പരിശീലകനെ മാറ്റിയിട്ടും ഫലമില്ല; ജംഷഡ്പുരിനെതിരെ അവസരങ്ങൾ പാഴാക്കി കേരള ബ്ലാസ്റ്റേഴ്സ് തോറ്റു (1–0)– വിഡിയോ
Mail This Article
എതിരാളികളെ തടയേണ്ടതിനു പകരം സ്വാഗതസംഘം പോലെ പ്രതിരോധനിര പെരുമാറിയപ്പോൾ ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് 1–0ന് ജംഷഡ്പുർ എഫ്സിക്കു മുന്നിൽ മുട്ടുകുത്തി. പ്രതീക് ചൗധരിയാണ് (61–ാം മിനിറ്റ്) ജംഷഡ്പുരിന്റെ ഗോൾസ്കോറർ. 3 പോയിന്റും തങ്ങളുടെ 150–ാം മത്സരത്തിൽ ജയവും സ്വന്തമാക്കി പോയിന്റ് പട്ടികയിൽ ജംഷഡ്പുർ നാലാം സ്ഥാനത്തേക്ക് (21 പോയിന്റ്) ഉയർന്നു.
14 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് 10–ാം സ്ഥാനത്തു തന്നെ. ജനുവരി 5ന് പഞ്ചാബ് എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
∙ പിഴവൊന്ന്, ഗോളായില്ല
ഭാരതപ്പുഴയിൽ പെൻഗ്വിനെ കാണാനുള്ള സാധ്യതയെക്കാൾ വിരളമാണ് ബ്ലാസ്റ്റേഴ്സിൽനിന്ന് അടച്ചുറപ്പുള്ള പ്രതിരോധം കാണാനാവുക. അതിന്റെ ആദ്യ ഉദാഹരണമായിരുന്നു 34–ാം മിനിറ്റ്. ബ്ലാസ്റ്റേഴ്സ് ആരാധകർക്കു നട്ടെല്ലിൽ വിറ കയറിയ നിമിഷം. വലതുവിങ്ങിൽനിന്ന് ബോക്സിലേക്കെത്തിയ ഹൈ ബോൾ കൈപ്പിടിയിലൊതുക്കാനുള്ള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ ശ്രമം പരാജയപ്പെട്ടു. പന്തു ചോർന്നു വീണത് ജംഷഡ്പുരിന്റെ മിഡ്ഫീൽഡർ ജാവി ഹെർണാണ്ടസിന്റെ മുന്നിൽ. ഗോളെന്നുറപ്പിച്ചിരിക്കെ, പന്ത് പുറത്തേക്കടിച്ച് ഹെർണാണ്ടസ് കരുണ കാണിച്ചു.
31–ാം മിനിറ്റിൽ ക്വാമെ പെപ്രയ്ക്കും അവസരം കിട്ടിയെങ്കിലും ഹെഡർ പുറത്തേക്കു പോയി. മത്സരത്തിന്റെ തുടക്കത്തിൽ ആക്രമണം ബ്ലാസ്റ്റേഴ്സിന്റെ കാലുകളിൽ നിന്നായിരുന്നു. ആദ്യ 20 മിനിറ്റിൽ ഏറ്റവുമധികം തവണ ഫൈനൽ തേഡിലേക്കെത്തിയതും മഞ്ഞപ്പട തന്നെ. എന്നാൽ പിന്നീട് ജംഷഡ്പുർ പതിയെ കളി സ്വന്തം വരുതിയിലാക്കി. പരുക്കുമൂലം പുറത്തിരുന്ന സ്ട്രൈക്കർ ഹെസൂസ് ഹിമെനെയുടെ അഭാവം ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിരയിൽ പ്രകടമായിരുന്നു.
∙ പിഴവ് 2, ഗോളായി
61–ാം മിനിറ്റിൽ ഗോൾകീപ്പർ തട്ടിയകറ്റിയ പന്ത്. സെക്കൻഡ് ബോൾ സ്വന്തം ബോക്സിലേക്കു തന്നെ ക്ലിയർ ചെയ്ത ബ്ലാസ്റ്റേഴ്സ് താരം കോറോസിങ്ങിന്റെ പിഴവിൽനിന്നാണ് ജംഷഡ്പുർ ഗോൾ നേടിയത്. കോറോ ക്ലിയർ ചെയ്ത പന്ത് ജംഷഡ്പുരിന്റെ സ്റ്റീഫൻ എസെയിലേക്കും അവിടെനിന്ന് പ്രതീക് ചൗധരിയുടെ ബൂട്ടിലൂടെ ഗോളിലേക്കും സഞ്ചരിച്ചു.
യഥാർഥത്തിൽ ഈ ഗോൾ ഒരു കലക്ടേഴ്സ് ഐറ്റമാണ്. എങ്ങനെ പ്രതിരോധിക്കരുത് എന്നതിന്റെയാണെന്നു മാത്രം. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സ് കൂടുതൽ ഗോൾ നേടിയിട്ടുള്ളതും തിരിച്ചടിച്ചിട്ടുള്ളതും എന്നതിനാൽ പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു. എന്നാൽ, ജംഷഡ്പുർ പ്രതിരോധം കടുപ്പിച്ചതോടെ പ്രതീക്ഷ ഫൈനൽ വിസിലിൽ പൊലിഞ്ഞു.