മെസ്സി നയിച്ചിട്ടും അർജന്റീനയ്ക്ക് തോൽവി, പിന്നിൽനിന്ന് തിരിച്ചടിച്ച് പാരഗ്വായ്; ബ്രസീലിന് സമനില മാത്രം
Mail This Article
അസുൻസിയോൻ (പാരഗ്വായ്)∙ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ അർജന്റീനയ്ക്കു തോൽവി. പാരഗ്വായ് 2-1നാണ് ലയണൽ മെസ്സി നയിച്ച ടീമിനെ തകർത്തുവിട്ടത്. പാരഗ്വായുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ, അന്റോണിയോ സനബ്രിയ (19–ാം മിനിറ്റ്), ഒമർ ആൽഡെരെറ്റ് (47) എന്നിവരാണ് എന്നിവരാണ് ആതിഥേയർക്കായി ലക്ഷ്യം കണ്ടത്. 11–ാം മിനിറ്റിൽ ലൊതാരോ മാർട്ടിനസിലൂടെ മുന്നിലെത്തിയ ശേഷമായിരുന്നു അർജന്റീന കളി കൈവിട്ടത്.
തോറ്റെങ്കിലും 11 മത്സരങ്ങളിൽനിന്ന് 22 പോയിന്റുമായി അർജന്റീന തന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. പാരഗ്വായ് ആറാമതു തുടരുകയാണ്. ലോകകപ്പ് ക്വാളിഫയറിൽ പാരഗ്വായ് ആദ്യമായാണ് അർജന്റീനയെ തോൽപിക്കുന്നത്. 2008 ന് ശേഷം പാരഗ്വായ് ആദ്യമായാണ് അഞ്ച് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ തോൽവി അറിയാതെ മുന്നേറുന്നത്. രണ്ടു മാസത്തിനിടെ കരുത്തരായ ബ്രസീലിനെയും അർജന്റീനയെയും തോൽപിക്കാനും പാരഗ്വായ്ക്കു സാധിച്ചു.
മറ്റൊരു മത്സരത്തിൽ ബ്രസീലിനെ വെനസ്വേല സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ച മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് ബ്രസീലായിരുന്നു. 43–ാം മിനിറ്റിൽ റാഫിഞ്ഞ ബ്രസീലിനായി ഗോളടിച്ചു. തൊട്ടുപിന്നാലെ 46–ാം മിനിറ്റിൽ ടെലാസ്കോ സെഗോവിയ വെനസ്വേലയുടെ സമനില ഗോൾ കണ്ടെത്തി.
62–ാം മിനിറ്റില്‍ വിനീസ്യൂസ് ജൂനിയർ പെനാൽറ്റി കിക്ക് പാഴാക്കി. വെനസ്വേല ഗോളി റോമോ വിനീസ്യൂസിനെ ഫൗൾ ചെയ്തതിനാണ് വാർ പരിശോധനകൾക്കു ശേഷം റഫറി പെനാൽറ്റി അനുവദിച്ചത്. എന്നാൽ ബ്രസീല്‍ താരത്തിന്റെ ഷോട്ട് വെനസ്വേല ഗോളി തടയുകയായിരുന്നു. സമനില വഴങ്ങിയതോടെ 11 മത്സരങ്ങളിൽനിന്ന് 17 പോയിന്റുമായി ബ്രസീൽ പട്ടികയിൽ മൂന്നാം സ്ഥാനത്തു തുടരുകയാണ്.