ഫിഫ ദ് ബെസ്റ്റ്: വിനീസ്യൂസ് പുരുഷ താരം, ബോണ്മറ്റിക്ക് വനിതാ പുരസ്കാരം, മികച്ച ഗോൾ അലെജാന്ത്രോ ഗർനാച്ചോയുടേത്

Mail This Article
ദോഹ∙ ഫിഫ ദ് ബെസ്റ്റ്, പുരുഷ താരമായി ബ്രസീലിന്റെ യുവ സ്ട്രൈക്കർ വിനീസ്യൂസ് ജൂനിയർ. ലയണൽ മെസ്സി, കിലിയൻ എംബപെ, എർലിങ് ഹാളണ്ട്, ജൂഡ് ബെല്ലിങ്ങാം തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് ബ്രസീലിയൻ യുവതാരം നേട്ടം സ്വന്തമാക്കിയത്. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനായി കഴിഞ്ഞ സീസണിൽ ലാ ലിഗ, ചാംപ്യൻസ് ലീഗ് കിരീടങ്ങൾ ഉയർത്തിയ താരമാണ് വിനിസ്യൂസ്. മികച്ച വനിതാ താരമായി ബാർസിലോനയുടെ സ്പാനിഷ് താരം അയ്റ്റാന ബോണ്‍മാറ്റി തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി രണ്ടാം തവണയാണ് ബോൺമാറ്റിയുടെ പുരസ്കാര നേട്ടം. ഈ വർഷത്തെ ബലോൻ ദ് ഓര്‍ വനിതാ പുരസ്കാരവും ബോൺമാറ്റി സ്വന്തമാക്കിയിരുന്നു.
ഫിഫ പുതുതായി ഏർപ്പെടുത്തിയ മാർത്ത പുരസ്കാരം ബ്രസീലിന്റെ ഇതിഹാസ താരം മാർത്ത നേടി. 2024 ലെ വനിതാ ഫുട്ബോളിലെ മികച്ച ഗോളിനാണ് ഈ പുരസ്കാരം നൽകുന്നത്. സ്വന്തം പേരിലുള്ള പുരസ്കാരം ബ്രസീൽ താരം തന്നെ വിജയിച്ചു എന്ന അപൂർവതയും ഈ നിമിഷത്തിനുണ്ട്. മികച്ച പുരുഷ ഗോൾ കീപ്പർക്കുള്ള പുരസ്കാരം അർജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസ് വിജയിച്ചു. മൂന്നു വർഷത്തിനിടെ രണ്ടാം തവണയാണ് അർജന്റീന താരം ഗോൾ കീപ്പർക്കുള്ള പുരസ്കാരം സ്വന്തമാക്കുന്നത്.
മികച്ച ഗോളിനുള്ള പുസ്കസ് പുരസ്കാരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റീന താരം അലെജാന്ത്രോ ഗർനാച്ചോ സ്വന്തമാക്കി. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ എവർടനെതിരെ നേടിയ ഗോളാണ് യുണൈറ്റഡ് താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. എക്കാലത്തും ഓർത്തു വയ്ക്കാൻ സാധിക്കുന്ന ഗോളാണ് ഇതെന്നും പിന്തുണയ്ക്കു നന്ദിയുണ്ടെന്നും ഗര്‍നാച്ചോ പ്രതികരിച്ചു.
റയൽ മഡ്രിഡിന്റെ മാനേജർ കാർലോ ആൻസലോട്ടിയാണ് മികച്ച പുരുഷ ടീം കോച്ച്. ഫെയർ പ്ലേ പുരസ്കാരം ബ്രസീലിന്റെ തിയാഗോ മിയ സ്വന്തമാക്കി. 2024 ലെ മികച്ച വനിതാ ഗോൾ കീപ്പർക്കുള്ള പുരസ്കാരം യുഎസിന്റെ അലിസ നെഹർ വിജയിച്ചു. പാരിസ് ഒളിംപിക്സിൽ വനിതാ ഫുട്ബോളിൽ സ്വർണം നേടിയ യുഎസ് ടീമിന്റെ പരിശീലകയായ എമ്മ ഹായെസാണ് വനിതാ കോച്ച്. റയൽ മഡ്രിഡും പച്ചൂക്കയും തമ്മിൽ നടക്കുന്ന ഇന്റർകോണ്ടിനന്റൽ കപ്പ് ഫുട്ബോൾ ഫൈനലിനോട് അനുബന്ധിച്ചാണു പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.