എവർട്ടനെതിരെ സിറ്റിക്ക് സമനില, സൂപ്പർ താരം എർലിങ് ഹാളണ്ട് പെനൽറ്റി കിക്ക് പാഴാക്കി
Mail This Article
ലണ്ടൻ ∙ സൂപ്പർ താരം എർലിങ് ഹാളണ്ട് പെനൽറ്റി കിക്ക് പാഴാക്കിയ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ എവർട്ടനോടാണ് സിറ്റി 1–1 സമനില വഴങ്ങിയത്. 14–ാം മിനിറ്റിൽ ബെർണാഡോ സിൽവയുടെ ഗോളിൽ സിറ്റി മുന്നിലെത്തിയെങ്കിലും 36–ാം മിനിറ്റിൽ ഇലിമാൻ എൻഡിയായെയുടെ ഗോളിൽ എവർട്ടൻ ഒപ്പമെത്തി.
53–ാം മിനിറ്റിൽ സിറ്റിക്ക് പെനൽറ്റി കിട്ടിയെങ്കിലും ഹാളണ്ടിന്റെ കിക്ക് എവർട്ടൻ ഗോളി ജോർദാൻ പിക്ക്ഫോർഡ് രക്ഷപ്പെടുത്തി. കഴിഞ്ഞ 7 മത്സരങ്ങളിൽ നിന്നായി ഒരു ഗോൾ മാത്രമാണ് ഹാളണ്ട് നേടിയിട്ടുള്ളത്. എല്ലാ ചാംപ്യൻഷിപ്പിലുമായി കഴിഞ്ഞ 13 മത്സരങ്ങളിൽ ഒന്നു മാത്രമാണ് സിറ്റി ജയിച്ചത്. പ്രിമിയർ ലീഗിൽ ഏഴാം സ്ഥാനത്തും യുവേഫ ചാംപ്യൻസ് ലീഗിൽ 22–ാം സ്ഥാനത്തുമാണ് പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന ക്ലബ്.
ലിവർപൂൾ ലെസ്റ്റർ സിറ്റിയെ 3–1ന് തോല്‍പിച്ചു. കോഡി ഗാക്പോ (45+1), കര്‍ട്ടിസ് ജോൺസ് (49), മുഹമ്മദ് സല (82) എന്നിവരാണ് ലിവർപൂളിനായി ലക്ഷ്യം കണ്ടത്. 28–ാം മിനിറ്റിൽ ആന്റണി എലങ്ക നേടിയ ഗോളിൽ നോട്ടിങ്ങാം ഫോറസ്റ്റ് ടോട്ടനത്തെ തോൽപിച്ചു.