വെൽഡൺ ബോയ്സ്, സാരമില്ലെന്നേ..! നമ്മുടെ കുട്ടികൾ കസറുകയായിരുന്നു
Mail This Article
സാരമില്ലെന്നേ... സന്തോഷത്തിന് ഒരു കിരീടത്തിന്റെ കുറവുണ്ടെന്നേയുള്ളൂ. ഇത്തവണ സന്തോഷ് ട്രോഫി കേരള ഫുട്ബോളിനു നൽകുന്ന പ്രതീക്ഷകൾ ഏറെയാണ്. ഇമ്മിണി വലുതുമാണ്. ടൂർണമെന്റിലുടനീളം നമ്മുടെ കുട്ടികൾ കസറുകയായിരുന്നു. ഇതുപോലെ ഗോൾ അടിച്ചുകൂട്ടി ഓരോ കളിയും ജയിച്ചു ഫൈനലിലെത്തിയ ഒരു സീസൺ ഇതിനു മുൻപുണ്ടായിട്ടുണ്ടോ എന്നതും സംശയം.
മണിപ്പുരിനെയൊക്കെ തൂത്തെറിഞ്ഞു കലാശപ്പോരാട്ടത്തിലേക്കു കുതിച്ച ടീമിനു കപ്പ് അവകാശപ്പെട്ടതായിരുന്നു. എന്നാൽ, ഒരു ഗോളിന് എട്ടാം കിരീടമെന്ന സ്വപ്നം കൊഴിഞ്ഞുവീണു. തോൽവിയിൽ നിരാശയുണ്ടാകും. പക്ഷേ, മറുവശത്തു ബംഗാളാണെന്നതു കൂടി ഓർക്കണം. സന്തോഷ് ട്രോഫിയിലെ പുലികളെന്നു വിശേഷിപ്പിച്ചാൽ പോരാ,പുപ്പുലികളെന്നു പറയേണ്ട ടീമാണ് അവർ. കേരളത്തെപ്പോലെ സന്തോഷ് ട്രോഫി നേട്ടം അഭിമാനത്തോടെ നെഞ്ചേറ്റുന്നവരാണു ബംഗാളും. ഞാനും ‘ബംഗാളി’യായി ആ കുപ്പായമണിഞ്ഞ് ഈ ട്രോഫി നേടിയ ഒരാളാണ്. ലോകകപ്പ് നേടുന്ന ആവേശത്തിലാണ് അവർ ഈ വിജയത്തെ കാണുന്നത്.
കേരളത്തിന്റെ വിജയം കാണാനായില്ലെന്ന നിരാശയുണ്ടെങ്കിലും കോച്ച് ബിബി തോമസിന്റെയും സംഘത്തിന്റെ പടയോട്ടത്തിൽ ഞാൻ ഹാപ്പിയാണ്. പുതുവർഷരാവിൽ കിരീടത്തിന്റെ ആഘോഷം അകന്നിരിക്കാം, പക്ഷേ, ഭാവിയിൽ കേരളത്തിനു സന്തോഷം സമ്മാനിക്കാവുന്ന ഒട്ടേറെ നീക്കങ്ങളാണു ഹൈദരാബാദിലെ മൈതാനങ്ങളിൽ കണ്ടത്.
ഈ വിജയത്തിന്റെ ക്രെഡിറ്റ് സൂപ്പർ ലീഗ് കേരളയെന്ന നമ്മുടെ പുത്തൻ ലീഗിനു നൽകണം. കേരളം വീണ്ടും ഇന്ത്യൻ ഫുട്ബോളിനെ പ്രകാശിപ്പിക്കുന്ന തീപ്പന്തമാകണം എന്ന ലക്ഷ്യത്തോടെയാണ് സൂപ്പർലീഗ് അവതരിപ്പിക്കപ്പെട്ടത്. പ്രഫഷനൽ ടച്ചുള്ള ആ ലീഗിൽ കളിച്ച താരങ്ങളുടെ തിളക്കത്തിലാണ് ഈ സന്തോഷ് ട്രോഫിയിൽ കേരളം മിന്നിയത്.
എസ്എൽകെയുടെ ബ്രാൻഡ് അംബാസഡർമാരിൽ ഒരാളായ എനിക്കും അഭിമാനം തോന്നിയ പ്രകടനമാണു നമ്മുടെ ഭാവിതാരങ്ങൾ നടത്തിയത്. തോൽവിയിൽ നിരാശയുണ്ടാകാം. പക്ഷേ, തല കുനിക്കേണ്ട കാര്യമില്ല. വലിയ വേദികളും വിജയങ്ങളും നിങ്ങളെ കാത്തിരിക്കുന്നു....