ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോളര്‍ ഞാൻ തന്നെ: സ്വയം പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ!

Mail This Article
റിയാദ്∙ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോളര്‍ താനാണെന്നു സ്വയം പ്രഖ്യാപിച്ച് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു സ്പാനിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ നിലപാടു വ്യക്തമാക്കിയത്. ‘‘നിങ്ങൾക്ക് പെലെ, മെസ്സി, മറഡോണ തുടങ്ങി ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാം. എനിക്ക് അതു മനസ്സിലാകും. പക്ഷേ എക്കാലത്തെയും സമ്പൂർണനായ കളിക്കാരൻ ഞാൻ തന്നെയാണ്. അതല്ല എന്നു പറയുന്നതു തന്നെ നുണയാണ്.’’– പോർച്ചുഗൽ സൂപ്പർ താരം പ്രതികരിച്ചു.
എത്ര ഗോളുകൾ നേടുന്നു എന്നത് ഇനി തനിക്കു വിഷയമല്ലെന്നും റൊണാൾഡോ പ്രതികരിച്ചു. ‘‘920–925 ഗോളുകളാണു ഞാൻ നേടുന്നതെന്ന് ഇരിക്കട്ടെ, ഇനി അതൊന്നും എന്നെ ബാധിക്കില്ല. ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞാനാണ്. 1,000 ഗോൾ നേടിയാൽ അതു വലിയ കാര്യം. നേടിയില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ എന്റെ കാര്യത്തിൽ ഈ കണക്കുകൾ നുണ പറയില്ലല്ലോ.’’– റൊണാൾഡോ വ്യക്തമാക്കി.
സൗദി പ്രോ ലീഗിൽ അൽ നസ്ർ ക്ലബ്ബിനു വേണ്ടി കളിക്കുന്ന റൊണാൾഡോ തിങ്കളാഴ്ച നടന്ന എഎഫ്സി ചാംപ്യൻസ് ലീഗിലെ അൽ വസിലിനെതിരായ പോരാട്ടത്തിൽ ഇരട്ട ഗോളുകൾ സ്വന്തമാക്കിയിരുന്നു. ഇതോടെ റൊണാൾഡോയുടെ ഗോളുകളുടെ എണ്ണം 923 ആയിരുന്നു. മെസ്സിയാണോ, റൊണാൾഡോയാണോ മികച്ചവൻ എന്ന തർക്കം ഫുട്ബോൾ ലോകത്ത് കാലങ്ങളായുള്ളതാണ്.
അർജന്റീനയ്ക്കു വേണ്ടി മെസ്സി ലോകകപ്പ് വിജയിച്ചപ്പോൾ, ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ കടക്കാൻ റൊണാൾഡോയ്ക്കും പോർച്ചുഗലിനും ഇതുവരെ സാധിച്ചിട്ടില്ല. മെസ്സി എട്ട് ബലോൻ ദ് ഓർ പുരസ്കാരങ്ങൾ വിജയിച്ചപ്പോൾ, അഞ്ചെണ്ണമാണ് റൊണാൾഡോ സ്വന്തമാക്കിയത്. ബുധനാഴ്ച റൊണാൾഡോ 40–ാം പിറന്നാൾ ആഘോഷിക്കുകയാണ്.