ഗോവയെയും മുംബൈയെയും കിരീടത്തിലെത്തിച്ച സ്പാനിഷ് കോച്ച് വരുന്നു; ഒപ്പം ഫ്രഞ്ച് താരവും ബ്ലാസ്റ്റേഴ്സിലേക്ക്

Mail This Article
കൊച്ചി ∙ ഐഎസ്എൽ ക്ലബ് ഒഡീഷ എഫ്സിയുടെ പരിശീലകൻ സെർജിയോ ലൊബേറ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാകും. എഫ്സി ഗോവയെയും മുംബൈ സിറ്റി എഫ്സിയെയും ഐഎസ്എൽ ജേതാക്കളാക്കിയിട്ടുള്ള സ്പെയിൻകാരൻ ലൊബേറ ബ്ലാസ്റ്റേഴ്സുമായി 3 വർഷ കരാറിനു വാക്കാൽ സമ്മതിച്ചതായാണു വിവരം. അടുത്ത സീസണിൽ ലൊബേറയ്ക്കൊപ്പം അദ്ദേഹത്തിന്റെ ഇഷ്ട താരമായ ഫ്രഞ്ച് മിഡ്ഫീൽഡർ യൂഗോ ബോമോയും ബ്ലാസ്റ്റേഴ്സിലെത്തും.
മോണ്ടിനെഗ്രോ മുൻ ദേശീയ താരം ദുഷാൻ ലഗാതോറിനെ ബ്ലാസ്റ്റേഴ്സിലെത്തിച്ചതും ലൊബേറയുടെ നിർദേശ പ്രകാരമാണ്. ലൊബേറ അടുത്ത സീസണിൽ ഉത്തരവാദിത്തമേറ്റെടുക്കും വരെ ഇടക്കാല കോച്ച് ടി.ജി. പുരുഷോത്തമനും അസിസ്റ്റന്റ് കോച്ച് തോമാസ് കോർസിനുമാകും ടീമിന്റെ ചുമതല.
ഇപ്പോഴത്തെ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഹെഡ് കോച്ചായിരുന്ന മികയേൽ സ്റ്റാറെയെ തോൽവികൾ തുടർന്നതോടെ ടീം പുറത്താക്കിയിരുന്നു. 16 മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് ആറു വിജയങ്ങളുമായി ഒൻപതാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്സിന് നിലവിൽ 20 പോയിന്റുണ്ട്. ശനിയാഴ്ച നടക്കുന്ന പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.