ഒരു വീഴ്ചയും ‘ഒത്തുപിടിച്ച’ ആവേശവും, ജയിക്കേണ്ട കളി ബ്ലാസ്റ്റേഴ്‌സ് കൈവിട്ടു

Mail This Article
ഒരു പകുതി സംതൃപ്തിയും ഒരു പകുതി നിരാശയും സമ്മാനിച്ച ഒന്നായിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം. ജയിക്കേണ്ട കളി ബ്ലാസ്റ്റേഴ്‌സ് കൈവിട്ടു എന്നു പറയണമെന്ന് തോന്നുന്നു. പതിവുപോലെ ഒരു വ്യക്തിഗത പിഴവ് നോർത്ത് ഈസ്റ്റിനെതിരെയും ബ്ലാസ്റ്റേഴ്‌സിനെ വിജയത്തിൽ നിന്ന് ‘അകറ്റിനിർത്തി’. ബോക്സിലും ഗോളിനു മുന്നിലുമായി പന്ത് കൈകാര്യം ചെയ്യുന്നതിൽ വരുന്ന ബാലിശമായ പിഴവുകളായിരുന്നു ഇതുവരെ ടീമിനെ ചതിച്ചതെങ്കിൽ ഇത്തവണ അതു വഴിമാറി.
പ്രതിരോധ താരം ഐബൻ ദോലിങ് ചോദിച്ചു വാങ്ങിയ ചുവപ്പ് കാർഡിലാണ് ശനിയാഴ്ച ബ്ലാസ്റ്റേഴ്സിന്റെ ചീട്ട് കീറിയത്. ഗോളടിക്കുന്നതിൽ ഒരു കുറവും ദാക്ഷിണ്യവും ഇല്ലാത്ത ടീമാണ് നോർത്ത് ഈസ്റ്റ്. ഒരു മണിക്കൂറിലേറെ നേരം ആ കരുത്തിനെ ഒരു സ്പെഷലിസ്റ്റ് ഡിഫൻഡറുടെ അഭാവത്തിലും പിടിച്ചുകെട്ടിയ ബ്ലാസ്റ്റേഴ്‌സ് പോരാട്ടം സംതൃപ്തി പകരുന്ന ഒന്നാണ്. എങ്കിലും ഐബൻ, താങ്കളുടെ പിഴവിൽ അകന്ന ആ 'രണ്ടു പോയിന്റിന്റെ' നഷ്ടം ഈ സീസണിലുടനീളം ആരാധകരെ അലട്ടും.