ക്വാമെ പെപ്ര അത്ര പോര, ഹിമനെയ്ക്കു കൂട്ടായി പുതിയ സ്ട്രൈക്കർ വേണം; വൻ മാറ്റത്തിന് കേരള ബ്ലാസ്റ്റേഴ്‌സ്

Mail This Article
കൊച്ചി ∙ ഘാന സ്ട്രൈക്കർ ക്വാമെ പെപ്രയ്ക്കു പകരം പുതിയൊരു മുന്നേറ്റനിര താരത്തെ ടീമിലെത്തിക്കാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. മോണ്ടിനെഗ്രോ താരം ദുഷാൻ ലഗാതോറിനെ സ്വന്തമാക്കിയതിനു പിന്നാലെയാണ് ജനുവരി ട്രാൻസ്ഫർ കാലത്തുതന്നെ വിദേശതാരനിര അഴിച്ചുപണിയാനുള്ള നീക്കം.
ലീഗിൽ ഏറ്റവുമധികം അവസരം സൃഷ്ടിച്ചെടുത്ത ടീമുകളിലൊന്നായിട്ടും ഫിനിഷിങ്ങിൽ ആ തിളക്കമില്ലാത്തതിനാലാണ് ആക്രമണത്തിൽ ഹെസൂസ് ഹിമനെയ്ക്കു പുതിയ കൂട്ടാളിയെ കൊണ്ടുവരുന്നത്. സീസണിൽ 15 മത്സരങ്ങളിലായി 4 ഗോളുകൾ മാത്രം നേടിയ പെപ്രയെ ഐ ലീഗ് ക്ലബ്ബുകളിലൊന്നിലേക്ക് അയയ്ക്കാനാണ് സാധ്യത. ഡിഫൻസീവ് മിഡ്ഫീൽഡറായും സെന്റർ ബാക്കായും കളത്തിലിറങ്ങുന്ന ദുഷാൻ ലഗാതോറിന്റെ വരവോടെ ഫ്രഞ്ച് താരം അലക്സാന്ദ്രേ കോയഫ് ടീമിൽനിന്നൊഴിവാകും.
2026 വരെ കരാറുള്ള മോണ്ടിനെഗ്രോ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ചിനെ നിലനിർത്തുന്ന കാര്യത്തിലും ടീം പുനരാലോചനകളിലാണ്. മിഡ്ഫീൽഡർ ബ്രൈസ് മിറാൻഡയെ വായ്പാടിസ്ഥാനത്തിൽ ഇന്റർ കാശിക്കു കൈമാറാനും തീരുമാനമായി.