അൽ ഹിലാലുമായുള്ള കരാർ നെയ്മാർ അവസാനിപ്പിക്കുന്നു; പിരിയുന്നത് പരസ്പര ധാരണയോടെ, ബ്രസീലിലേക്ക് മടങ്ങിയേക്കും

Mail This Article
ജിദ്ദ∙ സൗദി പ്രോ ലീഗ് ക്ലബ് അൽ ഹിലാലുമായുള്ള കരാർ അവസാനിപ്പിച്ച് ബ്രസീലിയൻ സൂപ്പർതാരം നെയ്മാർ. 2023 ഓഗസ്റ്റിൽ റെക്കോർഡ് തുകയ്ക്ക് അൽ ഹിലാലിലെത്തിയ നെയ്മാറിന്, പരുക്കുമൂലം വളരെ കുറച്ചു മത്സരങ്ങളിൽ മാത്രമാണ് കളിക്കാനായത്. ഇപ്പോഴും ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരമായ നെയ്മാർ, ഏഴു മത്സരങ്ങളിലാണ് അൽ ഹിലാൽ ജഴ്സിയണിഞ്ഞത്. ഈ സീസണിൽ ഇതുവരെ കളിക്കാനായത് രണ്ടു മത്സരങ്ങളിൽ മാത്രം. അതിലൊന്ന് കഴിഞ്ഞ വർഷം നവംബറിൽ പകരക്കാരന്റെ വേഷത്തിലും.
മുപ്പത്തിരണ്ടുകാരനായ നെയ്മാർ, ബ്രസീലിലെ തന്റെ പഴയ തട്ടകമായ സാന്റോസിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. 2023 ഓഗസ്റ്റിൽ 16 കോടി യൂറോ (ഏകദേശം 1450 കോടി രൂപ) പ്രതിഫലത്തോടെയാണ് നെയ്മാർ അൽ ഹിലാലിൽ എത്തിയത്. ട്രാൻസ്ഫർ ഫീ ആയി പിഎസ്ജിക്ക് 9 കോടി യൂറോയും (ഏകദേശം 816 കോടി രൂപ) നൽകി. പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പിന്നാലെയാണ്, സൗദി പ്രോ ലീഗിന് താരത്തിളക്കമേറ്റി നെയ്മാറും സൗദിയിലെത്തിയത്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ നിന്നാണ് അൽ ഹിലാൽ നെയ്മാറിനെ സ്വന്തമാക്കിയത്.
രണ്ടു വർഷത്തെ കരാറിൽ അൽ ഹിലാലിൽ എത്തിയ നെയ്മാറിന്, കരാർപ്രകാരം ഇനിയും ഏഴു മാസം കൂടി ബാക്കിയുണ്ട്. അതിനിടെയാണ് പരസ്പര ധാരണയോടെ പിരിയുന്നത്. 2023 ഒക്ടോബറിൽ യുറഗ്വായ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ പിണഞ്ഞ പരുക്കാണ് താരത്തിന് തിരിച്ചടിയായത്. അന്നുമുതൽ മിക്കപ്പോഴും ചികിത്സാർഥം കളത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
നേരത്തേ, ലോക റെക്കോർഡ് ട്രാൻസ്ഫർ ഫീ (22.2 കോടി യൂറോ) നൽകിയാണ് സ്പാനിഷ് ക്ലബ് ബാർസിലോനയിൽ നിന്ന് 2017ൽ നെയ്മാറിനെ പിഎസ്ജി സ്വന്തമാക്കിയത്. ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞതായിരുന്നു ഫ്രഞ്ച് ക്ലബ്ബിൽ നെയ്മാറിന്റെ 6 വർഷങ്ങൾ. ക്ലബ്ബിനു വേണ്ടി 173 മത്സരങ്ങളിൽ നിന്നായി 118 ഗോളുകൾ നേടിയ നെയ്മാർ അഞ്ച് ലീഗ് വൺ കിരീടനേട്ടങ്ങളിൽ പങ്കാളിയായി. എന്നാൽ ഇടയ്ക്കിടെയുണ്ടായ പരുക്കുകളും ക്ലബ് മാനേജ്മെന്റുമായുള്ള കലഹങ്ങളും നെയ്മാറിനെ പലപ്പോഴും ടീമിനു പുറത്താക്കി. ഇതിനു പിന്നാലെയാണ് അൽ ഹിലാൽ ക്ലബ്ബുമായി നെയ്മാർ ധാരണയിലെത്തിയത്.