രണ്ടു തവണ പിന്നിലായിട്ടും തിരിച്ചടിച്ച് സിറ്റിയെ വീഴ്ത്തി റയൽ; യുവെന്റസ്, പിഎസ്ജി, ബൊറൂസിയ ഡോർട്മുണ്ട് ടീമുകൾക്കും ജയം

Mail This Article
മാഞ്ചസ്റ്റർ∙ എതിരാളികളുടെ തട്ടകത്തിൽ രണ്ടു തവണ പിന്നിലായിപ്പോയിട്ടും കരുത്തോടെ തിരിച്ചടിച്ച റയൽ മഡ്രിഡിന്, യുവേഫ ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടർ പ്ലേഓഫിന്റെ ആദ്യ പാദത്തിൽ തകർപ്പൻ ജയം. ഇംഗ്ലിഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ 3–2നാണ് റയൽ തകർത്തത്. ആദ്യ പാദ പ്ലേഓഫിലെ മറ്റു മത്സരങ്ങളിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ബെഹസ്റ്റിനെയും (3–0), ജർമൻ ക്ലബ് ബൊറൂസിയ ഡോർഡ്മുണ്ട് സ്പോർട്ടിങ് ലിസ്ബണിനെയും (3–0) എതിർ തട്ടകത്തിൽ വീഴ്ത്തിയപ്പോൾ, ഇറ്റാലിയൻ കരുത്തൻമാരായ യുവെന്റസ് സ്വന്തം തട്ടകത്തിൽ പിഎസ്‌വി ഐന്തോവനെയും (2–1) തോൽപ്പിച്ചു. രണ്ടാം പാദ മത്സരങ്ങൾ ഈ മാസം 20ന് നടക്കും.
മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി രണ്ടു തവണയാണ് റയൽ മഡ്രിഡ് പിന്നിലായിപ്പോയത്. രണ്ടുതവണയും സിറ്റിക്ക് ലീഡ് സമ്മാനിച്ചത് സൂപ്പർതാരം എർലിങ് ഹാലണ്ട്. 19–ാം മിനിറ്റിൽ ഹാലണ്ട് നേടിയ ഗോളിൽ ആദ്യ പകുതിയിൽ സിറ്റി മുന്നിലായിരുന്നു. 60–ാം മിനിറ്റിൽ സൂപ്പർതാരം കിലിയൻ എംബപ്പെയുടെ ഗോളിൽ റയൽ സമനില പിടിച്ചെങ്കിലും 80–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഹാലണ്ട് വീണ്ടും സിറ്റിക്ക് ലീഡ് സമ്മാനിച്ചു.
സിറ്റി ജയിച്ചേക്കുമെന്ന സ്ഥിതിയിൽ നിൽക്കെ നിശ്ചിത സമയം അവസാനിക്കാൻ നാലു മിനിറ്റ് മാത്രം ബാക്കിനിൽക്കെ ബ്രാഹിം ഡയസിലൂടെ റയൽ തിരിച്ചടിച്ചു. സിറ്റി സമനിലയെങ്കിലും പ്രതീക്ഷിച്ചുനിൽക്കെ ഇൻജറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ഇംഗ്ലിഷ് താരം ജൂഡ് ബെല്ലിങ്ങാം നേടിയ ഗോളിൽ റയൽ വിജയവും പിടിച്ചെടുത്തു.
ഗ്രൂപ്പ് ഘട്ടത്തിൽ 20–ാം സ്ഥാനത്തെത്തി ‘കഷ്ടിച്ച്’ പ്ലേഓഫിന് യോഗ്യത നേടിയ യുവെന്റസ്, 2–1നാണ് പിഎസ്‌വി ഐന്തോവനെ തകർത്തത്. 34–ാം മിനിറ്റിൽ വെസ്റ്റോൺ മക്കെനിയാണ് യുവെയുടെ ആദ്യ ഗോൾ േനടിയത്. 56–ാം മിനിറ്റിൽ ഇവാൻ പെരിസിച്ചിലൂടെ പിഎസ്‌വി ഗോൾ മടക്കിയെങ്കിലും, 82–ാം മിനിറ്റിൽ സാമുവൽ എംബാഗുള നേടിയ ഗോളിൽ യുവെന്റസ് വിജയം ഉറപ്പിച്ചു.
ഒസ്മാൻ ഡെംബെലെയുടെ ഇരട്ടഗോളും വിട്ടീഞ്ഞയുടെ ഗോളും ചേർന്നതോടെയാണ് പിഎസ്ജി ബെഹസ്റ്റിനെ തകർത്തത്. ആദ്യ പകുതിയിൽ പിഎസ്ജി 2–0ന് മുന്നിലായിരുന്നു. 45, 66 മിനിറ്റുകളിലായാണ് ഡെംബെലെ ഇരട്ടഗോൾ നേടിയത്. 21–ാം മിനിറ്റിൽ പെനൽറ്റിയിൽ നിന്നായിരുന്നു വിട്ടീഞ്ഞയുടെ ഗോൾ. വ്യത്യസ്ത ടൂർണമെന്റുകളിൽ കഴിഞ്ഞ 11 മത്സരങ്ങളിലായി ഡെംബെലെയുടെ 18–ാം ഗോളാണ് ബെഹസ്റ്റിനെതിരെ പിറന്നത്.
ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിൽ നേടിയ മൂന്നു ഗോളുകൾക്കാണ് ബൊറൂസിയ ഡോർട്മുണ്ട് സ്പോർട്ടിങ് ലിസ്ബണിനെ തോൽപ്പിച്ചത്. സെർഹോ ഗ്യുറാസി (60–ാം മിനിറ്റ്), പാസ്കൽ ഗ്രോസ് (68), കരിം അഡെയേമി (82) എന്നവരാണ് ബൊറൂസിയ ഡോർട്മുണ്ടിനായി ലക്ഷ്യം കണ്ടത്.