സ്പെയിനിൽ വലൻസിയയ്ക്ക് ബാർസ വക 7 ഗോളിന്റെ ‘ഷോക്ക്’; പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും ലെസ്റ്ററിനും ജയം– വിഡിയോ

Mail This Article
മഡ്രിഡ്∙ സ്പാനിഷ് ലാലിഗയിൽ ഗോൾമഴ സൃഷ്ടിച്ച് ബാർസിലോനയുടെ ഐതിഹാസിക പ്രകടനം. വലൻസിയയ്‌ക്കെതിരായ മത്സരത്തിൽ ബാർസ അടിച്ചുകൂട്ടിയത് ഏഴു ഗോളുകൾ. വഴങ്ങിയത് ഒരേയൊരു ഗോളും. യുവതാരം ഫെർമിൻ ലോപ്പസിന്റെ ഇരട്ടഗോളാണ് ബാർസ വിജയത്തെ ശ്രദ്ധേയമാക്കിയത്. 24, 45+4 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ. ആദ്യപകുതിയിൽ ബാർസ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് മുന്നിലായിരുന്നു. ബാർസയുടെ മറ്റു ഗോളുകൾ ഫ്രാങ് ഡി യോങ് (മൂന്നാം മിനിറ്റ്), ഫെറാൻ ടോറസ് (8), റാഫീഞ്ഞ (14), റോബർട്ട് ലെവൻഡോവ്സ്കി (66) എന്നിവർ നേടി. ഒരു ഗോൾ വലൻസിയ താരം സെസാർ ടറേഗയുടെ വക (75) സെൽഫ് ഗോളാണ്. വലൻസിയയുടെ ആശ്വാസഗോൾ 59–ാം മിനിറ്റിൽ ഹ്യൂഗോ ഡ്യൂറോ നേടി.
21 മത്സരങ്ങളിൽനിന്ന് സീസണിലെ 13–ാം ജയം കുറിച്ച ബാർസ, 42 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ്. 49 പോയിന്റുമായി റയൽ മഡ്രിഡ് ഒന്നാമതും 45 പോയിന്റുമായി അത്‍ലറ്റിക്കോ മഡ്രിഡ‍് രണ്ടാമതുമുണ്ട്. മറ്റു മത്സരങ്ങളിൽ റയോ വല്ലേക്കാനോ ജിറോണയെയും (2–1), ഗെറ്റഫെ റയൽ സോസിദാദിനെയും (3–0) തോൽപ്പിച്ചു. അത്‍ലറ്റിക് ക്ലബ്ബും ലെഗാനസും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
∙ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം
ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ഫുൾഹാമിനെതിരെ ഒരു ഗോൾ വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. 78–ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസ് നേടിയ ഗോളാണ് യുണൈറ്റഡിന് വിജയം സമ്മാനിച്ചത്. താരത്തിന്റെ ഷോട്ട് സാസ ലൂക്കിച്ചിന്റെ ദേഹത്തുതട്ടി ഗതിമാറി വലയിൽ കയറുകയായിരുന്നു. സീസണിൽ 23 മത്സരങ്ങളിൽനിന്ന് എട്ടാം ജയം കുറിച്ച യുണൈറ്റഡ്, 29 പോയന്റുമായി 12–ാം സ്ഥാനത്താണ്. തോറ്റെങ്കിലും ഫുൾഹാം 33 പോയിന്റുമായി 10–ാം സ്ഥാനത്തുണ്ട്.
മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റി ടോട്ടനം ഹോട്സ്പറിനെ പിന്നിൽനിന്നും തിരിച്ചടിച്ച് തോൽപ്പിച്ചു. 2–1നാണ് ലെസ്റ്ററിന്റെ വിജയം. 33–ാം മിനിറ്റിൽ റിച്ചാർലിസൻ നേടിയ ഗോളിൽ മുന്നിൽക്കയറിയ ടോട്ടനത്തെ, ജെയ്മി വാർഡി (46–ാം മിനിറ്റ്), ബിലാൽ എൽ ഖന്നൂസ് (50) എന്നിവരുടെ ഗോളുകളിലാണ് ലെസ്റ്റർ വീഴ്ത്തിയത്. സീസണിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ലെസ്റ്റർ, ഈ ജയത്തോടെ നില മെച്ചപ്പെടുത്തി 17 പോയിന്റുമായി 17–ാം സ്ഥാനത്തേക്കു കയറി.
മറ്റു മത്സരങ്ങളിൽ ബ്രെന്റ്ഫോർഡ് ക്രിസ്റ്റൽ പാലസിനെ 2–1ന് തോൽപ്പിച്ചു. ആസ്റ്റൺ വില്ലയും വെസ്റ്റ്ഹാം യുണൈറ്റഡും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.