ഗുഡ്ബൈ ടോട്ടോ... ഒരൊറ്റ ലോകകപ്പിലൂടെ ആരാധകരുടെ പ്രിയപ്പെട്ടവനായി, സ്കില്ലാച്ചി ഇനി ഓർമ
Mail This Article
റോം ∙ ഒരൊറ്റ ലോകകപ്പിലൂടെ ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരുടെ മനസ്സിലേക്കു ലോങ്റേഞ്ചർ പായിച്ച ഇറ്റാലിയൻ താരം സാൽവതോറെ സ്കില്ലാച്ചി (59) ഇനി ഓർമ. ഇറ്റലിയിൽ നടന്ന 1990 ലോകകപ്പിലെ ടോപ് സ്കോററും മികച്ച താരവുമായിരുന്ന സ്കില്ലാച്ചിയുടെ മരണവാർത്ത അദ്ദേഹത്തിന്റെ മുൻ ക്ലബ്ബുകളായ ഇന്റർ മിലാനും യുവന്റസുമാണ് പുറത്തുവിട്ടത്. വൻകുടലിൽ അർബുദ ബാധിതനായിരുന്ന സ്കില്ലാച്ചിയെ 11 ദിവസം മുൻപാണ് പാലർമോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‘ഒരു ഫുട്ബോൾ ഇതിഹാസം നമ്മളെ വിട്ടുപിരിയുന്നു. ഇറ്റാലിയൻ ജനതയുടെയും ലോകമെങ്ങുമുള്ള കായികപ്രേമികളുടെയും ഹൃദയത്തിൽ ഇടംപിടിച്ചൊരാൾ’- ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോനി സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.
സൂപ്പർ സബ്
ലോക ഫുട്ബോളിലെ സൂപ്പർ സബ് വിശേഷണത്തിന് സ്കില്ലാച്ചിയോളം യോഗ്യനായ മറ്റൊരു താരമില്ല. സ്വന്തം നാട്ടിൽ നടന്ന 1990 ലോകകപ്പിൽ ഇറ്റലിയുടെ പ്രധാന സ്ട്രൈക്കർമാരിൽ ഒരാളായിരുന്നില്ല സ്കില്ലാച്ചി. എന്നാൽ ഓസ്ട്രിയയ്ക്കെതിരെ ആദ്യ മത്സരത്തിൽ റോബർട്ടോ ബാജിയോയും ആൻഡ്രിയ കാർണെവാലെയും ഗോളടിക്കാൻ കഷ്ടപ്പെട്ടതോടെ കോച്ച് അസെഗ്ലിയോ വിചീനി കാർണെവാലെയെ പിൻവലിച്ച് സ്കില്ലാച്ചിയെ ഇറക്കി. ഒരു ഹെഡറിലൂടെ സ്കില്ലാച്ചി ഇറ്റലിയുടെ വിജയഗോൾ നേടി. ചെക്കോസ്‌ലൊവാക്യയ്ക്കെതിരെ ഗ്രൂപ്പിലെ അവസാന മത്സരത്തിലും പകരക്കാരനായിറങ്ങി ഗോളടിച്ചതോടെ നോക്കൗട്ടിലെ രണ്ടു മത്സരങ്ങളിലും ആദ്യ ഇലവനിലേക്കു പ്രമോഷൻ. യുറഗ്വായ്ക്കെതിരെ പ്രീക്വാർട്ടറിലും അയർലൻഡിനെതിരെ ക്വാർട്ടറിലും ഗോൾ നേടി. അർജന്റീനയ്ക്കെതിരെ സെമിഫൈനലിൽ ബാജിയോയെ പുറത്തിരുത്തി കോച്ച് സ്കില്ലാച്ചിക്ക് അവസരം നൽകി. ഷൂട്ടൗട്ടിൽ ഇറ്റലി തോറ്റു പുറത്തായ കളിയിലും സ്കില്ലാച്ചി ഒരു ഗോൾ നേടി. മൂന്നാം സ്ഥാന മത്സരത്തിൽ ഇറ്റലി ഇംഗ്ലണ്ടിനെ 2-1നു തോൽപിച്ചപ്പോൾ വിജയഗോൾ സ്കില്ലാച്ചിയുടെ ബൂട്ടിൽ നിന്നായിരുന്നു. ആകെ 6 ഗോളുകളുമായി ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് നേടിയ സ്കില്ലാച്ചിയെ തേടി വിലപിടിപ്പുള്ള മറ്റൊരു പുരസ്കാരവുമെത്തി. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ. സ്കില്ലാച്ചി പിന്നിലാക്കിയവർ നിസ്സാരക്കാരായിരുന്നില്ല- സാക്ഷാൽ ലോതർ മത്തേയസും ഡിയേഗോ മറഡോണയും! 1990 ബലോൻ ദ് ഓർ പുരസ്കാരപ്പട്ടികയിൽ മത്തേയസിനു പിന്നിൽ സ്കില്ലാച്ചി രണ്ടാമതെത്തി.
ആരാധകരുടെ താരം
ലോകകപ്പിലെ ആറു ഗോൾ നേട്ടത്തിനു പുറമേ ഇറ്റലി ദേശീയ ടീമിനു വേണ്ടി ഒരു ഗോൾ കൂടി മാത്രമാണ് സ്കില്ലാച്ചി നേടിയത്. 1991 യൂറോ യോഗ്യത മത്സരത്തിൽ നോർവെയ്ക്കെതിരെയായിരുന്നു അത്. ഇറ്റലിക്കു വേണ്ടി 16 മത്സരങ്ങളിൽ 7 ഗോളുകളേ പേരിലുള്ളുവെങ്കിലും ആരാധകരുടെ പ്രിയതാരമായിരുന്നു ടോട്ടോ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന സ്കില്ലാച്ചി. ക്ലബ് ഫുട്ബോളിൽ മെസിനയ്ക്കു വേണ്ടി മിന്നിക്കളിച്ച സ്കില്ലാച്ചിയെ യുവന്റസ് ടീമിലെടുക്കുന്നതു തന്നെ ആരാധകരുടെ നിരന്തരമായുള്ള കത്തുകളെത്തുടർന്നാണ്. യുവന്റസിനൊപ്പം കോപ്പ ഇറ്റാലിയയും യുവേഫ കപ്പും നേടിയ സ്കില്ലാച്ചി പിന്നീട് ഇന്റർ മിലാനൊപ്പവും യുവേഫ കപ്പ് സ്വന്തമാക്കി. ജാപ്പനീസ് ലീഗിൽ കളിച്ച ആദ്യ ഇറ്റാലിയൻ താരമായ സ്കില്ലാച്ചി അവിടെ ജുബിലിയോ ഇവാറ്റ ക്ലബ്ബിനൊപ്പം ജെ ലീഗ് കിരീടവും നേടി. 1999ൽ ഫുട്ബോളിൽ നിന്നു വിരമിച്ച ശേഷം ഫുട്ബോൾ അക്കാദമി പ്രവർത്തനങ്ങളുമായി സജീവമായിരുന്നു.