ലെസ്റ്റർ സിറ്റിയെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്, ആർസനൽ– ചെൽസി സമനില; ലാലിഗയിൽ ബാർസയെ വീഴ്ത്തി റയൽ സോസിദാദ്
Mail This Article
മഡ്രിഡ്∙ ബദ്ധവൈരികളായ എൽ ക്ലാസിക്കോയിലെ തകർപ്പൻ വിജയത്തിനു പിന്നാലെ ചാംപ്യൻസ് ലീഗിലും വൻ വിജയം നേടി കുതിച്ചുപാഞ്ഞ ബാർസിലോനയ്ക്ക്, സ്പാനിഷ് ലാലിഗയിൽ കനത്ത തിരിച്ചടി. തുടർവിജയങ്ങളുമായി മുന്നേറിയ ഹാൻസി ഫ്ലിക്കിന്റെ ടീമിന് ഈ സീസണിൽ ലാലിഗയിലെ രണ്ടാമത്തെ തോൽവി. താരതമ്യേന ദുർബലരായ റയൽ സോസിദാദാണ് ബാർസയെ വീഴ്ത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് സോസിദാദിന്റെ വിജയം. 33–ാം മിനിറ്റിൽ ഷെറാൾഡോ ബെക്കർ നേടിയ ഗോളാണ് റയൽ സോസിദാദിന് വിജയം സമ്മാനിച്ചത്.
ആദ്യപകുതിയിൽ റോബർട്ട് ലെവൻഡോവ്സ്കി ബാർസയ്ക്കായി ലക്ഷ്യം കണ്ടെങ്കിലും, റഫറി ഓഫ്സൈഡ് വിളിച്ചത് തിരിച്ചടിയായി. യുവതാരം ലമീൻ യമാൽ പരുക്കുമൂലം കളിക്കാതിരുന്നതും ബാർസയുടെ പ്രകടനത്തെ ബാധിച്ചു. സീസണിലെ രണ്ടാമത്തെ മാത്രം തോൽവി വഴങ്ങിയെങ്കിലും, 13 മത്സരങ്ങളിൽനിന്ന് 33 പോയിന്റുമായി ബാർസ തന്നെയാണ് മുന്നിൽ. ഒരു മത്സരം കുറച്ചുകളിച്ച റയൽ മഡ്രിഡ് 27 പോയിന്റുമായി രണ്ടാമതുണ്ട്.
മറ്റ മത്സരങ്ങളിൽ അത്‍ലറ്റിക്കോ മഡ്രിഡ് മയ്യോർക്കയെയും (1–0), ജിറോണ ഗെറ്റഫയെയും (1–0) തോൽപ്പിച്ചു. റയൽ ബെറ്റിസ് – സെൽറ്റ വിഗോ മത്സരവും (2–2), റയൽ വല്ലാദോലിദ് – അത്‌ലറ്റിക് ക്ലബ് മത്സരവും (1–1) സമനിലയിൽ അവസാനിച്ചു.
∙ വിജയക്കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്
ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ പരിശീലകൻ ടെൻ ഹാഗ് പുറത്തായതു മുതൽ മികച്ച പ്രകടനം തുടരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, ലെസ്റ്റർ സിറ്റിയേയും വീഴ്ത്തി വിജയക്കുതിപ്പ് തുടരുന്നു. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് യുണൈറ്റഡിന്റെ വിജയം. ബ്രൂണോ ഫെർണാണ്ടസ് (17–ാം മിനിറ്റ്), അലെജാൻദ്രോ ഗർനാച്ചോ (82) എന്നിവരാണ് യുണൈറ്റഡിനായി ഗോൾ നേടിയത്. ഒരു ഗോൾ ലെസ്റ്റർ സിറ്റി താരം വിക്ടർ ക്രിസ്റ്റ്യൻസന്റെ സെൽഫ് ഗോളാണ്. 39–ാം മിനിറ്റിലായിരുന്നു ഈ ഗോൾ.
മാഞ്ചസ്റ്റർ യുണൈറ്റഡ് ജഴ്സിയിൽ ബ്രൂണോ ഫെർണാണ്ടസിന്റെ 250–ാം മത്സരത്തിലാണ് ടീം തകർപ്പൻ വിജയം നേടിയത്. ആദ്യഗോൾ നേടിയ വിജയത്തിലേക്കുള്ള കുതിപ്പിന് തുടക്കമിട്ടതും ബ്രൂണോ തന്നെ. താൽക്കാലിക പരിശീലകനെന്ന നിലയിൽ റൂഡ് വാൻ നിസ്റ്റൽറൂയിക്കും വിജയത്തോടെ സ്ഥിരം പരിശീലക ചുമതല റൂബൻ അമോറിമിനു കൈമാറാം.
ലീഗിലെ കരുത്തൻമാരുടെ പോരാട്ടത്തിൽ ചെൽസിയും ആർസനലയും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ചെൽസിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. 60–ാം മിനിറ്റിൽ ബ്രസീൽ താരം ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഗോളിൽ മുന്നിൽക്കയറിയ ആർസനലിനെ, 70–ാം മിനിറ്റിൽ പെഡ്രോ നെറ്റോയുടെ ലോങ്റേഞ്ചർ ഗോളിലാണ് ചെൽസി സമനിലയിൽ തളച്ചത്.
മറ്റു മത്സരങ്ങളിൽ ന്യൂകാസിൽ യുണൈറ്റഡ് നോട്ടിങ്ങം ഫോറസ്റ്റിനെയും (3–1), ഇപ്സ്‌വിച്ച് ടൗൺ ടോട്ടനം ഹോട്സ്‌പറിനെയും (2–1) തോൽപ്പിച്ചു. ജയിച്ചെങ്കിലും 11 കളികളിൽനിന്ന് നാലു ജയവും മൂന്ന് സമനിലയും സഹിതം 15 പോയിന്റുമായി 13–ാം സ്ഥാനത്താണ് യുണൈറ്റഡ്. 19 പോയിന്റുമായി ചെൽസി മൂന്നാമതും 19 പോയിന്റുള്ള ആർസനൽ ഗോൾശരാശരിയിൽ പിന്നിലായതിനാൽ നാലാമതുമാണ്.