മെസ്സിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ തള്ളിയിട്ടു; ഗ്രൗണ്ടിൽ കയറി സൂപ്പർ താരത്തെ കെട്ടിപ്പിടിച്ച് ആരാധകൻ- വിഡിയോ

Mail This Article
മയാമി∙ സുരക്ഷാ ഉദ്യോഗസ്ഥനെ മറികടന്ന് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ കെട്ടിപ്പിടിച്ച് ആരാധകൻ. യുഎസിലെ സുരക്ഷാ ഉദ്യോഗസ്ഥനായ യാസിൻ ചുക്കോവിനെ വീഴ്ത്തിയ ശേഷമാണ് ഗ്രൗണ്ടിൽ കയറിയ ആരാധകൻ മെസ്സിയെ തൊട്ടത്. സൂപ്പർ താരത്തെ കെട്ടിപ്പിടിക്കാനുള്ള ശ്രമത്തിനിടെ യാസിൻ ഇയാളെ കീഴ്പ്പെടുത്തി ഗ്രൗണ്ടിനു പുറത്തേക്കു കൊണ്ടുപോയി. കർക്കശക്കാരനായ സുരക്ഷാ ഉദ്യോഗസ്ഥനെ ആരാധകൻ മറികടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പാനമ ടീമായ സ്പോർടിങ് സാൻ മിഗലിറ്റോയ്ക്കെതിരായ സൗഹൃദ മത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മെസ്സിയുടെ അടുത്തേക്കു കുതിക്കുന്നതിനിടെ ആരാധകൻ ഗ്രൗണ്ടിൽ വീണിരുന്നു. ഇയാളുടെ ദേഹത്തു തട്ടിയതോടെ മെസ്സിയുടെ സുരക്ഷാ ഉദ്യോഗസ്ഥനും ഗ്രൗണ്ടിൽ വീണു. ഈ അവസരം മുതലെടുത്താണ് മെസ്സിയുടെ ആരാധകൻ സൂപ്പർ താരത്തെ കെട്ടിപ്പിടിച്ചത്. ആരാധകന്റെ കഴുത്തിനു പിടിച്ചായിരുന്നു യാസിൻ ഗ്രൗണ്ടിൽനിന്നു മാറ്റിയത്.
യുഎസ് ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിയതു മുതൽ മെസ്സിക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥനായ യാസിൻ ചുക്കോവും ഉണ്ട്. ആരാധകരിൽനിന്ന് മെസ്സിയെ സംരക്ഷിക്കാനായി മത്സരങ്ങൾക്കിടെ ഗ്രൗണ്ടിന് തൊട്ടടുത്തുതന്നെ യാസിൻ നിൽക്കാറുണ്ട്. യുഎസ് നേവി സീൽ ആയി പ്രവർത്തിച്ചിരുന്ന യാസിനെ മറികടന്ന് മെസ്സിയെ തൊടാൻ പോലും ആർക്കും ഇതുവരെ സാധിച്ചിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ ആരാധകന്റേത് അപൂർവ നേട്ടമായിട്ടാണ് സമൂഹമാധ്യമങ്ങൾ ആഘോഷിക്കുന്നത്.