തെക്കുവടക്കൻ പോരാട്ടം
Mail This Article
സന്തോഷ് ട്രോഫി സെമിഫൈനലിലെത്താൻ കേരളത്തിന് ഇന്നു വേണ്ടത് ഒരു ‘ലോങ്പാസ്’ ജയം. ക്വാർട്ടർ ഫൈനലിൽ കേരളത്തിന്റെ ഇന്നത്തെ എതിരാളികൾ ഏറെ അകലെ നിന്നാണ്; ജമ്മു കശ്മീർ. രാജ്യത്തിന്റെ രണ്ടറ്റങ്ങളിലുള്ള സംസ്ഥാനങ്ങളുടെ തെക്കുവടക്കൻ പോര് ഡെക്കാൻ അരീനയിൽ ഇന്ന് ഉച്ച കഴിഞ്ഞ് 2.30ന്. രാത്രി 7.30ന് അവസാന ക്വാർട്ടർ ഫൈനലിൽ മേഘാലയ സർവീസസിനെ നേരിടും.
ക്രിസ്മസ് ദിനത്തിൽ രാവും പകലും ഹൈദരാബാദിൽ കനത്ത തണുപ്പായിരുന്നു. എന്നാൽ ഇന്നലെ രാവിലെ ചാറ്റൽമഴയെത്തി. അതു കൂസാതെയാണ് കേരളതാരങ്ങൾ രാവിലെ ഘാനാപുരിലെ സ്റ്റേഡിയം ഓഫ് ഹോപ്സ് മൈതാനത്ത് പരിശീലനത്തിനിറങ്ങിയത്. കോച്ച് ബിബി തോമസ് മുട്ടത്തും സഹപരിശീലകൻ ഹാരി ബെന്നിയും പരിശീലനം തുടങ്ങിയത് ത്രോബോൾ കളിപ്പിച്ചാണ്. മൂന്നു ഗോൾകീപ്പർമാർക്കും കടുത്ത പരിശീലനവുമായി എ.വി. നെൽസനുമുണ്ടായിരുന്നു.
സന്തോഷ് ട്രോഫിയിൽ ഇത്തവണ ഏറ്റവും കൂടുതൽ ഗോളുകൾ നേടുകയും കുറവ് ഗോളുകൾ വഴങ്ങുകയും ചെയ്തത് കേരളമാണ്. ഫൈനൽ റൗണ്ടിൽ 11 ഗോളുകളും യോഗ്യതാറൗണ്ടിൽ 18 ഗോളുമടക്കം 29 ഗോളുകളാണ് ക്യാപ്റ്റൻ ജി.സഞ്ജുവും സംഘവും നേടിയത്. ആകെ 4 ഗോളുകൾ മാത്രമാണ് വഴങ്ങിയത്.
2015നു ശേഷം ആദ്യമായാണ് കശ്മീർ ഫൈനൽറൗണ്ട്് കളിക്കാനിറങ്ങിയത്. സന്തോഷ് ട്രോഫിയിൽ 6 തവണ കേരളവും ജമ്മു കശ്മീരും ഏറ്റുമുട്ടിയിട്ടുണ്ട്. 6 തവണയും വിജയം കേരളത്തിനായിരുന്നു.
ബംഗാൾ, മണിപ്പുർ സെമിയിൽ
ഹൈദരാബാദ് ∙ സന്തോഷ് ട്രോഫി ഫുട്ബോളിൽ സെമിഫൈനലിൽ കടന്ന് ബംഗാളും മണിപ്പുരും. ഇന്നലെ നടന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ ബംഗാൾ 3–1ന് ഒഡീഷയെ തോൽപിച്ചു. 52–ാം തവണയാണ് ബംഗാൾ സന്തോഷ് ട്രോഫി സെമിയിലെത്തുന്നത്. എക്സ്ട്രാ ടൈമിലേക്കു നീണ്ട രണ്ടാം ക്വാർട്ടർ ഫൈനലിൽ ഡൽഹിയെ 5–2ന് തോൽപിച്ചാണ് മണിപ്പുർ സെമിയിലെത്തിയത്. 90 മിനിറ്റിൽ കളി 2–2 സമനിലയായിരുന്നു.