‘ടീം ഇപ്പോൾ പോസിറ്റീവാണ് ’; ബ്ലാസ്റ്റേഴ്സ് പരിശീലകൻ ടി.ജി.പുരുഷോത്തമൻ സംസാരിക്കുന്നു

Mail This Article
കൊച്ചി ∙ വിദേശ പരിശീലകരെക്കൊണ്ടു സാധിക്കാത്ത ‘ജീവശ്വാസം’ കേരള ബ്ലാസ്റ്റേഴ്സിനു നൽകിയ മലയാളിയാണിത്; ടി.ജി.പുരുഷോത്തമൻ. സ്വീഡൻകാരൻ മികായേൽ സ്റ്റാറെ പുറത്താക്കപ്പെട്ടതിനു ശേഷം ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ പുരുഷോത്തമനു കീഴിൽ കളിച്ച അഞ്ചിൽ 3 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ജയം കണ്ടു. ഒന്നു വീതം തോൽവിയും സമനിലയും. പ്ലേഓഫ് പ്രതീക്ഷയും സജീവമായി. ‘ഹോട്ട് സീറ്റിൽ’ ഇരിക്കുമ്പോഴും അദ്ദേഹം കൂളാണ്. പുരുഷോത്തമൻ ‘മലയാള മനോരമ’യോട് സംസാരിക്കുന്നു.
Qഎങ്ങനെയാണ് ഈ മാറ്റം കൊണ്ടു വന്നത്
Aനന്നായി കളിച്ചിട്ടും ജയിക്കുന്നില്ലെന്ന നിരാശയിലായിരുന്നു കളിക്കാർ. അതു മാറ്റി പോസിറ്റീവ് അപ്രോച്ച് രൂപപ്പെടുത്താനായിരുന്നു ആദ്യ ശ്രമം. അതു വന്നതോടെ പിന്നീട് തന്ത്രങ്ങളിലായി ശ്രദ്ധ. ഫുട്ബോളിൽ 3 പ്രധാന കാര്യങ്ങളാണുള്ളത്. അറ്റാക്ക്, ഡിഫൻസ്, ട്രാൻസിഷൻസ്. ഒത്തൊരുമയോടെ നിന്നാൽ ഇതെല്ലാം ഒന്നിച്ചു വരുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. അതിനു മികവുള്ള കളിക്കാരാണു നമുക്കുള്ളത്.
Qയുവതാരങ്ങൾ ഇടയ്ക്കൊന്നു മങ്ങിപ്പോയല്ലോ?
Aയുവതാരങ്ങളെ പിന്തുണയ്ക്കണം. ഒരു കളി മോശമായാൽ തള്ളിക്കളയരുത്. അവർക്കു കളിക്കാൻ സമയം നൽകണം. ഞാൻ ഒരു കാര്യമേ പറയാറുള്ളൂ: ‘ആസ്വദിച്ചു കളിക്കുക’. ഒപ്പം ഏതു സാഹചര്യത്തെയും നേരിടാനുള്ള മനക്കരുത്തുണ്ടാക്കുക.
Qപരിശീലകനെന്ന നിലയിൽ ‘ഇവാൻ വുക്കോമനോവിച്ചിന്റെ’ സ്വാധീനമുണ്ടോ?
Aഅടിസ്ഥാനപരമായി അറ്റാക്കിങ് ഫുട്ബോൾ അനുവർത്തിക്കുന്ന കോച്ചാണ് ഇവാൻ വുക്കോമനോവിച്. അദ്ദേഹത്തിന്റെ കീഴിൽ ഞാൻ സഹപരിശീലകനായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനം ഉണ്ടായേക്കാം; പക്ഷേ, ബോധപൂർവം ഞാൻ ഒന്നും ചെയ്യുന്നില്ല.
Qസപ്പോർട്ടിങ് ടീമിനെക്കുറിച്ച്
Aഅസിസ്റ്റന്റ് കോച്ചായ തോമാസ് കോർസുമായി മാനസികമായി വളരെ അടുപ്പമുണ്ട്. ഞാൻ അസിസ്റ്റന്റ് കോച്ചായി വരുമ്പോൾ അദ്ദേഹം ടെക്നിക്കൽ അഡ്വൈസറായിരുന്നു. നല്ല കെമിസ്ട്രിയാണ് ഞങ്ങൾ തമ്മിൽ.