ഇൻജറി ടൈം ഗോളിൽ സ്വിറ്റ്സർലൻഡിനെ വീഴ്ത്തി സ്പെയിൻ; പോർച്ചുഗലിനെ തളച്ച് ക്രൊയേഷ്യ ക്വാർട്ടറിൽ
Mail This Article
മഡ്രിഡ്∙ ഇൻജറി ടൈമിൽ ലഭിച്ച പെനൽറ്റിയുടെ കരുത്തിൽ യുവേഫ നേഷൻസ് ലീഗിൽ സ്വിറ്റ്സർലൻഡിനെ വീഴ്ത്തി സ്പെയിൻ. ആവേശകരമായ മത്സരത്തിൽ 3–2നാണ് സ്പെയിനിന്റെ വിജയം. മറ്റൊരു മത്സരത്തിൽ കരുത്തരായ പോർച്ചുഗലും ക്രൊയേഷ്യയും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ഇതോടെ പോർച്ചുഗലിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായി ക്രൊയേഷ്യയും ക്വാർട്ടർ ഉറപ്പിച്ചു.
സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ യെറെമി പിനോ (32–ാം മിനിറ്റ്), ബ്രയാൻ ഗിൽ (68–ാം മിനിറ്റ്), ബ്രയാൻ സരഗോസ (90+3, പെനൽറ്റി) എന്നിവരാണ് സ്പെയിനായി ലക്ഷ്യം കണ്ടത്. സ്വിറ്റ്സർലൻഡിന്റെ ഗോളുകൾ ജോയൽ മൊണ്ടെയ്റോ (63), ആൻഡി ഷെക്കീരി (85, പെനൽറ്റി) എന്നിവർ നേടി. തോൽവിയോടെ ഗ്രൂപ്പിൽ ഒരു ജയം പോലും നേടാനാകാതെ സ്വിറ്റ്സർലൻഡ് അവസാന സ്ഥാനക്കാരായി ഗ്രൂപ്പ് ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. ഇതേ ഗ്രൂപ്പിൽ സെർബിയയെ ഗോൾരഹിത സമനിലയിൽ തളച്ച് ഡെൻമാർക്കും ക്വാർട്ടറിലെത്തി. മൂന്നാം സ്ഥാനക്കാരായ സെർബിയ തരംതാഴ്ത്തൽ ഒഴിവാക്കാൻ പ്ലേഓഫ് കളിക്കണം.
നേരത്തേതന്നെ ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചിരുന്നതിനാൽ, സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ളവർക്ക് വിശ്രമം അനുവദിച്ചാണ് പോർച്ചുഗൽ ക്രൊയേഷ്യയെ നേരിട്ടത്. 33–ാം മിനിറ്റിൽ ജാവോ ഫെലിക്സ് നേടിയ ഗോളിൽ മുന്നിൽക്കയറിയ പോർച്ചുഗലിനെ, 65–ാം മിനിറ്റിൽ ജോസ്കോ ഗ്വാർഡിയോൾ നേടിയ ഗോളിലാണ് ക്രൊയേഷ്യ തളച്ചത്. ഇതോടെ, ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായി ക്രൊയേഷ്യ ക്വാർട്ടറിലേക്ക് മുന്നേറി.
ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പോളണ്ടിനെ 2–1ന് അട്ടിമറിച്ച് സ്കോട്‌ലൻഡ് തരംതാഴ്ത്തലിൽനിന്ന് തൽക്കാലം രക്ഷപ്പെട്ടു. ഇൻജറി ടൈമിൽ ക്യാപ്റ്റൻ റോബർട്സൻ നേടിയ ഗോളിലാണ് സ്കോട്‌ലൻഡിന്റെ ജയം. ആദ്യ ഗോൾ മൂന്നാം മിനിറ്റിൽ ജോൺ മക്‌ഗിൻ നേടി. പോളണ്ടിന്റെ ആശ്വാസഗോൾ 59–ാം മിനിറ്റിൽ കാമിൽ പിയാറ്റ്‌കോവ്സ്കി നേടി. ഈ തോൽവിയോടെ നാലാം സ്ഥാനക്കാരായി പോളണ്ട് ഗ്രൂപ്പ് ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. സ്കോട്‌ലൻഡിന് തരംതാഴ്ത്തൽ ഒഴിവാക്കാൻ പ്ലേഓഫ് കളിക്കാം.
മറ്റു മത്സരങ്ങളിൽ കൊസോവോ ലിത്വാനിയയെയും (1–0), റുമാനിയ സൈപ്രസിനെയും (4–1), സാൻ മരീനോ ലിച്ചെൻസ്റ്റെയിനെയും (3–1) തോൽപ്പിച്ചു. ബൾഗേറിയ – ബെലാറൂസ് മത്സരവും (1–1), ലക്സംബർഗ് – നോർത്തേൺ അയലൻഡ് മത്സരവും (2–2) സമനിലയിൽ അവസാനിച്ചു.