ലക്കി ചെൽസി; ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ വെസ്റ്റ് ഹാമിനെതിരെ 2–1 ജയം; ചെൽസി നാലാമത്

Mail This Article
ലണ്ടൻ ∙ വെസ്റ്റ് ഹാമിനെതിരെ പൊരുതി നേടിയ ജയവുമായി (2–1) ചെൽസി ഇംഗ്ലിഷ് പ്രിമിയർ ലീഗ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്കു കയറി. 74–ാം മിനിറ്റിൽ വെസ്റ്റ് ഹാം താരം ആരൺ വാൻ ബിസാക്ക വഴങ്ങിയ സെൽഫ് ഗോളാണ് നീലപ്പടയ്ക്കു വിജയം സമ്മാനിച്ചത്. ചെൽസി താരം കോൾ പാമറുടെ ഷോട്ട് ബിസാക്കയുടെ ദേഹത്തു തട്ടി സ്വന്തം ഗോളിലേക്കു കയറുകയായിരുന്നു.
42–ാം മിനിറ്റിൽ ക്യാപ്റ്റൻ ജാരോദ് ബോവന്റെ ഗോളിൽ വെസ്റ്റ് ഹാമാണ് കളിയിൽ ആദ്യം മുന്നിലെത്തിയത്. ചെൽസി താരം ലെവി കോൾവിലിന്റെ ബാക്ക് പാസ് പിടിച്ചെടുത്ത ബോവൻ അതു നേരെ ഗോളിലേക്കു ചാർത്തുകയായിരുന്നു. പൊരുതിക്കളിച്ച ചെൽസി 64–ാം മിനിറ്റിൽ സമനില ഗോൾ നേടി.
എൻസോ ഫെർണാണ്ടസിന്റെ ഷോട്ട് ബ്ലോക്ക് ചെയ്യപ്പെട്ടെങ്കിലും റീബൗണ്ട് വന്നു വീണത് പെഡ്രോ നെറ്റോയുടെ കാൽക്കൽ. ഇടംകാൽ ഷോട്ട് വലയിൽ. കോൾ പാമറുടെ സ്ഥിരോത്സാഹത്തിനുള്ള സമ്മാനമായി പിന്നാലെ സെൽഫ് ഗോളും വന്നതോടെ ചെൽസിക്ക് ജയം. 24 കളികളിൽ 43 പോയിന്റുമായാണ് ചെൽസി നാലാം സ്ഥാനത്തു നിൽക്കുന്നത്.