ADVERTISEMENT

കൊച്ചി∙ തോൽവികളും പരിശീലകൻ മൈക്കൽ സ്റ്റാറെയുടെ പുറത്താകലും മറക്കാൻ ആരാധകർക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ക്രിസ്മസ് സമ്മാനം. കൊച്ചിയിലെ നിർണായക മത്സരത്തിൽ മുഹമ്മദന്‍ എസ്‌സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു ബ്ലാസ്റ്റേഴ്സ് തോൽപിച്ചു. നോവ സദൂയി (80–ാം മിനിറ്റ്), അലെക്സാണ്ടർ കോഫ് (90) എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ സ്കോറർമാർ. 62–ാം മിനിറ്റിൽ മുഹമ്മദൻ ഗോളി ഭാസ്കർ റോയിയുടെ സെൽഫ് ഗോളും ബ്ലാസ്റ്റേഴ്സിനെ തുണച്ചു. സീസണിലെ നാലാം വിജയത്തോടെ 14 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ്.

മത്സരത്തിൽ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യമായിരുന്നു. ആദ്യ പകുതിയുടെ അധിക സമയത്ത് ലഭിച്ച സുവർണാവസരം പാഴാക്കിയത് ബ്ലാസ്റ്റേഴ്സ് ആരാധകർക്കു നിരാശയായി. പന്തുമായി മുഹമ്മദൻ ബോക്സിലേക്കു കുതിച്ച ക്വാമെ പെപ്ര നൽകിയ പന്ത് ലൂണയിലേക്കും അവിടെനിന്ന് നോവ സദൂയിയിലേക്കും എത്തി. നോവയുടെ പാസിൽ കോറു സിങ് ലക്ഷ്യം കാണാൻ ശ്രമിച്ചെങ്കിലും പന്ത് പോസ്റ്റിൽ തട്ടിത്തെറിച്ചു. റീബൗണ്ടിൽ പെപ്രയുടെ ഷോട്ട് പുറത്തേക്കു പോയി.

62–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയൻ ലൂണ എടുത്ത കോർണറാണ് ആദ്യ ഗോളിൽ‍ കലാശിച്ചത്. ബ്ലാസ്റ്റേഴ്സിന്റെയും മുഹമ്മദൻസിന്റെയും താരങ്ങൾക്കു മുകളിലൂടെ മുഹമ്മദന്‍ ഗോളി ഭാസ്കര്‍ റോയിയുടെ കൈകളിലാണ് പന്തെത്തിയത്. പന്ത് പഞ്ച് ചെയ്ത് അകറ്റാന്‍ റോയ് ശ്രമിച്ചെങ്കിലും ടൈമിങ് തെറ്റിയതോടെ സ്വന്തം ഗോള്‍ പോസ്റ്റിലേക്കാണു പോയത്. സ്കോർ 1–0. 76–ാം മിനിറ്റിൽ തകർപ്പന്‍ ഹെഡറിലൂടെ പെപ്ര വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. എന്നാൽ 80–ാം മിനിറ്റിൽ‍ ബ്ലാസ്റ്റേഴ്സ് ലീഡ് രണ്ടാക്കി. കോറു സിങ് ഉയർത്തി നൽകിയ പന്ത് ബോക്സിനു വെളിയില്‍വച്ച് ഹെഡ് ചെയ്ത് വലയിലെത്തിച്ചു നോഹ സദൂയി.

83–ാം മിനിറ്റിൽ നോവ വീണ്ടും ലക്ഷ്യം കണ്ടെങ്കിലും റഫറി ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തി. പക്ഷേ അത് ഓഫ് സൈഡ് ആയിരുന്നില്ലെന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നു. 90–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയൻ ലൂണ സമാന്തരമായി നീട്ടി നൽകിയ പാസിൽ പിഴവുകളില്ലാതെ ലക്ഷ്യം കണ്ട് പ്രതിരോധ താരം കോഫ് ബ്ലാസ്റ്റേഴ്സിനായി മൂന്നാം ഗോളും നേടി. ഇതോടെ ഗാലറിയിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ വിജയാഘോഷവും തുടങ്ങി.

English Summary:

Kerala Blasters vs Mohammedan SC Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com