മാഞ്ചസ്റ്റർ സിറ്റിക്ക് പിഎസ്ജി ഷോക്ക്, പുറത്താകലിന്റെ വക്കിൽ; ബയണിനും ഞെട്ടിക്കുന്ന തോൽവി; റയലിനും ആർസനലിനും ജയം

Mail This Article
മഡ്രിഡ്∙ യുവേഫ ചാംപ്യൻസ് ലീഗിൽ നിലവിലെ ചാംപ്യൻമാരായ റയൽ മഡ്രിഡ് തകർപ്പൻ വിജയവുമായി പ്ലേ ഓഫ് പ്രതീക്ഷകൾ കാത്തപ്പോൾ, ഇംഗ്ലിഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഞെട്ടിക്കുന്ന തോൽവി. റയൽ മഡ്രിഡ് ഓസ്ട്രിയൻ ക്ലബ്ബായ റെഡ്ബുൾ സാൽസ്ബർഗിനെ 5–1ന് തകർത്തുവിട്ടപ്പോൾ, ഫ്രഞ്ച് കരുത്തുമായെത്തിയ പിഎസ്ജി 4–2നാണ് മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തിയത്. ആർസനൽ, ഇന്റർ മിലാൻ, എസി മിലാൻ തുടങ്ങിയ കരുത്തരും ജയിച്ചുകയറിയപ്പോൾ, ജർമൻ വമ്പുമായെത്തിയ ബയൺ മ്യൂണിക്കിനെ നെതർലൻഡ് ക്ലബ്ബായ ഫെയനൂർദ് 3–0ന് അട്ടിമറിച്ചു. തോൽവിയോടെ മാഞ്ചസ്റ്റർ സിറ്റിയുടെ നോക്കൗട്ട് പ്രതീക്ഷകൾക്ക് മങ്ങലേറ്റപ്പോൾ, ബയൺ പ്രതീക്ഷ നിലനിർത്തി.
ഏഴു കളികളിൽനിന്ന് രണ്ടു ജയം മാത്രം സ്വന്തമാക്കിയ സിറ്റി എട്ടു പോയിന്റുമായി 25–ാം സ്ഥാനത്താണ്. ആദ്യ എട്ടു ടീമുകൾ നേരിട്ട് പ്രീക്വാർട്ടറിൽ കടക്കുമ്പോൾ, 9 മുതൽ 24 വരെ സ്ഥാനങ്ങളിലുള്ള ടീമുകൾക്ക് പ്ലേ ഓഫ് കളിച്ച് യോഗ്യത നേടാം. തോറ്റെങ്കിലും ബയൺ മ്യൂണിക്ക് 12 പോയിന്റുമായി 15–ാം സ്ഥാനത്തുണ്ട്. നാലാം ജയം കുറിച്ച റയലിനും 12 പോയിന്റുണ്ടെങ്കിലും 16–ാം സ്ഥാനത്താണ്. ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള ലിവർപൂൾ, ബാർസിലോന എന്നീ ടീമുകളാണ് ഇതുവരെ പ്രീക്വാർട്ടർ ഉറപ്പിച്ചത്. മൂന്നാമതുള്ള ആർസനലും ഏറെക്കുറെ കടന്നുകൂടിയ മട്ടാണ്. ഇന്റർ മിലാന് ഒരു പോയിന്റ് കൂടി നേടിയാൽ മുന്നേറാം.
മുന്നേറ്റത്തിലെ സൂപ്പർ താരങ്ങളെല്ലാം ഒരുപോലെ തിളങ്ങിയതോടെയാണ് സാൽസ്ബർഗിനെതിരെ റയൽ അനായാസം ജയിച്ചുകയറിയത്. ആദ്യപകുതിയിൽ റയൽ 2–0ന് മുന്നിലായിരുന്നു. റയലിനായി റോഡ്രിഗോ (23, 34), വിനീസ്യൂസ് ജൂനിയർ (55, 77) എന്നിവർ ഇരട്ടഗോൾ നേടി. ഒരു ഗോൾ കിലിയൻ എംബപ്പെയുടെ (48–ാം മിനിറ്റ്) വകയാണ്. സാൽസ്ബർഗിന്റെ ആശ്വാസഗോൾ 85–ാം മിനിറ്റിൽ മാഡ്സ് ബിഡ്സ്ട്രൂപ് നേടി.
