സ്റ്റാറെയും സംഘവും ഒരുക്കട്ടെ കിരീടസദ്യ: ഓണാശംസകൾകൊപ്പം ഗോളാശംസകളും നേർന്ന് ഐ.എം. വിജയൻ
Mail This Article
ഓണത്തിന്റെ കേന്ദ്രമായ തൃക്കാക്കരയിൽ നിന്നു നോക്കെത്തുന്ന ദൂരത്തുള്ള കലൂർ സ്റ്റേഡിയത്തിൽ തിരുവോണ നാളിൽ കേരളത്തിന്റെ ബ്ലാസ്റ്റേഴ്‌സ് പുതിയൊരു അധ്യായം തുടങ്ങുന്നു. പുതിയ പരിശീലകന്റെ കൈ പിടിച്ച്, പുതിയ താരങ്ങളുടെ കരുത്തിൽ പുതിയ കുതിപ്പിലേക്കു കാലെടുത്തു വയ്ക്കാൻ ഇതിനെക്കാൾ നല്ലൊരു ദിവസവും സ്ഥലവും വേറെയില്ല. ലോകമെമ്പാടുമായി പരന്നുകിടക്കുന്ന മലയാളികൾ പൊന്നോണം പോലെ ആഘോഷിക്കാനായി കാത്തിരിക്കുന്ന ഒന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ കിരീടധാരണം.
സ്വീഡിഷ് തന്ത്രങ്ങളിൽ എത്തുന്ന ഈ ബ്ലാസ്റ്റേഴ്‌സിന് ആ സ്വീറ്റ് മൊമന്റ് സമ്മാനിക്കാനുള്ള വിഭവങ്ങൾ തന്നെയുണ്ട്. ഒരു സദ്യ പോലെയാണ് ഫുട്ബോളിന്റെ കാര്യവും. ഒട്ടേറെ വിഭവങ്ങൾ ഇലയിലെന്ന പോലെ മൈതാനത്ത് നിറയും. പക്ഷേ എത്ര കേമം ആയാലും ഒരു കറിയിൽ ഇത്തിരി ഉപ്പോ എരിവോ പുളിയോ കൂടിയാലോ കുറഞ്ഞാലോ സദ്യയുടെ വിധി അതിൽ കുറിക്കപ്പെടും.
അതുപോലെയാണ് പ്രതിരോധവും മധ്യവും മുന്നേറ്റവും ഒപ്പം കളത്തിന് പുറത്തു പാകം ചെയ്തെടുക്കുന്ന അടവുകളും ഒരുപോലെ തിളങ്ങേണ്ട ഫുട്ബോൾ. മികായേൽ സ്റ്റാറെയുടെ മിഷൻ ബ്ലാസ്റ്റേഴ്‌സ് എല്ലാം തികഞ്ഞൊരു ഓണസദ്യയായി മലയാളികൾക്കു മധുരം വിളമ്പട്ടെ.
ഒട്ടേറെ മലയാളി താരങ്ങളുടെ കൂടി ബിഗ് ബ്ലാസ്റ്റിനാണ് ഈ സീസണിൽ കേരളം കാതോർത്തിരിക്കുന്നത്. രാഹുൽ മുതൽ സഹീഫ് വരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ നാട്ടിലെ താരങ്ങൾക്ക് എന്റെ പ്രത്യേക ആശംസകൾ.
ടീമിനും അതിന്റെ എല്ലാമെല്ലാമായ ആരാധകക്കൂട്ടത്തിനും ഓണാശംസകൾ. ഒപ്പം ഗോളാശംസകളും.