വിജയത്തുടർച്ചയുമായി ഗോകുലം മുന്നോട്ട്; എസ്‌സി ബെംഗളൂരുവിനെ 2–0ന് തോൽപ്പിച്ചു, നാച്ചോ അബലെഡോയ്ക്ക് ഇരട്ടഗോൾ

Mail This Article
കോഴിക്കോട്∙ ഐ ലീഗിൽ ജയം തുടർന്ന് ഗോകുലം കേരള. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് എസ്‌സി ബെംഗളൂരുവിനെയാണ് ഗോകുലം തോൽപ്പിച്ചത്. നാച്ചോ അബലെഡോയുടെ ഇരട്ടഗോളാണ് ഗോകുലത്തിന് തകർപ്പൻ വിജയം സമ്മാനിച്ചത്. എട്ട്, 89 മിനിറ്റുകളിലായിരുന്നു അബലെഡോയുടെ ഗോളുകൾ. 96–ാം മിനിറ്റിൽ സലാം രഞ്ജൻ സിങ് ചുവപ്പുകാർഡ് കണ്ട് പുറത്തായതിനാൽ 10 പേരുമായാണ് ഗോകുലം മത്സരം പൂർത്തിയാക്കിയത്.
11 മത്സരത്തിൽനിന്ന് 19 പോയിന്റ് നേടിയ ഗോകുലം പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. ഫെബ്രുവരി ഒന്നിന് കൊൽക്കത്തയിൽ ഇന്റർ കാശിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
ഗോകുലത്തിന്റെ മുന്നേറ്റത്തോടെയായിരുന്നു മത്സരത്തിന് തുടക്കമായത്. മൂന്നാം മിനിറ്റിൽ ഗോകുലത്തിന് ലീഡ് എടുക്കാൻ അവസരം ലഭിച്ചെങ്കിലും പന്ത് വലയിലെത്തിക്കാൻ സാധിച്ചില്ല. അധികം വൈകാതെ രണ്ടാം അവസരം ലഭിച്ച ഗോകുലം അത് കൃത്യമായി ഉപയോഗിച്ചതോടെ എട്ടാം മിനിറ്റിൽത്തന്നെ ഒരു ഗോളിന്റെ ലീഡ് നേടി. ബെംഗളൂരു ബോക്‌സിനുള്ളിൽ നിന്ന് ലഭിച്ച പന്ത് നാച്ചോ അബലെഡോ കൃത്യമായി വലയിലെത്തിച്ചതോടെ ഗോകുലം ഒരു ഗോളിനു മുന്നിൽ.
ഒരു ഗോളിന്റെ ലീഡുമായി ആദ്യപകുതി അവസാനിപ്പിച്ച ഗോകുലം രണ്ടാം പകുതിയിലും മേധാവിത്തം തുടർന്നു. രണ്ടാം പകുതിയിൽ ഗോൾ ലക്ഷ്യമിട്ട് തുടർച്ചയായി ആക്രമണം നടത്തിയെങ്കിലും ലക്ഷ്യം കണ്ടത് 89–ാം മിനിറ്റിൽ. മൈതാന മധ്യത്തിൽനിന്ന് ലഭിച്ച പന്തുമായി മുന്നേറിയ അബെലെഡോ, ബെംഗളൂരു പ്രതിരോധ താരത്തെയും ഗോൾകീപ്പറെയും കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു.