സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടം കോഴിക്കോട്ട്
Mail This Article
കോഴിക്കോട് ∙ സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ട് മത്സരങ്ങൾക്ക് കോഴിക്കോട് വേദിയാകുന്നു. നവംബർ 20 മുതൽ 24 വരെ എച്ച് ഗ്രൂപ്പ് മത്സരങ്ങളാണ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്നത്. നവംബർ 20ന് ആദ്യ മത്സരത്തിൽ പോണ്ടിച്ചേരി ലക്ഷദ്വീപിനെയും കേരളം റെയിൽവേസിനെ നേരിടും. 22ന് ലക്ഷദ്വീപിനെതിരെയും 24ന് പോണ്ടിച്ചേരിക്കെതിരെയുമാണ് കേരളത്തിന്റെ മറ്റു മത്സരങ്ങൾ. 9 ഗ്രൂപ്പുകളിലെ ജേതാക്കളും കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ സർവീസസ്, ഗോവ ടീമുകളും ഇത്തവണ ആതിഥേയരായ തെലങ്കാനയുമാണ് നോക്കൗട്ടിലെത്തുക. ഹൈദരാബാദിലാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ.
എട്ടാം കിരീടം ലക്ഷ്യമിടുന്ന കേരളത്തിന്റെ 30 അംഗ സാധ്യതാ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചു. പരിശീലന ക്യാംപിന് ഇന്ന് കോഴിക്കോട്ട് തുടക്കമാവും. കാലിക്കറ്റ് എഫ്സിയുടെ സഹപരിശീലകനായ ബിബി തോമസാണ് കേരള സന്തോഷ് ട്രോഫി ടീമിന്റെ പരിശീലകൻ. ഹാരി ബെന്നിയാണ് സഹപരിശീലകൻ. എം.വി.നെൽസൺ ഗോൾകീപ്പിങ് കോച്ച്. സംസ്ഥാന സീനിയർ ചാംപ്യൻഷിപ്പിൽനിന്ന് തിരഞ്ഞെടുത്തവരും കേരള പൊലീസിൽനിന്നുള്ള താരങ്ങളുമാണ് ആദ്യഘട്ട ക്യാംപിലുള്ളത്. സൂപ്പർലീഗ് കേരള നവംബർ പത്തിന് കഴിയുന്നതോടെ ലീഗിലെ ചില പ്രധാന താരങ്ങളും ക്യാംപിൽ ചേരും. ഗനി അഹമ്മദ് നിഗം, അബ്‌ദുൽ ഹക്കു, അർജുൻ ജയരാജ് തുടങ്ങി സൂപ്പർ ലീഗിലെ മിന്നുംതാരങ്ങൾ സന്തോഷ് ട്രോഫി ടീമിൽ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ 18നുള്ളിൽ അന്തിമ ടീമിനെ പ്രഖ്യാപിക്കും.