മഞ്ഞ പതാക ജഴ്സിയൂരി ‘പുതപ്പിച്ച്’ ലൂക്കയുടെ ആഘോഷം; ഒടുവിൽ ‘ഇടിച്ചിട്ട്’ രാഹുൽ; കൊച്ചിയിൽ ‘ഓണത്തല്ല്’– വിഡിയോ
Mail This Article
കൊച്ചി∙ തിരുവോണ ദിനത്തിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ‘ആർക്കോ വേണ്ടിയെന്ന പോലെ തിളച്ചിരുന്ന’ ഐഎസ്എൽ മത്സരമാണ്, അവസാന 10 മിനിറ്റിലെ മൂന്നു ഗോളുകളും ഇതിനിടയിലെ കയ്യാങ്കളിയുമൊക്കെയായി അതിനാടകീയമായി അവസാനിച്ചത്. തിരുവോണ ദിനത്തിന്റെ ആവേശമൊക്കെയും കെടുത്തുന്ന മത്സരമായിരുന്നു കൊച്ചിയിൽ ബ്ലാസ്റ്റേഴ്സും പഞ്ചാബും തമ്മിൽ നടന്നത്. മത്സരം 86–ാം മിനിറ്റിലേക്കു കടക്കുമ്പോഴും ഗോൾരഹിതമായിരുന്നതിനാൽ, ഒരു സമനിലയ്ക്കപ്പുറം ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം കാണികൾക്ക് പൊതുവെ മടുപ്പും വിരസതയും സൃഷ്ടിച്ചിരിക്കെയായിരുന്നു അവസാന മിനിറ്റുകളിലെ ഗോളടി മേളവും ‘ഓണത്തല്ലും’!
കാര്യമായ സംഭവങ്ങളൊന്നുമില്ലാതെ അവസാനിച്ച ആദ്യ പകുതിക്കു ശേഷം, രണ്ടാം പകുതിയിൽ പകരക്കാരായി പുതിയ താരങ്ങളെത്തിത്തുടങ്ങിയതോടെയാണ് മത്സരത്തിന് കുറച്ചെങ്കിലും ജീവൻ വച്ചത്. ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ കുറച്ചുകൂടി ആക്രമണത്വര കാട്ടിയ ബ്ലാസ്റ്റേഴ്സ് നിര, സ്റ്റേഡിയത്തിൽ ഇടയ്ക്കിടെ ചലനം സൃഷ്ടിച്ചു. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവം പ്രകടമായിരുന്നെങ്കിലും, ഹെസൂസ് ഹിമെനെയും വിബിൻ മോഹനനും ഉൾപ്പെടെയുള്ളവർ രണ്ടാം പകുതിയുടെ തുടക്കത്തിൽ പകരക്കാരായി എത്തിയതിന്റെ വ്യത്യാസം ടീമിന്റെ കളിയിലും നിഴലിച്ചു.
ഗോളിനു വേണ്ടിയുള്ള ശ്രമങ്ങൾ തുടർച്ചയായി പാഴായതോടെ ഗോൾരഹിത സമനില ഉറപ്പിച്ച് സ്റ്റേഡിയം വിടാൻ ഒരുങ്ങിയ ആരാധകരെ, 86–ാം മിനിറ്റിൽ മലയാളി താരം മുഹമ്മദ് സഹീഫാണ് പിടിച്ചിരുത്തിയത്. ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിലേക്ക് കടന്നുകയറിയ പഞ്ചാബ് താരം ലിയോൺ അഗസ്റ്റിനെ സഹീഫ് വലിച്ചിട്ടതിന് ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് ലൂക്കാ മയ്സെൻ പഞ്ചാബിനെ മുന്നിലെത്തിച്ചത്. മൈതാനത്തെ കോർണർ പോളിലുണ്ടായിരുന്ന മഞ്ഞ പതാക തന്റെ ജഴ്സിയൂരി മൂടിയായിരുന്നു ലൂക്കാ മയ്സെന്റെ ഗോളാഘോഷം. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ‘പ്രകോപിപ്പിക്കാവുന്ന’ ആഘോഷം.
ഇൻജറി ടൈമിൽ പ്രീതം കോട്ടാലിന്റെ തകർപ്പൻ ക്രോസിന് അതിലും കൃത്യതയോടെ തലവച്ച് സ്പാനിഷ് താരം ഹെസൂസ് ഹിമെനെ ബ്ലാസേറ്റേഴ്സിന്റെ രക്ഷകനാകുമെന്ന് കരുതിയെങ്കിലും, മറ്റൊരു ‘ട്വിസ്റ്റി’ൽ പഞ്ചാബ് വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ ലൂക്കാ മയ്സെന് ഗോൾ ഒരുക്കി നൽകാനുള്ള ചുമതല മാത്രം. ബ്ലാസ്റ്റേഴ്സ് പോസ്റ്റ് ചാരി പുറത്തേക്കു നീങ്ങിയ പന്തിന് ഓടിയെത്തിയ ഫിലിപ് മിർയാക് ഗോളിലേക്ക് വഴികാട്ടി.
ഇതിനു പിന്നാലെയായിരുന്നു വലിയ ചർച്ചകൾക്ക് വഴിതെളിച്ച കെ.പി. രാഹുലിന്റെ ഫൗൾ. ഹൈബോൾ പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ ലൂക്കാ മയ്സെനെ രാഹുൽ ഇടിച്ചിടുകയായിരുന്നു. പന്തു പിടിക്കാനുള്ള പോരാട്ടത്തിൽ മയ്സെനായിരുന്നു മുൻതൂക്കമെങ്കിലും, ഓടിയെത്തിയ രാഹുൽ ഉയർന്നുചാടി മയ്സെനെ ഇടിച്ചിട്ടു. മയ്സെൻ നിലത്തുവീണതോടെ കുപിതരായ പഞ്ചാബ് എഫ്‍സിയുടെ കോച്ചിങ് സ്റ്റാഫും താരങ്ങളും ഡഗ്ഔട്ടിൽനിന്ന് രാഹുലിനെ ലക്ഷ്യമിട്ട് ഓടിയെത്തി. അപ്പോഴേക്കും റഫറി ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
രാഹുലിനോട് മോശമായി പെരുമാറിയ പഞ്ചാബ് എഫ്സിയുടെ അധികൃതരോട് പ്രീതം കോട്ടാൽ ഉൾപ്പെടെയുള്ളവർ കയർക്കുന്നതും കാണാമായിരുന്നു. ഒടുവിൽ പഞ്ചാബ് എഫ്‍സി കോച്ച് നേരിട്ട് ഇടപെട്ടാണ് സ്വന്തം ടീമിനെ ശാന്തമാക്കിയത്. കടുത്ത ഫൗൾ നടത്തിയ രാഹുൽ ആകട്ടെ, മഞ്ഞക്കാർഡുമായി രക്ഷപ്പെട്ടു.