മാഞ്ചസ്റ്റര്‍ സിറ്റി ഇതിഹാസ താരം ടോണി ബുക്ക് അന്തരിച്ചു

Mail This Article
ലണ്ടൻ∙ മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസ താരമായിരുന്ന ടോണി ബുക്ക് 90–ാം വയസ്സിൽ അന്തരിച്ചു. ഇംഗ്ലിഷ് ക്ലബ്ബിന്റെ സുവർണകാല ഘട്ടമായിരുന്ന 1960–70 കാലത്ത് ടീമിന്റെ സൂപ്പർ താരവും ക്യാപ്റ്റനുമൊക്കെയായി ടോണി ബുക്ക് തിളങ്ങി. മുന്നൂറിലേറെ മത്സരങ്ങളാണ് ടോണി ബുക്ക് സിറ്റിക്കായി കളിച്ചിട്ടുള്ളത്.
1974 മുതൽ 1979 വരെ മാഞ്ചസ്റ്റർ സിറ്റിയുടെ മാനേജരായും ടോണി ബുക്ക് പ്രവർത്തിച്ചു. 1967 ലാണ് ടോണി സിറ്റിയുടെ ക്യാപ്റ്റനായി ചുമതലയേൽക്കുന്നത്. 1968 ൽ ടീം ഫസ്റ്റ് ഡിവിഷൻ കിരീടം നേടി. 1969ൽ എഫ്എ കപ്പും വിജയിച്ചു. ടീം മാനേജരായും തിളങ്ങിയ ബുക്ക് 1976ൽ സിറ്റിയെ ലീഗ് കിരീടത്തിലെത്തിച്ചു.
ക്ലബ്ബിന്റെ ഹോണററി പ്രസിഡന്റായും ടോണി ബുക്ക് പ്രവർത്തിച്ചിട്ടുണ്ട്. ഇതിഹാസ താരത്തോടുള്ള ആദര സൂചകമായി ഇതിഹാദ് സ്റ്റേഡിയത്തിലേയും സിറ്റി ഫുട്ബോൾ അക്കാദമികളിലേയും പതാകകള്‍ താഴ്ത്തിക്കെട്ടും. 1934ൽ ഇംഗ്ലണ്ടിലെ ബാത്തിൽ ജനിച്ച ടോണി ബുക്ക് കുട്ടിക്കാലത്ത് ഇന്ത്യയിലായിരുന്നു വളർന്നത്. സോമർസെറ്റ് ലൈറ്റ് ഇൻഫൻട്രിയിലെ ഓഫിസറായിരുന്നു ടോണിയുടെ പിതാവ്. രണ്ടാം ലോകമഹായുദ്ധ കാലത്താണ് ടോണിയുടെ കുടുംബം ഇന്ത്യ വിടുന്നത്.