ആദിലിന്റെ ഇരട്ട ഗോൾ, ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളം സെമിയിൽ, സർവീസസിനെ തകർത്തു

Mail This Article
നിലവിലെ ചാംപ്യൻമാരായ സർവീസസിനെ അവസാന ഗ്രൂപ്പ് മത്സരത്തിൽ തകർത്ത് (3–0) കേരളം ദേശീയ ഗെയിംസ് പുരുഷ ഫുട്ബോളിന്റെ സെമി ഫൈനലിൽ കടന്നു. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ കേരളം സെമിയിൽ നാളെ 9ന് അസമിനെ നേരിടും. 2 ഗോൾ നേടിയ, കാസർകോട് തൃക്കരിപ്പൂർ സ്വദേശി പി. ആദിലാണ് വിജയശിൽപി. ബാബിൽ സിവറിയും കേരളത്തിനായി ഗോൾ നേടി.
കിക്കോഫിനു പിന്നാലെ കേരളത്തിന്റെ മുന്നേറ്റത്തിനൊടുവിൽ സർവീസസ് ഗോൾകീപ്പർ ഗഗൻദീപ് സിങ് തട്ടിത്തെറിപ്പിച്ച പന്ത് ആദിൽ ഗോൾ പോസ്റ്റിലേക്ക് ഉയർത്തിയടിക്കുമ്പോൾ സർവീസസ് പ്രതിരോധം നിശ്ചലം. ഒന്നാം മിനിറ്റിൽ തന്നെ കേരളം മുന്നിൽ (1–0).
24–ാം മിനിറ്റിൽ ഗോൾകീപ്പർ ഗഗൻദീപ് സിങ്ങിനു ചുവപ്പു കാർഡ് കിട്ടിയതോടെ സർവീസസ് 10 പേരായി ചുരുങ്ങി. എന്നിട്ടും വർധിതവീര്യത്തോടെ സർവീസസ് ആഞ്ഞടിച്ചെങ്കിലും കേരള പ്രതിരോധം പിടിച്ചു നിന്നു. 51–ാം മിനിറ്റിൽ വലതുവിങ്ങിലൂടെ മുന്നേറിയ ബിജേഷ് ടി. ബാലന്റെ ക്രോസിൽനിന്ന് പി. ആദിൽ രണ്ടാമതും സർവീസസ് ഗോൾ വല ചലിപ്പിച്ചു (2–0). 90–ാം മിനിറ്റിൽ ചിതറിക്കിടന്ന സർവീസസ് പ്രതിരോധത്തിനിടയിലൂടെ ഒറ്റയ്ക്കു മുന്നേറിയ ബാബിൽ സിവറി ഗോളിലേക്കു ഷോട്ട് തൊടുത്തപ്പോൾ പകരക്കാരൻ ഗോൾകീപ്പർ ദിനേഷ് നിസ്സഹായനായി (3–0).
തയ്ക്വാൻഡോയിൽ ഒത്തുകളി വിവാദം
ഡെറാഡൂൺ ∙ സ്വർണത്തിനു 3 ലക്ഷം, വെള്ളിക്കു 2 ലക്ഷം, വെങ്കലത്തിന് ഒരു ലക്ഷം; ദേശീയ ഗെയിംസിൽ തയ്ക്വാൻഡോ മത്സരങ്ങൾ ഇന്ന് ആരംഭിക്കുന്നതിനു മുൻപേ മെഡലിനായി ഒത്തുകളിയെന്ന് ആരോപണം. തുടർന്ന് തയ്ക്വാൻഡോ കോംപറ്റീഷൻ ഡയറക്ടർ ടി. പ്രവീൺ കുമാറിനെ മാറ്റി. പകരം എസ്. ദിനേശ് കുമാറിനെ നിയോഗിച്ചു. തയ്ക്വാൻഡോയിൽ 16 മത്സര വിഭാഗങ്ങളാണുള്ളത്. ഇതിൽ പത്തിലും മത്സരങ്ങൾ തുടങ്ങുന്നതിനു മുൻപു തന്നെ മെഡൽ ജേതാക്കളെ പ്രവീൺ കുമാറും സംഘവും തീരുമാനിച്ചുവെന്നാണ് ആരോപണം. ആരോപണമന്വേഷിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ഗെയിംസ് സംഘാടക സമിതി കോംപിറ്റീഷൻ ഡയറക്ടറെ മാറ്റിയത്.