ഗോൾകീപ്പർ ഉൾപ്പെടെ ടീമിലെ 11 പേരും ‘തൊട്ട’ ഗോൾ; ശ്രദ്ധ കവർന്ന് ‘വഴക്കിട്ട’ കളിയിൽ ബ്ലാസ്റ്റേഴ്സ് നേടിയ ‘ടീം ഗോൾ’ – വിഡിയോ

Mail This Article
ചെന്നൈ ∙ ചെന്നൈയിൻ എഫ്‍സിക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നേടിയ മൂന്നാം ഗോളിൽ ടീമിലെ 11 താരങ്ങളുടെയും സ്പർശമുണ്ടെന്ന് തെളിയിക്കുന്ന വിഡിയോ ശ്രദ്ധ നേടുന്നു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 56–ാം മിനിറ്റിൽ ക്വാമി പെപ്ര നേടിയ ഗോളിലാണ്, ഗോൾകീപ്പർ ഉൾപ്പെടെ കളത്തിലുണ്ടായിരുന്ന 11 കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെയും സ്പർശമുള്ളത്. മത്സരം കേരള ബ്ലാസ്റ്റേഴ്സ് 3–1ന് ജയിച്ചിരുന്നു.
ഹെസൂസ് ഹിമനെ (3–ാം മിനിറ്റ്), കോറോ സിങ് (45+3), ക്വാമെ പെപ്ര (56) എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ സ്കോറർമാർ. വിൻസി ബരേറ്റോയുടെ (90+1) വകയായിരുന്നു ചെന്നൈയിന്റെ ആശ്വാസ ഗോൾ. ജയത്തോടെ 19 കളികളിൽ 24 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് 8–ാം സ്ഥാനത്താണ്.
ആദ്യപകുതിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു മുന്നിലായിരുന്ന ബ്ലാസ്റ്റേഴ്സ, രണ്ടാം പകുതിയുടെ തുടക്കത്തിലാണ് 11 പേരുടെയും സ്പർശമുള്ള ഗോൾ നേടിയത്. ടീമിലെ ഒൻപതു താരങ്ങൾ പലകുറി കൈമാറിയെത്തിയ പന്ത് ഒടുവിൽ ഇടതു വിങ്ങിലൂടെ മുന്നേറിയ അഡ്രിയാൻ ലൂണയുടെ ക്രോസിലൂടെയാണ് ബോക്സിനുള്ളിൽ ക്വാമെ പെപ്രയിലേക്ക് എത്തുന്നത്. പന്ത് ഫസ്റ്റ് ടച്ചിൽ തന്നെ ക്വാമെ പെപ്ര ഗോൾവര കടത്തുകയായിരുന്നു.
അതേസമയം, പാസ് കൊടുക്കാത്തതിന്റെ പേരിൽ ക്യാപ്റ്റൻ അഡ്രിയൻ ലൂണയും നോഹ സദൂയിയും കളത്തിൽ പരസ്യമായി വഴക്കിട്ട അതേ കളിയിലാണ് ഈ ‘ടീം ഗോൾ’ പിറന്നത് എന്നതും ശ്രദ്ധേയം. കേരള ബ്ലാസ്റ്റേഴ്സ് ഈ ഗോൾ നേടുന്ന സമയത്ത് നോഹ സദൂയി കളത്തിലുണ്ടായിരുന്നില്ല. അവസാന 10 മിനിറ്റിലാണ് സദൂയി പകരക്കാരനായി കളത്തിലെത്തിയത്.