ഫ്രാൻസിൽ ഇനി ഗ്രീസ്മാനില്ല: രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച് ഫ്രഞ്ച് സ്ട്രൈക്കർ
Mail This Article
പാരിസ് ∙ രാജ്യാന്തര ഫുട്ബോളിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഫ്രാൻസ് താരം അന്റോയ്ൻ ഗ്രീസ്മാൻ. ഇന്നലെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയായിരുന്നു മുപ്പത്തിമൂന്നുകാരൻ ഗ്രീസ്മാന്റെ വിടവാങ്ങൽ. ‘‘ഹൃദയം നിറയെ ഓർമകളുമായി ഞാൻ ജീവിതത്തിലെ ഈ അധ്യായത്തിന് വിരാമമിടുന്നു. ഫ്രഞ്ച് ത്രിവർണ പതാകയ്ക്കു കീഴിലെ ഈ പോരാട്ടങ്ങളിൽ എനിക്കൊപ്പം നിന്നതിന് നന്ദി’’– ഗ്രീസ്മാൻ കുറിച്ചു. ഫ്രാൻസിനായി 137 മത്സരങ്ങളിൽ 44 ഗോളുകൾ നേടിയിട്ടുള്ള ഗ്രീസ്മാൻ ദേശീയ ടീമിനൊപ്പം 2018 ഫിഫ ലോകകപ്പ്, 2021 യുവേഫ നേഷൻസ് ലീഗ് കിരീടനേട്ടങ്ങളിൽ പങ്കാളിയായി.
2016 യൂറോകപ്പിലും 2022 ലോകകപ്പിലും റണ്ണറപ്പായ ടീമിലും അംഗമായിരുന്നു. ഫ്രാൻസിനായി കൂടുതൽ മത്സരം കളിച്ചവരിൽ മൂന്നാം സ്ഥാനത്തും കൂടുതൽ ഗോൾ നേടിയവരിൽ നാലാം സ്ഥാനത്തുമുണ്ട് സ്ട്രൈക്കറായും അറ്റാക്കിങ് മിഡ്ഫീൽഡറായും കളിക്കുന്ന ഗ്രീസ്മാൻ. ഒരു പതിറ്റാണ്ടായി കോച്ച് ദിദിയെ ദെഷാമിന്റെ കീഴിലുള്ള ഫ്രഞ്ച് ടീമിലെ പ്രധാനിയായിരുന്ന ഗ്രീസ്മാൻ കഴിഞ്ഞ വർഷം തന്നെ തഴഞ്ഞ് കിലിയൻ എംബപെയെ ടീം ക്യാപ്റ്റനാക്കിയതിൽ നീരസം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് അപ്രതീക്ഷിത വിരമിക്കലും. ക്ലബ് ഫുട്ബോളിൽ നിലവിൽ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡിന്റെ താരമാണ്.