ആദ്യ പകുതിയിൽ തന്നെ പത്തു പേരായി ചുരുങ്ങി, പതറാതെ ബ്ലാസ്റ്റേഴ്സ്; ഇത് പൊരുതി നേടിയ സമനില

Mail This Article
കൊച്ചി∙ ആദ്യ പകുതിയിൽ തന്നെ പത്തു പേരായി ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സിന്റെ പോരാട്ട വീര്യത്തെ തടയാന്‍ നോർത്ത് ഈസ്റ്റിനു സാധിച്ചില്ല. ഇരമ്പിയെത്തിയ നോർത്ത് ഈസ്റ്റ് കുതിപ്പുകളെ ഫലപ്രദമായി പ്രതിരോധിച്ച ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ വിജയത്തിനു സമാനമായ സമനില. 18 ഷോട്ടുകളുമായി കളം നിറഞ്ഞു കളിച്ച നോർത്ത് ഈസ്റ്റിനെ രണ്ടാം പകുതിയില്‍ പ്രതിരോധക്കോട്ട കെട്ടി ബ്ലാസ്റ്റേഴ്സ് പ്രതിരോധിച്ചു. 17 മത്സരങ്ങളില്‍നിന്ന് 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. 24ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ബ്ലാസ്റ്റേഴ്സിനായി നോവ സദൂയി തുടർനീക്കങ്ങളുമായി മുന്നേറിയപ്പോൾ, മൊറോക്കൻ ഗോളടിയന്ത്രം അലാദീൻ അജാരെയായിരുന്നു നോർത്ത് ഈസ്റ്റിന്റെ കുതിപ്പിനു നേതൃത്വം നൽകിയത്. ഇരു ടീമുകളും ആദ്യ പകുതിയിൽ തുരുതുരാ ആക്രമണങ്ങൾ നയിക്കുന്നതിനിടെയാണ് ബ്ലാസ്റ്റേഴ്സ് താരം അയ്ബൻബ ദോലിങ് ചുവപ്പുകാർഡ് കണ്ടു പുറത്തായത്.
30–ാം മിനിറ്റിൽ അലാദീൻ അജാരെയെ ഫൗൾ ചെയ്തതിനായിരുന്നു ഇന്ത്യൻ യുവതാരത്തിനെതിരായ നടപടി. ഗ്രൗണ്ടിൽവച്ച് തർക്കിക്കുന്നതിനിടെ അലാദീനെ തലകൊണ്ട് ഇടിച്ചതിനാണു റഫറിയുടെ ശിക്ഷ. പത്തു പേരുമായി ചുരുങ്ങിയെങ്കിലും ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു. ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷിന്റെ കിടിലൻ സേവുകളും മഞ്ഞപ്പടയ്ക്കു രക്ഷയായി. രണ്ടാം പകുതിയിലും നോർത്ത് ഈസ്റ്റിന്റെ മുന്നേറ്റങ്ങൾക്കു കുറവുണ്ടായിരുന്നില്ല. പക്ഷേ ബ്ലാസ്റ്റേഴ്സ് പൊരുതിനിന്നു.
ബ്ലാസ്റ്റേഴ്സിലേക്കു പുതുതായി എത്തിയ ദുസാൻ ലഗതോർ അവസാന മിനിറ്റുകളില്‍ കളിക്കാനിറങ്ങി. ക്യാപ്റ്റന്‍ അഡ്രിയൻ ലൂണയ്ക്കു പകരക്കാരനായിട്ടായിരുന്നു ലഗതോറിന്റെ വരവ്. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ മാത്രം സമനിലയാണിത്. 17 മത്സരങ്ങളിൽനിന്ന് 25 പോയിന്റുള്ള നോർത്ത് ഈസ്റ്റ് പോയിന്റ് ടേബിളിൽ അഞ്ചാമതാണ്.