പിന്നിൽനിന്നും തിരിച്ചടിച്ച് ചെൽസിയെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി, എഡേഴ്സന് അസിസ്റ്റിൽ റെക്കോർഡ്; ലിവർപൂൾ, ആർസനൽ ജയിച്ചു- വിഡിയോ

Mail This Article
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ശക്തരായ ചെൽസിയെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി വീണ്ടും വിജയവഴിയിൽ. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പിന്നിൽനിന്ന് തിരിച്ചടിച്ച് 3–1നാണ് അവർ ചെൽസിയെ വീഴ്ത്തിയത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു. ഇപ്‌സ്‌വിച്ച് ടൗണിനെ 4–1ന് തോൽപ്പിച്ച ലിവർപൂൾ ഒന്നാം സ്ഥാനത്തും, വോൾവർഹാംപ്ടനെ എതിരില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ച് ആർസനൽ രണ്ടാം സ്ഥാനത്തും തുടരുന്നു.
22 കളികളിൽനിന്ന് 16–ാം ജയം കുറിച്ച ലിവർപൂൾ 53 പോയിന്റോടെയാണ് ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചത്. 23 മത്സരങ്ങളിൽനിന്ന് 13–ാം ജയം കുറിച്ച ആർസനലാകട്ടെ, 47 പോയിന്റുമായി രണ്ടാം സ്ഥാനത്തും തുടരുന്നു. സീസണിലെ 12–ാം വിജയത്തോടെ 23 കളികളിൽനിന്ന് 41 പോയിന്റുമായി സിറ്റി നാലാം സ്ഥാനത്തേക്ക് കയറി. തോറ്റ 23 കളികളിൽനിന്ന് 40 പോയിന്റുമായി ചെൽസി ആറാം സ്ഥാനത്താണ്.
അതേസമയം, പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള നോട്ടിങ്ങം ഫോറസ്റ്റിനെ എഎഫ്സി ബേൺമൗത്ത് എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു. തോറ്റെങ്കിലും 23 കളികളിൽനിന്ന് 44 പോയിന്റുമായി നോട്ടിങ്ങം മൂന്നാം സ്ഥാനത്തു തുടരുന്നു. സീസണിലെ 11–ാം ജയം കുറിച്ച ബേൺമൗത്ത് ആകട്ടെ, 40 പോയിന്റുമായി ഏഴാം സ്ഥാനത്തെത്തി. സതാംപ്ടണെ 3–1ന് തോൽപ്പിച്ച് ന്യൂകാസിൽ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തെത്തി. പിന്നിൽനിന്ന് തിരിച്ചടിച്ചാണ് ന്യൂകാസിൽ സതാംപ്ടണെ വീഴ്ത്തിയത്. 23 കളികളിൽനിന്ന് 12–ാം ജയം കുറിച്ച ന്യൂകാസിൽ 41 പോയിന്റുമായാണ് അഞ്ചാമതു നിൽക്കുന്നത്.
നാലാം മിനിറ്റിൽ നോനി മദുവേകെ നേടിയ ഗോളിൽ മുന്നിൽക്കയറിയ ചെൽസിയെ, ജോസ്കോ ഗ്വാർഡിയോൾ (42–ാം മിനിറ്റ്), എർലിങ് ഹാലണ്ട് (68–ാം മിനിറ്റ്), ഫിൽ ഫോഡൻ (87–ാം മിനിറ്റ്) എന്നിവരുടെ ഗോളുകളിലാണ് സിറ്റി വീഴ്ത്തിയത്. ഇതോടെ ലീഗിൽ സിറ്റി തോൽവിയറിയാതെ പൂർത്തിയാക്കുന്ന തുടർച്ചയായ ആറാമത്തെ മത്സരം കൂടിയായി ഇത്. ഇതിനു പുറമേ, കഴിഞ്ഞ 16 വർഷത്തിനിടെ ഒരു സീസണിൽ രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുന്ന ആദ്യ ഗോൾകീപ്പറായി സിറ്റിയുടെ എഡേഴ്സൻ മാറി.
ഇപ്സ്‌വിച്ച് ടൗണിനെതിരെ കോഡി ഗാക്പോയുടെ ഇരട്ടഗോളാണ് ലിവർപൂളിനു കരുത്തായത്. 44, 65 മിനിറ്റുകളിലായിരുന്നു ഗാക്പോയുടെ ഗോളുകൾ. മറ്റു ഗോളുകൾ സോബോസ്‌ലായ് (11–ാം മിനിറ്റ്), മുഹമ്മദ് സലാ (35) എന്നിവർ നേടി. ഇപ്സ്‌വിച്ചിന്റെ ആശ്വാസഗോൾ 90–ാം മിനിറ്റിൽ ജേക്കബ് ഗ്രീവ്സ് നേടി.
വോൾവ്സിന്റെ തട്ടകത്തിൽ രണ്ടാം പകുതി പൂർണമായും 10 പേരുമായി കളിച്ചാണ് ആർസനൽ വിജയം പിടിച്ചെടുത്തത്. 43–ാം മിനിറ്റിൽ ലെവിസ് സ്കെല്ലി ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതോടെയാണ് ആർസനൽ 10 പേരായി ചുരുങ്ങിയത്. പിന്നീട് 70–ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട വോൾവർഹാംപ്ടൻ താരം ജോവോ ഗോമസും പുറത്തായതോടെ, ഇരു വശത്തും 10 പേർ വീതമായി. 74–ാം മിനിറ്റിൽ റിക്കാർഡോ കാലാഫിയോറി നേടിയ ഗോളാണ് ആർസനലിന് വിജയം സമ്മാനിച്ചത്.
∙ എംബപ്പെയ്ക്ക് ഹാട്രിക്, റയലിന് ജയം
സ്പാനിഷ് ലാലിഗയിൽ കിലിയൻ എംബപ്പെ നേടിയ കന്നി ഹാട്രിക്കിന്റെ മികവിൽ റയൽ മഡ്രിഡിന് തകർപ്പൻ ജയം. റയൽ വല്ലാദോലിദിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് റയൽ തകർത്തത്. 30, 57, 90+1 (പെനൽറ്റി) മിനിറ്റുകളിലാണ് എംബപ്പെ ലക്ഷ്യം കണ്ടത്. 21 കളികളിൽനിന്ന് 15–ാം ജയം കുറിച്ച റയൽ 49 പോയിന്റുമായി ഒന്നാം സ്ഥാനത്ത് 4 പോയിന്റ് ലീഡും സ്വന്തമാക്കി.
രണ്ടാം സ്ഥാനത്തുള്ള അത്‍ലറ്റിക്കോ മഡ്രിഡിനെ വിയ്യാ റയൽ 1–1ന് സമനിലയിൽ തളച്ചതോടെയാണ് റയലിന്റെ ലീഡ് നാലായി വർധിച്ചത്. 21 കളികളിൽനിന്ന് 45 പോയിന്റാണ് അത്‍ലറ്റിക്കോയ്‌ക്കുള്ളത്. 20 കളികളിൽനിന്ന് 39 പോയിന്റുമായി ബാർസയാണ് മൂന്നാമത്. മറ്റു മത്സരങ്ങളിൽ റയൽ ബെറ്റിസ് മയ്യോർക്കയെയും (1–0) തോൽപ്പിച്ചു. സെവിയ്യ – എസ്‌പാന്യോൾ മത്സരം 1–1ന് സ മനിലയിൽ അവസാനിച്ചു.