റയലിന്റെ ഗോൾവല നിറച്ച് ബാർസിലോനയ്ക്ക് സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം; മൂന്നു വർഷത്തിനിടെ രണ്ടാം കിരീടജയം

Mail This Article
ജിദ്ദ (സൗദി അറേബ്യ) ∙ റയലിന്റെ ഗോൾവല നിറച്ച് ബാർസിലോനയുടെ സൂപ്പർ പെർഫോമൻസ്! സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ ഫൈനലിൽ റയലിനെ 5–2ന് തോൽപിച്ച് ബാർസ കിരീടജേതാക്കളായി. സൗദി അറേബ്യയിലെ ജിദ്ദ കിങ് അബ്ദുല്ല സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, 5–ാം മിനിറ്റിൽ തന്നെ റയൽ ലീഡ് നേടിയതാണ്. എന്നാൽ, ആദ്യപകുതിയിൽതന്നെ 4 ഗോളുകൾ തിരിച്ചടിച്ച് ബാർസ റയലിനെ നിഷ്പ്രഭരാക്കി. രണ്ടാം പകുതിയിൽ പ്രധാന ഗോൾകീപ്പർ വെയിഷെഫ് സ്റ്റെൻസ്നേ ചുവപ്പുകാർഡ് കണ്ടു കരുത്തോടെ പിടിച്ചുനിന്നു കളി ജയിക്കുകയും ചെയ്തു.
ലമീൻ യമാൽ (22), റോബർട്ട് ലെവൻഡോവ്സ്കി (36–പെനൽറ്റി), റാഫിഞ്ഞ (39,48), അലഹാന്ദ്രോ ബാൾഡെ (45+10) എന്നിവരാണു ബാർസയുടെ ഗോളുകൾ നേടിയത്. റയലിനായി കിലിയൻ എംബപെയും റോഡ്രിഗോയും സ്കോർ ചെയ്തു. സ്പാനിഷ് സൂപ്പർ കപ്പിൽ ബാർസിലോനയുടെ 15–ാം കിരീടമാണിത്. കഴിഞ്ഞ വർഷം ട്രോഫികളൊന്നും നേടാൻ കഴിയാതിരുന്ന ബാർസയ്ക്ക് ആശ്വാസമായി ഈ നേട്ടം.
5–ാം മിനിറ്റിൽ കിലിയൻ എംബപെ മൈതാനമധ്യത്തുനിന്ന് ഒറ്റയ്ക്ക് ഓടി നേടിയ ഗോളിലാണു റയൽ ലീഡ് നേടിയത്. കളിയുടെ ഒഴുക്കിനെതിരായി വീണ ഗോളിനെതിരെ ബാർസിലോനയുടെ ആദ്യ മറുപടി 22–ാം മിനിറ്റിൽ. വലതു വിങ്ങിലൂടെ ഒറ്റയ്ക്കു മുന്നേറിയ ലമീൻ യമാൽ ബോക്സിന്റെ മധ്യത്തിലേക്കു വന്ന ശേഷം തൊടുത്ത ഷോട്ട് തടുക്കാൻ റയൽ ഗോളി തിബോ കോർട്ടോയ്ക്കു കഴിഞ്ഞില്ല. 36–ാം മിനിറ്റിൽ ഗാവിയെ റയലിന്റെ എഡ്വേഡോ കമവിംഗ ഫൗൾ ചെയ്തതിന് ബാർസയ്ക്ക് അനുകൂലമായി പെനൽറ്റി. റോബർട്ട് ലെവൻഡോവ്സ്കിയുടെ കിക്ക് ഗോളായതോടെ ബാർസയ്ക്കു ലീഡ് (2–1).
39–ാം മിനിറ്റിൽ കളിയിലെ ഏറ്റവും സുന്ദരമായ ഗോളിലൂടെ റാഫിഞ്ഞ ബാർസയുടെ ലീഡ് വർധിപ്പിച്ചു. വലതു വിങ്ങിൽ മൈതാനപ്പകുതിക്കും അപ്പുറത്തുനിന്ന് യൂൾസ് കൂണ്ടെയുടെ ലോങ്റേഞ്ചർ. റയൽ ഹാഫിലേക്ക് ഓടിക്കയറുകയായിരുന്ന റാഫിഞ്ഞ മനക്കണക്കിൽ പൊസിഷൻ ക്രമപ്പെടുത്തി, ഹൈബോളിന് ഉയർന്നു ചാടി തലവച്ചു. റയൽ പ്രതിരോധനിരയുടെ തലയ്ക്കു മുകളിലൂടെ പറന്ന പന്ത് ഗോളിലേക്ക്.
ആദ്യ പകുതിയുടെ ഇൻജറി ടൈമിലാണ് ലെഫ്റ്റ് ബായ്ക്ക് അലഹാന്ദ്രോ ബാൾഡെയുടെ ഗോൾ വന്നത്. റയലിന്റെ പാഴായിപ്പോയൊരു കോർണർ കിക്കിൽനിന്നു കിട്ടിയ പന്ത് റാഫിഞ്ഞയ്ക്ക്. റയൽ ഹാഫിലേക്കു പന്തുമായി ഓടിക്കയറിയ റാഫിഞ്ഞ ബോക്സിനു മുന്നിൽവച്ച് ബാൾഡെയ്ക്ക് പന്ത് പാസ് ചെയ്തു. ബാൾഡെയുടെ അനായാസ ഷോട്ട് ഗോളായി (4–1). മികച്ച ലീഡുമായി രണ്ടാം പകുതിക്കിറങ്ങിയ ബാർസ 48–ാം മിനിറ്റിൽ റാഫിഞ്ഞയുടെ സോളോ ഗോളിൽ സ്കോർ 5–1 ആക്കി. ഇതിനു പിന്നാലെയായിരുന്നു, ബാർസ ഗോൾകീപ്പർ സ്റ്റെൻസ്നേയ്ക്കു ചുവപ്പുകാർഡ് ലഭിച്ചത്.
ബോക്സിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച കിലിയൻ എംബപെയെ പെനൽറ്റി ഏരിയയ്ക്കു പുറത്തുവച്ചു സ്റ്റെൻസ്നേ ഫൗൾ ചെയ്തതായി വിഎആർ പരിശോധനയ്ക്കു ശേഷം റഫറി വിധിച്ചു. 60–ാം മിനിറ്റിൽ റയലിന് ലഭിച്ച ഫ്രീകിക്ക് റോഡ്രിഗോ ലക്ഷ്യത്തിലെത്തിച്ചു. എന്നാൽ 10 പേരായി ചുരുങ്ങിയിട്ടും ബാർസ ആവേശം കൈവിട്ടില്ല. ബാർസയുടെ പകരക്കാരൻ ഗോൾകീപ്പർ ഇനാകി പെന നടത്തിയ സേവുകൾ ഇൻജറി ടൈമിലടക്കം ഗോൾ നേടുന്നതിൽ റയലിനു തടസ്സമായി.