ADVERTISEMENT

സന്തോഷ് ട്രോഫി ഫുട്ബോളിൽ 8–ാം കിരീടം ലക്ഷ്യമിട്ടുള്ള കേരളത്തിന്റെ യാത്രയ്ക്കു വെടിക്കെട്ട് വിജയത്തോടെ തുടക്കം. കഴിഞ്ഞ തവണത്തെ 2–ാം സ്ഥാനക്കാരായ ഗോവയെ ഇന്നലെ ആദ്യ മത്സരത്തിൽ കേരളം 4–3നു തോൽപിച്ചു. ആദ്യാവസാനം ത്രില്ലർ മോഡിലായിരുന്നു കളി. ഇൻജറി ടൈമിന്റെ അവസാനം വരെ കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയാണ് കേരളം ആദ്യവിജയം പോക്കറ്റിലാക്കിയത്. കേരളത്തിനായി പി.ടി.മുഹമ്മദ് റിയാസ്, നസീബ് റഹ്മാൻ, മുഹമ്മദ് അജ്സൽ, ക്രിസ്റ്റി ഡേവിസ് എന്നിവരാണു ഗോൾ നേടിയത്.

കളി തുടങ്ങി ഒന്നര മിനിറ്റിനകം ഗോവ ലക്ഷ്യം കണ്ടു. നിജൽ ഫെർണാണ്ടസാണ് ഗോൾ നേടിയത്. പക്ഷേ 33–ാം മിനിറ്റിനകം കേരളം 3 ഗോളുകൾ ഗോവയുടെ വലയിൽ അടിച്ചുകയറ്റിയിരുന്നു. ഇതോടെ ഗോവൻ പ്രതിരോധം ചിന്നിച്ചിതറിയെങ്കിലും നിജലിനു പകരക്കാരനായി രണ്ടാം പകുതിയിലിറങ്ങി 2 ഗോളുകൾ നേടിയ ഷൂബർട്ട് ജോനാസ് പെരേരയുടെ ആക്രമണമാണ് ഗോവയെ കളിയിലേക്കു തിരികെയെത്തിച്ചത്. നാളെ രാത്രി 7.30ന് മേഘാലയയ്ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

15–ാം മിനിറ്റിൽ പി.ടി. മുഹമ്മദ് റിയാസ് കേരളത്തിന്റെ ആദ്യഗോൾ മടക്കി. ഇടതുവശത്തുകൂടി കയറിവന്ന മുഹമ്മജ് അജ്സൽ നൽകിയ പാസ് പോസ്റ്റിനുമുന്നിൽനിന്ന് റിയാസ് ഗോളാക്കിമാറ്റി. പക്ഷേ, പാലക്കാട് സ്വദേശിയായ കാലിക്കറ്റ് എഫ്സി താരം റിയാസിന് 18–ാം മിനിറ്റിലും 26–ാം മിനിറ്റിലും ലഭിച്ച അവസരങ്ങൾ ഗോളാക്കാൻ കഴിഞ്ഞതുമില്ല.

27–ാം മിനിറ്റിൽ കേരളത്തിന്റെ ബോക്സിൽനിന്നു മൈതാന മധ്യത്തിലേക്കു നീട്ടി നൽകിയ പന്ത് ഏറ്റുവാങ്ങിയ മുഹമ്മദ് അജ്സൽ കുതിച്ചുകയറി. പിന്നാലെ ഓടിയെത്താൻ ശ്രമിച്ച ഗോവയുടെ പ്രതിരോധനിരതാരം ജോസഫ് ക്ലെമന്റിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഗോളി ആന്റോണിയോ സിൽവയെ മറികടന്ന് ഗോവൻ വലയിലേക്ക് കോഴിക്കോട് സ്വദേശി അജ്സൽ നിറയൊഴിച്ചു. കേരളം 2–1നു മുന്നിൽ.

32–ാം മിനിറ്റിൽ മുഹമ്മദ് മുഷറഫ് നൽകിയ പാസ് അജ്സൽ ബോക്സിലേക്കു നൽകി. പന്തു സ്വീകരിച്ച പാലക്കാട് സ്വദേശി ഈസ്റ്റ് ബംഗാൾ താരം നസീബ് റഹ്മാൻ ലളിത മനോഹരമായി ഗോളാക്കി (3–1). 69–ാം മിനിറ്റിൽ ഗനി അഹമ്മദ് നിഗം ഗോവയുടെ ബോക്സിനുള്ളിലേക്ക് ഇടതുവശത്തുനിന്നു നൽകിയ പാസ് വി. അർജുൻ ക്രിസ്റ്റി ഡേവിസിനു കൈമാറി. രണ്ടു പ്രതിരോധനിര താരങ്ങളെയും ഗോളിയെയും മറികടന്ന തൃശൂ‍ർ ചാലക്കുടി സ്വദേശി ക്രിസ്റ്റി ഡേവിസ് കേരളത്തിന്റെ നാലാം ഗോൾ നേടി (4–1).

കേരളം തുടർച്ചയായി ഗോൾ നേടുന്നതിനിടെ ഗോവ നിജൽ ഫെർണാണ്ടസിനു പകരം ഷൂബർട്ട് പെരേരയെ കളത്തിലിറക്കിയിരുന്നു. അവസാന 25 മിനിറ്റിൽ ഗോവ പൊരുതി ജയിക്കാൻ ശ്രമം തുടങ്ങി. കേരളത്തിന്റെ പ്രതിരോധത്തിലെ പാളിച്ച മുതലെടുത്ത് 78–ാം മിനിറ്റിലും 86–ാം മിനിറ്റിലും ഷൂബർട്ട് പെരേര നേടിയ ഗോളുകളിൽ ഗോവ തിരിച്ചുവരവ് സ്വപ്നം കണ്ടു. ഇൻജറി ടൈമിൽ ഒരു ഗോൾകൂടി നേടാൻ ഗോവ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലിച്ചില്ല. ആദ്യാവസാനം കളം നിറഞ്ഞു കളിച്ച പി.ടി.മുഹമ്മദ് റിയാസാണ് കളിയിലെ താരം.

ഗ്രൂപ്പ് ബിയിലെ മറ്റു കളികളിൽ,  തമിഴ്നാടും മേഘാലയയും സമനിലയിൽ പിരിഞ്ഞു (2–2).  ഡൽഹി 2–0ന് ഒഡീഷയെ തോൽപിച്ചു. മേഘാലയയ്ക്കെതിരെ ആദ്യ പകുതിയിൽ തമിഴ്നാട് 2–0നു മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ  ദമൻഭലാങ് ചൈനിന്റെ ഡബിളിൽ മേഘാലയ സമനില നേടി.  ഒഡീഷയ്ക്കെതിരെ ജയ്ദീപ് സിങ്, റോമിങ്താൻക എന്നിവരാണു ഡൽഹിയുടെ ഗോളുകൾ നേടിയത്.

English Summary:

Kerala Vs Goa, Santosh Trophy 2024 Match - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com