ക്രൊയേഷ്യൻ ക്ലബ് ഡൈനാമോ സാഗ്രബിനെതിരെ നേടിയ 3–0 വിജയമാണ് ആർസനലിന് കരുത്തായത്. ഡെക്ലാൻ റൈസ് (2–ാം മിനിറ്റ്), കയ് ഹാവർട്സ് (66–ാം മിനിറ്റ്), മാർട്ടിൻ ഒഡെഗാർഡ് (90+1) എന്നിവരാണ് ആർസനലിനായി ലക്ഷ്യം കണ്ടത്. അടുത്തയാഴ്ച നടക്കുന്ന ജിറോണയ്‌ക്കെതിരായ മത്സരത്തിൽ കനത്ത തോൽവി ഒഴിവാക്കിയാൽ ആർസനലിന് പ്രീക്വാർട്ടറിൽ കടക്കാം.
പിഎസ്ജിക്കെതിരായ ആവേശപ്പോരാട്ടത്തിൽ 4–2നാണ് മാഞ്ചസ്റ്റർ സിറ്റി തോൽവി വഴങ്ങിയത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് ആറു ഗോളും പിറന്നത്. രണ്ടു ഗോളടിച്ച് മുന്നിൽക്കയറിയ ശേഷമാണ് സിറ്റി തോൽവിയിലേക്ക് വഴുതിയത്. പിഎസ്ജിക്കായി ഒസ്മാൻ ഡെംബെലെ (56), ബാർകോള (60), ജാവോ നെവെസ് (78), ഗോൺസാലോ റാമോസ് (90+3) എന്നിവർ ഗോൾ നേടി. സിറ്റിയുടെ ഗോളുകൾ ജാക്ക് ഗ്രീലിഷ് (50), എർലിങ് ഹാലണ്ട് (53) എന്നിവർ നേടി. വിജയത്തോടെ ഏഴു കളികളിൽനിന്ന് 10 പോയിന്റുമായി പിഎസ്ജി പ്രതീക്ഷ നിലനിർത്തി.
ഡച്ച് ക്ലബ്ബായ ഫെയനൂർദിനെതിരെ 3–0ന് തോറ്റതോടെ, ബയൺ മ്യൂണിക്കിന്റെ നേരിട്ടുള്ള പ്രീക്വാർട്ടർ പ്രവേശനമെന്ന സ്വപ്നത്തിനും തിരിച്ചടിയേറ്റു. മത്സരത്തിന്റെ ഇരുപകുതികളിലുമായാണ് ഫെയനൂർദ് ബയണിന്റെ വലയിൽ 3 ഗോളുകൾ അടിച്ചുകയറ്റിയത്. ഫെയനൂർദിനായി സാന്റിയാഗോ ജിമെനസ് (21, 45+9 – പെനൽറ്റി) ഇരട്ടഗോൾ നേടി. മൂന്നാം ഗോൾ 89–ാം മിനിറ്റിൽ അയാസെ ഉവേഡ നേടി. വിജയത്തോടെ ഫെയനൂർദ് നേരിട്ട് പ്രീക്വാർട്ടറെന്ന സ്വപ്നം നിലനിർത്തി. 13 പോയിന്റുമായി നിലവിൽ 11–ാം സ്ഥാനത്താണ് അവർ.
ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള സ്പാർട്ട പ്രേഗിനെതിരായ മത്സരത്തിൽ 12–ാം മിനിറ്റിൽ അർജന്റീന താരം ലൗത്താരോ മാർട്ടിനസ് നേടിയ ഗോളാണ് ഇന്റർ മിലാന് വിജയമൊരുക്കിയത്. 16 പോയിന്റുമായി നാലാമതുള്ള ഇന്റർ മിലാനും ഏറെക്കുറെ പ്രീക്വാർട്ടർ ഉറപ്പിച്ചു. 37-ാം മിനിറ്റിൽ റാഫേൽ ലിയോ നേടിയ ഗോളിൽ 1–0ന് ജിറോണയെ വീഴ്ത്തിയ എസി മിലാനും പ്രീക്വാർട്ടറിന് അരികെയാണ്. 15 പോയിന്റുമായി നിലവിൽ ആറാം സ്ഥാനത്താണ് എസി മിലാൻ. ജിറോണ പുറത്തായി.
മറ്റു മത്സരങ്ങളിൽ ആർബി ലെയ്പ്സിഗ് സ്പോർട്ടിങ്ങിനെയും (2–1), ഷാക്തർ ഡോണെട്സ്ക് ബ്രെസ്റ്റിനെയും (2–0), സെൽറ്റിക് യങ് ബോയ്സിനെയും (1–0) തോൽപ്പിച്ചു.