു. അവിശ്വസനീയമായ ആരാധകക്കൂട്ടമുള്ള ക്ലബ്ബാണെന്നാണ് അറിഞ്ഞത്. വന്നപ്പോൾ കിട്ടിയ സ്വീകരണത്തിൽതന്നെ അതു ബോധ്യപ്പെട്ടു.
ഫുട്ബോളറായതിനു പിന്നിൽ?
ഫ്രാൻസിൽ ഫുട്ബോളാണ് ഏറ്റവും പോപ്പുലർ. എന്റെ അച്ഛനും അപ്പൂപ്പനും ഫുട്ബോളർമാരായിരുന്നു. എന്റെ കുടുംബത്തിലെ ആൺകുട്ടികളെല്ലാം ഫുട്ബോളർമാർ. അപ്പോൾ സ്വാഭാവികമായും എന്റെ തിരഞ്ഞെടുപ്പും മാറില്ലല്ലോ. ഒട്ടേറെ രാജ്യങ്ങളിൽ, നഗരങ്ങളിൽ, ക്ലബ്ബുകളിൽ കളിക്കാനായി. ഒടുവിൽ കേരളത്തിലുമെത്തി.
ബ്ലാസ്റ്റേഴ്സിലെ റോൾ?
സെന്റർ ബായ്ക്കായും ഡിഫൻസീവ് മിഡ്ഫീൽഡറായുമെല്ലാം ഞാൻ കളിച്ചിട്ടുണ്ട്. പന്ത് പരമാവധി ‘ടച്ച്’ ചെയ്തു കളിക്കുന്നതിലാണ് എനിക്കു താൽപര്യം. പന്തുമായുള്ള സമ്പർക്കം എത്രത്തോളം കൂടുന്നുവോ അത് എന്റെ പ്രകടനത്തെയും മികവുറ്റതാക്കും. ഇക്കാര്യം കോച്ചുമായി സംസാരിക്കാറുണ്ട്. ടീമിനു ഗുണം ചെയ്യുന്ന ഏതു പൊസിഷനിലും കളിക്കാൻ തയാർ.
ഇഷ്ടതാരമില്ലാത്ത താരം!
റോൾ മോഡൽ എന്നു പറയാനൊരു താരം എനിക്കില്ല. പക്ഷേ, സ്പാനിഷ് ശൈലിയുടെ ആരാധകനാണു ഞാൻ. സ്പാനിഷ് മോഡൽ പ്രതിരോധം ഇഷ്ടമാണ്. പിന്നിൽ നിന്നു നീക്കങ്ങൾ തുടങ്ങുന്നതാണ് അവരുടെ രീതി. നല്ല ബിൽഡ് അപ്പുകളും ഗെയിം മനസ്സിലാക്കിയുള്ള നീക്കങ്ങളും കിട്ടുന്ന സ്പേസ് മുതലാക്കിയുള്ള സ്മാർട് പ്ലേയുമെല്ലാം ഏറെ ഇഷ്ടം. എന്റെ ശൈലിയും ഇതായതു കൊണ്ടാണു ഞാനൊരു പടയാളിയല്ലെന്നു പറഞ്ഞത്.
‘അടങ്ങാത്ത ആവേശ’വുമായി ഐഎസ്എൽ
കൊച്ചി ∙ ഐഎസ്എൽ ഫുട്ബോൾ കിക്കോഫിനു മുന്നോടിയായി മുൻ ഇന്ത്യൻ ഫുട്ബോളർ ഐ.എം.വിജയനെയും ഒളിംപ്യൻ പി.ആർ.ശ്രീജേഷിനെയും ഉൾപ്പെടുത്തി ഐഎസ്എൽ ‘അടങ്ങാത്ത ആവേശം’ ക്യാംപെയിനു തുടക്കമിട്ടു. കേരളത്തിന്റെ ഫുട്ബോൾ പ്രണയം ഇരുവരിലൂടെയും അവതരിപ്പിക്കുന്ന ഹ്രസ്വ വിഡിയോയാണിത്. ഐഎസ്എൽ പോലുള്ള പ്രഫഷനൽ ലീഗിൽ കളിക്കാൻ യുവതാരങ്ങൾക്ക് അവസരം ലഭിക്കുന്നതു വലിയ നേട്ടമാണെന്നു വിജയൻ പറഞ്ഞു. ചെറുപ്പം മുതൽ ഫുട്ബോൾ ആസ്വദിക്കുന്ന തന്റെ ഹീറോ വിജയൻ ആയിരുന്നുവെന്നു ശ്രീജേഷ് പറഞ്ഞു.