നെയ്മാർ വീടണഞ്ഞു, 12 വർഷങ്ങൾക്കു ശേഷം സാന്റോസിൽ തിരിച്ചെത്തി, ഗംഭീര വരവേൽപ്

Mail This Article
സാന്റോസ് ∙ 12 വർഷങ്ങൾക്കു ശേഷം ബാല്യകാല ക്ലബ്ബായ സാന്റോസിലേക്കു തിരിച്ചെത്തിയ ബ്രസീലിയൻ സൂപ്പർ താരം നെയ്മാറിന് ആരാധകരുടെ ഗംഭീര വരവേൽപ്. ഇരുപതിനായിരത്തോളം ആരാധകരാണ് ക്ലബ്ബിന്റെ വില ബെൽമിറോ സ്റ്റേഡിയത്തിൽ നെയ്മാറിനെ സ്വീകരിക്കാനെത്തിയത്. ‘ദ് പ്രിൻസ് ഈസ് ബാക്ക്’ എന്ന സ്ക്രീൻ പ്രദർശിപ്പിച്ചാണ് സാന്റോസ് ക്ലബ് നെയ്മാറിനെ സ്റ്റേഡിയത്തിലേക്കു വരവേറ്റത്. സ്വകാര്യ വിമാനത്തിൽ സൗദി അറേബ്യയിൽ നിന്ന് സാവോപോളോയിൽ ലാൻഡ് ചെയ്ത നെയ്മാർ പിന്നീട് വിശ്രമത്തിനു ശേഷം ഹെലികോപ്റ്ററിലാണ് സാന്റോസിലെത്തിയത്.
സൗദി അറേബ്യൻ പ്രോ ലീഗ് ക്ലബ് അൽ ഹിലാലുമായുള്ള കരാർ അവസാനിപ്പിച്ചാണ് മുപ്പത്തിരണ്ടുകാരൻ നെയ്മാർ ബ്രസീലിൽ തിരിച്ചെത്തിയത്. സാന്റോസുമായി 6 മാസക്കരാറിൽ ഒപ്പുവച്ച നെയ്മാർ ഇന്ന് സാവോപോളോയ്ക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയേക്കും.