സീസണിൽ ആദ്യമായി എവേ മാച്ചിൽ ഗോൾ വഴങ്ങാതെ ബ്ലാസ്റ്റേഴ്സ്, ‘ടീം വർക്’ ഫലിച്ചു; ഇനി 13നു കൊച്ചിയിൽ ഒഡീഷയ്ക്കെതിരെ
Mail This Article
കൊച്ചി ∙ ഡൽഹിയിലെ കടുത്ത പോരിൽ പഞ്ചാബ് സിംഹങ്ങളെ വീഴ്ത്തിയ ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇടക്കാല പരിശീലകൻ ടി.ജി.പുരുഷോത്തമൻ ‘വിജയ സൂത്രവാക്യം’ വെളിപ്പെടുത്തി:
‘‘ടീം വർക്, അതാണു പ്രധാനം! കഠിനമായിരുന്നു മത്സരം. 9 പേരിലേക്കു ചുരുങ്ങിയിട്ടും ടീം ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു. സാഹചര്യത്തിനൊത്തു കളിക്കാൻ കളിക്കാർക്കു കഴിഞ്ഞു.’’ പഞ്ചാബ് എഫ്സിക്കെതിരായ ജയം 13 നു കൊച്ചിയിൽ ഒഡീഷ എഫ്സിയെ നേരിടുന്ന ബ്ലാസ്റ്റേഴ്സിനു കരുത്താകും.
ക്ലീൻ ഡിഫൻസ്
പഞ്ചാബിനെ തോൽപിച്ചതോടെ 15 കളിയിൽ 17 പോയിന്റുമായി പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് ഒൻപതാം സ്ഥാനത്തെത്തി. സീസണിൽ ആദ്യമായി എവേ മൈതാനത്തു ഗോൾ വഴങ്ങാതെ മടങ്ങാൻ കഴിഞ്ഞുവെന്നതും നേട്ടം. പ്രതിരോധ നിര ആത്മവിശ്വാസം വീണ്ടെടുക്കുന്നു എന്ന ശുഭ സൂചനയാണു പഞ്ചാബിനെതിരെ തെളിഞ്ഞു കണ്ടത്.
ചുവപ്പു കാർഡുകളിലൂടെ മിലോസ് ഡ്രിൻസിച്ചും അയ്ബൻ ഡോലിങ്ങും പുറത്തായിട്ടും പ്രതിരോധം പിടിച്ചു നിന്നു. പഴിയേറെ കേട്ട ഗോൾകീപ്പർ സച്ചിൻ സുരേഷ് ഫോമിലേക്കു മടങ്ങിയെത്തുന്നതാണു സന്തോഷക്കാഴ്ച.
∙ ആശാന്റെ തന്ത്രങ്ങൾ
പ്രതിരോധം ഉറപ്പിച്ച്, ആക്രമിക്കുകയെന്ന ലളിതമായ തന്ത്രമാണു പുരുഷോത്തമനും സഹപരിശീലകൻ തോമാസ് കോർസും അവതരിപ്പിക്കുന്നത്. പഞ്ചാബിനെതിരെ 2 കളിക്കാർ ചുവപ്പു കാർഡ് കണ്ട ശേഷവും ഗോൾ വഴങ്ങാതെ പിടിച്ചു നിന്നത് 22 മിനിറ്റാണ്! 58 – ാം മിനിറ്റിൽ മിലോസ് ഡ്രിൻസിച് ചുവപ്പു കണ്ടു പുറത്തായതിനു പിന്നാലെ പുരുഷോത്തമൻ വരുത്തിയ രണ്ടു സബ്സ്റ്റിറ്റ്യൂഷനുകളും കളി ബ്ലാസ്റ്റേഴ്സ് പക്ഷത്തുറപ്പിച്ചു.
മിഡ്ഫീൽഡർ കോറോ സിങ്ങിനെ പിൻവലിച്ച് ഡിഫൻഡർ പ്രീതം കോട്ടാലിനെ ഇറക്കി. നോവ സദൂയിക്കു പകരം അലക്സാന്ദ്രെ കോയഫിനെയും കളത്തിലിറക്കി. അതോടെ, പ്രതിരോധം വീണ്ടും ഉറച്ചു, ടീം ജയിച്ചു