ആദ്യപകുതിയിൽ 3–1ന് പിന്നിലായിട്ടും തിരിച്ചടിച്ച് ബെൻഫിക്കയെ വീഴ്ത്തി ബാർസ പ്രീക്വാർട്ടറിൽ; ഏഴിൽ ഏഴും ജയിച്ച് ലിവർപൂളും പ്രീക്വാർട്ടറിൽ

Mail This Article
മഡ്രിഡ്∙ ഒൻപതു ഗോളുകൾ പിറന്ന ആവേശപ്പോരാട്ടത്തിൽ ‘മുഖം നോക്കാതെ’ പൊരുതിയ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയെ പിന്നിൽനിന്നും തിരിച്ചടിച്ച് വീഴ്ത്തി ബാർസിലോന. ആവേശം ഇൻജറി ടൈമിന്റെ അവസാന സെക്കൻഡ് വരെ കൂട്ടിനെത്തിയ മത്സരത്തിൽ 5–4നാണ് ബാർസയുടെ വിജയം. ആദ്യ പകുതിയിൽ ബാർസ 3–1ന് പിന്നിലായിരുന്നു. ഏഴു കളികളിൽനിന്ന് ആറാം വിജയം കുറിച്ച ബാർസ, 18 പോയിന്റുമായി ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടർ ഉറപ്പാക്കി. പോയിന്റ് പട്ടികയിൽ ഒന്നാമൻമാരായ ലിവർപൂളും തുടർച്ചയായ ഏഴാം ജയത്തോടെ പ്രീക്വാർട്ടർ ഉറപ്പാക്കി. കഴിഞ്ഞ 21 മത്സരങ്ങളിൽ ഒരു ടൂർണമെന്റിലും തോൽവിയറിയാതെ കുതിക്കുന്ന ഫ്രഞ്ച് ക്ലബ് ലീലിനെ 2–1നാണ് ലിവർപൂൾ തകർത്തത്. ആദ്യ എട്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്കാണ് നേരിട്ട് പ്രീക്വാർട്ടറിലേക്ക് പ്രവേശനം ലഭിക്കുക. ഒൻപതു മുതലുള്ള സ്ഥാനങ്ങളിലുള്ളവർ പ്ലേ ഓഫ് കളിക്കണം.
ബാർസയ്‌ക്കെതിരെ ബെൻഫിക്കയ്ക്കായി ഗ്രീക്ക് സ്ട്രൈക്കർ വാൻജലിസ് പാവ്‌ലിദിസ് ഹാട്രിക് നേടിയെങ്കിലും ടീമിനു വിജയം സമ്മാനിക്കാനായില്ല. 2, 22, 30 മിനിറ്റുകളിലായിരുന്നു പാവ്‌ലിദിസിന്റെ ഗോളുകൾ. ബാർസ ഗോൾകീപ്പർ വോയ്നിച് സെസെനിയുടെ പിഴവുകളും നിർണായകമായി. ഇതിനു പുറമേ ബാർസ താരം റൊണാൾഡ് അരൗജോ 68–ാം മിനിറ്റിൽ വഴങ്ങിയ സെൽഫ് ഗോളും ബെൻഫിക്കയുടെ അക്കൗണ്ടിലെത്തി. ബാർസയ്ക്കായി റോബർട്ട് ലെവൻഡോവ്സ്കി 13, 78 മിനിറ്റുകളിലായി പെനൽറ്റിയിൽനിന്ന് ഇരട്ടഗോൾ നേടി. റാഫീഞ്ഞയും (64, 90+6) മിനിറ്റുകളിലായി ഇരട്ടഗോൾ സ്വന്തമാക്കി. ഒരു ഗോൾ എറിക് ഗാർഷ്യ (86–ാം മിനിറ്റ്) നേടി.
ലീലിനെതിരെ ആൻഫീൽഡിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ ലിവർപൂൾ 1–0ന് മുന്നിലായിരുന്നു. സൂപ്പർതാരം മുഹമ്മദ് സലാ (34–ാം മിനിറ്റ്), ഹാർവെ എലിയട്ട് (67) എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്. ലീലിന്റെ ആശ്വാസ ഗോൾ 62–ാം മിനിറ്റിൽ ജൊനാഥൻ ഡേവിഡ് നേടി. രണ്ടാം മഞ്ഞക്കാർഡ് കണ്ട ഐസ മൻഡി 59–ാം മിനിറ്റിൽ പുറത്തായതിനാൽ, 10 പേരുമായാണ് ലീൽ അവസാന അര മണിക്കൂർ പൊരുതിയത്.
