എംബപെയ്ക്ക് അസൂയ, മെസി പിഎസ്ജിയിലെത്തിയതോടെ പ്രശ്നങ്ങൾ തുടങ്ങി: വെളിപ്പെടുത്തി നെയ്മാർ

Mail This Article
റിയോ∙ ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബപെയുമായുള്ള ബന്ധം വഷളായതിനെക്കുറിച്ചു വെളിപ്പെടുത്തി ബ്രസീലിയൻ സൂപ്പർ താരം നെയ്മാർ. ബ്രസീലിന്റെ മുൻ താരം റൊമാരിയോയുടെ പോഡ്കാസ്റ്റിലാണ് നെയ്മാറിന്റെ വിവാദ വെളിപ്പെടുത്തൽ. അർജന്റീന സൂപ്പർ താരം ലയണൽ മെസി പിഎസ്ജിയിലെത്തിയതോടെയാണു പ്രശ്നങ്ങളുടെ തുടക്കമെന്നും എംബപെയ്ക്ക് അസൂയയാണെന്നും നെയ്മാർ തുറന്നടിച്ചു. പിഎസ്ജിയിൽ ചേർന്നപ്പോൾ എംബപെയുമായി പ്രശ്നങ്ങളുണ്ടായിരുന്നതായും നെയ്മാര്‍ പറഞ്ഞു.
‘‘ആ സമയത്ത് എംബപെയുടെ കരിയർ തുടങ്ങിയിട്ടേയുള്ളൂ. അതിന്റെ ഭാഗമായിട്ടുള്ള പ്രശ്നങ്ങളായിരുന്നു. പിന്നീട് ഞങ്ങൾ സൗഹൃദത്തിലായി. എംബപെ എന്റെ വീട്ടിൽ വന്നിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ചു ഭക്ഷണം കഴിക്കാറുണ്ട്. എന്നാൽ മെസി ടീമിലെത്തിയതോടെ എംബപെയ്ക്ക് അസൂയ തുടങ്ങി.’’
‘‘ബാർസിലോനയിൽ കളിച്ചതു മുതൽ തന്നെ ഞങ്ങൾ സുഹൃത്തുക്കളാണ്. ഞങ്ങളുടെ ബന്ധത്തിൽ അവന് അസൂയയായി. പിന്നീട് എംബപെ എന്നോട് കാര്യങ്ങളൊന്നും തുറന്നുപറയാറില്ല. വൈകാതെ പ്രശ്നങ്ങൾ വഷളായി. ഞാനും മെസ്സിയും എംബപെയും ഒരുമിച്ചു കളിച്ചിട്ടും പിഎസ്ജിക്ക് ചാംപ്യൻസ് ലീഗ് കിരീടം ജയിക്കാനായില്ല. ഈ പ്രശ്നങ്ങളാകാം അതിനു കാരണം.’’
‘‘ഞാനാണ് ഏറ്റവും മികച്ച താരമെങ്കിലും പാസ് ചെയ്തു തരാൻ ആരെങ്കിലുമൊക്കെ വേണം. ഒരാൾക്ക് ഒറ്റയ്ക്ക് കൊണ്ടുപോയി ഗോളടിക്കാനൊന്നും സാധിക്കില്ല. കളിക്കാർ പരസ്പരം സഹായിച്ചില്ലെങ്കിൽ ആ ടീമിന് ഒരിക്കലും കിരീടങ്ങൾ നേടാൻ സാധിക്കില്ല.’’– നെയ്മാർ വ്യക്തമാക്കി.