കോച്ച് സ്റ്റാറെയ്ക്കു പിന്നാലെ ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടറുടെ സ്ഥാനവും ആശങ്കയിൽ; സ്കിൻകിസും പുറത്തേക്ക്!

Mail This Article
കൊച്ചി ∙ പ്രകടനം മോശമായതിന്റെ പേരിൽ സ്വീഡിഷ് കോച്ച് മികായേൽ സ്റ്റാറെയെ പുറത്താക്കിയ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസിനെയും ഒഴിവാക്കുമെന്ന സൂചനകൾ ശക്തം. കോച്ചിങ് കരിയറിൽ വലിയ നേട്ടങ്ങൾ ഇല്ലാതിരുന്ന സ്റ്റാറെയെ കോച്ചായി അവരോധിച്ചതും താരങ്ങളുടെ സ്കൗട്ടിങ് വൈകിയതും മികച്ച റിസർവ് താരങ്ങൾ ഇല്ലാത്തതുമൊക്കെ സ്പോർട്ടിങ് ഡയറക്ടറുടെ വീഴ്ചകളായി വിലയിരുത്തപ്പെടുന്നു.
വരുന്ന സീസണിൽ പുതിയ കോച്ചും അനലിസ്റ്റും ചേർന്ന് താരങ്ങളെ കണ്ടെത്താനാണ് സാധ്യത. ഒഡീഷ എഫ്സിയുടെ സ്പാനിഷ് കോച്ച് സെർജിയോ ലൊബേറയാണു കോച്ചായി വരുന്നതെങ്കിൽ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട താരങ്ങളും ഒപ്പം ടീമിലെത്തും. നാളെ നടക്കുന്ന ബ്ലാസ്റ്റേഴ്സ്–ഒഡീഷ ഐഎസ്എൽ പോരിനായി ലോബേറ കൊച്ചിയിലെത്തിയിട്ടുണ്ട്.
എന്നാൽ ബ്ലാസ്റ്റേഴ്സിലേക്കു ചേക്കേറുമെന്ന വാർത്തകളെക്കുറിച്ചു പരസ്യ പ്രതികരണത്തിനു ലൊബേറ തയാറായില്ല.
∙ രാഹുൽ കളിക്കില്ല
ഇരുടീമുകളും തമ്മിൽ ധാരണയുള്ളതിനാൽ നാളെ ബ്ലാസ്റ്റേഴ്സിനെതിരെ ഒഡീഷയ്ക്കു വേണ്ടി കെ.പി.രാഹുൽ ഇറങ്ങില്ല. രാഹുലിനെ ഒഡീഷയ്ക്കും സൗരവ് മണ്ഡലിനെ വായ്പ അടിസ്ഥാനത്തിൽ ഗോകുലം കേരള എഫ്സിക്കും നൽകിയതിനു പിന്നാലെ, ഡിഫൻഡർമാരായ മൊണ്ടിനിഗ്രോ താരം മിലോസ് ഡ്രിൻസിച്, ഫ്രഞ്ച് താരം അലക്സാന്ദ്രെ കോയെഫ് എന്നിവരെയും ബ്ലാസ്റ്റേഴ്സ് കൈവിടും എന്നു സൂചനയുണ്ട്.