അതേസമയം, ജയിച്ചാൽ ചാംപ്യൻസ് ലീഗ് നോക്കൗട്ട് എന്ന ആകർഷണവുമായി കളത്തിലിറങ്ങിയ ഇംഗ്ലിഷ് ക്ലബ് ആസ്റ്റൺ വില്ലയെ, ഫ്രഞ്ച് ക്ലബ് മൊണാക്കോ ഒരു ഗോളിനു തകർത്തു. എട്ടാം മിനിറ്റിൽ വിൽഫ്രഡ് സിൻഗോ നേടിയ ഗോളിലാണ് ആസ്റ്റൺ വില്ലയുടെ തോൽവി. ഏഴു കളികളിൽനിന്ന് രണ്ടാം തോൽവി വഴങ്ങിയ ആസ്റ്റൺ വില്ല, നാലു ജയവും ഒരു സമനിലയും സഹിതം 13 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.
മത്സരത്തിന്റെ ഏറിയ പങ്കും 10 പേരുമായി കളിച്ചിട്ടും ജർമൻ ക്ലബ് ബയേർ ലെവർക്യൂസനെ തകർത്ത് അത്‍ലറ്റിക്കോ മഡ്രിഡും കരുത്തുകാട്ടി. 2–1നാണ് അത്‍ലറ്റിക്കോ മഡ്രിഡിന്റെ വിജയം. അത്‌ലറ്റിക്കോയ്‌ക്കായി അർജന്റീന താരം യൂലിയൻ അൽവാരസ് ഇടരട്ടഗോൾ നേടി. 52, 90 മിനിറ്റുകളിലായിരുന്നു അൽവാരസിന്റെ ഗോളുകൾ. പാബ്ലോ ബാരിയോസ് 25–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്താതോടെയാണ് അത്‍ലറ്റിക്കോ 10 പേരായി ചുരുങ്ങിയത്. ലെവർക്യൂസനായി പിയേറോ ഹിൻകാപി ആദ്യപകുതിയുടെ ഇൻജറി ടൈമിൽ ഗോൾ നേടി. രണ്ടാം മഞ്ഞക്കാർഡ് കണ്ട് ഹിൻകാപി 76–ാം മിനിറ്റിൽ പുറത്തായതോടെ, 10 പേരുമായാണ് ലെവർക്യൂസനും മത്സരം പൂർത്തിയാക്കിയത്.
ജയത്തോടെ അത്‍ലറ്റിക്കോ മഡ്രിഡ് ഏഴു കളികളിൽനിന്ന് അഞ്ച് ജയം സഹിതം 15 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ജയിച്ചാൽ മൂന്നാം സ്ഥാനം ഉറപ്പായിരുന്ന ലെവർക്യൂസൻ, ഏഴു കളികളിൽനിന്ന് നാലു ജയം സഹിതം 13 പോയിന്റുമായി ആറാം സ്ഥാനത്താണ്. ആദ്യ എട്ടിലെത്തുന്ന ടീമുകൾക്ക് നേരിട്ട് പ്രീക്വാർട്ടറിൽ കടക്കാൻ അവസരമുണ്ട്. ശേഷിക്കുന്നവർ പ്ലേ ഓഫ് കളിക്കണം.
മറ്റൊരു മത്സരത്തിൽ ഓസ്ട്രിയൻ ക്ലബ് സ്റ്റം ഗ്രാസിനെ ഗോൾമഴയിൽ മുക്കി ഇറ്റാലിയൻ ക്ലബ് അറ്റലാന്റ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി. ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കാണ് അറ്റലാന്റയുടെ വിജയം. മാത്യു റെറ്റെഗുയി (12–ാം മിനിറ്റ്), പസാലിച് (58), കെറ്റെലീറെ (63), ലുക്മാൻ (90), ബ്രെസ്യനിനി (90+4) എന്നിവരാണ് അറ്റലാന്റയുടെ സ്കോറർമാർ. തോൽവിയോടെ ഓസ്ട്രിയൻ ക്ലബ് ടൂർണമെന്റിൽനിന്ന് പുറത്തായി.
മറ്റു മത്സരങ്ങളിൽ ബോലോഗ്‌ന ജർമൻ ക്ലബ് ബൊറൂസിയ ഡോർഡ്മുണ്ടിനെയും (2–1), പിഎസ്‌വി ഐന്തോവൻ റെഡ് സ്റ്റാർ ബെൽഗ്രേഡിനെയും (3–2), സ്റ്റുട്ഗാർട്ട് സ്ലോവൻ ബ്രാട്ടിസ്ലാവയെയും (3–1) തോൽപ്പിച്ചു. യുവെന്റസും ക്ലബ് ബ്രൂഗും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.