ADVERTISEMENT

കൊച്ചി∙ കഴിഞ്ഞ മത്സരത്തിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പിഴവുകൾ തിരുത്തി തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങൾ കാട്ടിയ കേരള ബ്ലാസ്റ്റേഴ്സ്, ദിവസങ്ങൾക്കിപ്പുറം വീണ്ടും ആ പഴയ കേരള ബ്ലാസ്റ്റേഴ്സായി. ചെന്നൈയിൻ എഫ്‍സിക്കെതിരായ മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടിയ ശേഷം ഗോൾകീപ്പറുടെ പിഴവിൽ ഗോൾ വഴങ്ങുന്ന പതിവിലേക്കും ടീം മടങ്ങിപ്പോയി. ഫലം, എഫ്‍സി ഗോവയ്ക്കെതിരായ ഐഎസ്എൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ആദ്യ പകുതിയിൽ ബോറിസ് സിങ് നേടിയ ഗോളാണ് എഫ്‍സി ഗോവയ്ക്ക് വിജയം സമ്മാനിച്ചത്. 40–ാം മിനിറ്റിലാണ് ബോറിസ് സിങ് ഗോവയ്ക്കായി ലക്ഷ്യം കണ്ടത്.

ഒൻപതു മത്സരങ്ങളിൽനിന്ന് നാലാം ജയം കുറിച്ച എഫ്സി ഗോവ, 15 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. പഞ്ചാബ് എഫ്‍സിക്കും 15 പോയിന്റാണെങ്കിലും ഗോൾശരാശരിയിലെ മികവിലാണ് അവർ മുന്നിൽ നിൽക്കുന്നത്. സീസണിലെ അഞ്ചാം തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് 11 പോയിന്റുമായി ഒൻപതാം സ്ഥാനത്തു തുടരുന്നു. സീസണിൽ ബ്ലാസ്റ്റേഴ്സ് 10 മത്സരവും പൂർത്തിയാക്കി. ബ്ലാസ്റ്റേഴ്സിനു പിന്നിലുള്ള മൂന്നു ടീമുകൾ എട്ടും ഒരു ടീം ഏഴു മത്സരങ്ങളും മാത്രമേ കളിച്ചിട്ടുള്ളൂ.

ഗോൾ വന്ന വഴി: വലതുവിങ്ങിൽ സഹിൽ ടവോറയിൽനിന്ന് ലഭിച്ച പന്തുമായി ബോറിസ് സിങ്ങിന്റെ മുന്നേറ്റം. വലതുവിങ്ങിൽ നിന്നുള്ള ക്രോസ് മുന്നിൽക്കണ്ട് ബോക്സിനുള്ളിലേക്ക് ഓടിക്കയറിയ ഗോവൻ താരങ്ങളെ തടയാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധം ശ്രമിക്കുന്നതിനിടെ, ബോക്സിനുള്ളിൽ കടന്ന് ബോറിസ് പന്ത് പോസ്റ്റിലേക്ക് ലക്ഷ്യം വച്ചു. ഡൈവ് ചെയ്ത ഗോൾകീപ്പർ സച്ചിൻ സുരേഷിലേക്ക് പന്ത് എത്തിയെങ്കിലും, കയ്യിൽ തട്ടി പന്ത് നേരെ വലയിൽ. സ്കോർ 1–0.

പീരങ്കി വെടിയേറ്റതു പോലെ തകർന്നു പോയ പ്രതിരോധ നിര പുതുക്കിപ്പണിതു ‘സെറ്റ്’ ആക്കിയാണു ചെന്നൈയിൻ എഫ്സിയെ ബ്ലാസ്റ്റേഴ്സ് മറികടന്നതെങ്കിൽ, ഈ മത്സരത്തിൽ എല്ലാം പഴയ പടിയായ ലക്ഷണങ്ങളോടെയാണ് മത്സരം പൂർത്തിയായത്. ഗോവൻ മുന്നേറ്റത്തിന്റെ തുടർച്ചയായ ആക്രമണങ്ങളിൽ പലപ്പോഴും ആടിയുലഞ്ഞ ബ്ലാസ്റ്റേഴ്സ് പ്രതിരോധം, കൂടുതൽ ഗോൾ വഴങ്ങാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രം.

English Summary:

Kerala Blasters FC Vs FC Goa, ISL 2024-25 Match- Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com