ബ്ലാസ്റ്റേഴ്സ് ‘അടിക്കും അടിക്കും’ എന്ന് തോന്നിച്ചു, മോഹൻ ബഗാൻ ശരിക്കും ‘അടിച്ചിട്ടു’; 3 ഗോൾ തോൽവിയോടെ പ്ലേഓഫ് പ്രതീക്ഷ മങ്ങി

Mail This Article
കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേഓഫ് ബെർത്ത് ഉറപ്പാക്കാൻ വിജയം അത്യാവശ്യമായിരുന്ന കേരളത്തിന്, സ്വന്തം തട്ടകത്തിൽ മോഹൻ ബഗാനെതിരായ മത്സരത്തിൽ നിരാശപ്പെടുത്തുന്ന തോൽവി. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ബഗാൻ ബ്ലാസ്റ്റേഴ്സിനെ തകർത്തത്. ജെയ്മി മക്‌ലാരൻ (28, 40), ആൽബർട്ടോ റോഡ്രിഗസ് (66) എന്നിവർ നേടിയ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്താൻ ബഗാനെ സഹായിച്ചത്. ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പിന്നിലായിരുന്നു. ഇതോടെ 21 മത്സരങ്ങളിൽനിന്ന് 15 വിജയം, നാലു സമനില എന്നിവ ഹിതം 49 പോയിന്റുമായി ബഗാൻ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലെത്തി. സീസണിലെ 10–ാം തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്.
മത്സരത്തിന്റെ ആദ്യമിനിറ്റ് മുതൽ കൊച്ചിയിലെ തട്ടകത്തിൽ ബ്ലാസ്റ്റേഴ്സ് എതിരാളികളെ വിറപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ അര മണിക്കൂറിൽ ബഗാനെ ചിത്രത്തിലേക്കു പോലും വരാൻ അനുവദിക്കാതെ തുടർ ആക്രമണങ്ങളുമായി കളം നിറഞ്ഞ ബ്ലാസ്റ്റേഴ്സിന്, അവസരങ്ങൾ ഗോളാക്കി രൂപാന്തരപ്പെടുത്താനാകാതെ പോയത് തിരിച്ചടിയായി. ഇതിനിടെ വീണുകിട്ടിയ അവസരം മുതലെടുത്താണ് ബഗാൻ ലീഡ് നേടിയതും.
ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്തേക്ക് മോഹൻ ബഗാൻ നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഇടതുവിങ്ങിൽ ലിസ്റ്റൺ കൊളാസോയുടെ മുന്നേറ്റം. തടയാനെത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി പോസ്റ്റിന് തൊട്ടടുത്തെത്തിയ കൊളാസോ, പന്ത് പോസ്റ്റിനു മുന്നിൽ നിൽക്കുന്ന ജെയ്മി മക്‌ലാരനു മറിച്ചു. തൊട്ടുമുന്നിലൂടെ പന്ത് നീങ്ങുന്നതിനിടെ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന് നിലതെറ്റിയത് മുതലെടുത്ത് മക്‌ലാരൻ അനായാസം ലക്ഷ്യം കണ്ടു. സ്കോർ 1–0.
ഗോൾ വഴങ്ങിയതോടെ ആക്രമണത്തിന്റെ മൂർച്ച നഷ്ടമായ കേരള ഗോൾമുഖത്തേക്ക് അലകടലായി മോഹൻ ബഗാന്റെ ആക്രമണങ്ങൾ. ഗാലറിയിലെ മഞ്ഞക്കടലിന്റെ ആരവങ്ങൾക്കും തടയിടാനാകാതെ പോയ മുന്നേറ്റങ്ങൾക്കിടെ മോഹൻ ബഗാൻ വീണ്ടും ലീഡ് വർധിപ്പിച്ചു. ഇത്തവണ ബഗാന് അനുകൂലമായ ഗോൾകിക്കിൽനിന്നായിരുന്നു ഗോളിലേക്കെത്തിയ നീക്കത്തിന്റെ പിറവി. ഗോൾമുഖത്തുനിന്ന് വിശാൽ കെയ്ത്ത് ഉയർത്തിയടിച്ച് പന്ത് പിടിച്ചെടുത്ത ജെയ്സൻ കുമ്മിങ്സ്, കേരള പ്രതിരോധം പിളർത്തി ഓടിക്കയറി ജെയ്മി മക്‌ലാരനു പന്തു മറിച്ചു. അതു പിടിച്ചെടുത്ത് ഒട്ടും താമസം വരുത്താതെ മക്‌ലാരൻ പായിച്ച ഷോട്ട് സച്ചിൻ സുരേഷിനെ മറികടന്ന് വലയിൽ കയറി. സ്കോർ 2–0.
മറുവശത്ത് ആദ്യത്തെ അരമണിക്കൂറോളം നേരം കളത്തിൽ പുലർത്തിയ ആധിപത്യം ഗോളാക്കി രൂപാന്തരപ്പെടുത്തുന്നതിൽ ബ്ലാസ്റ്റേഴ്സ് വരുത്തിയ പിഴവാണ് ആദ്യ പകുതിയിൽ ടീമിനു തിരിച്ചടിയായത്. ഒൻപതാം മിനിറ്റിൽ കോറോ സിങ്, 17–ാം മിനിറ്റിൽ നവോച്ച സിങ്, 21–ാം മിനിറ്റിൽ ഹെസൂസ് ഹിമെനെ, 26–ാം മിനിറ്റിൽ ലാൽതാൻമാവിയ എന്നിവരുടെ ഉറച്ച ഗോൾശ്രമങ്ങളാണ് അവിശ്വസനീയമായ രീതിയിൽ ലക്ഷ്യം തെറ്റിയത്. ഇതോടെ 2 ഗോൾ കടവുമായി ബ്ലാസ്റ്റേഴ്സ് ആദ്യപകുതി പൂർത്തിയാക്കി.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തോടെയാണ് കളമുണർന്നത്. ഇതിനിടെ വിബിൻ മോഹനൻ, ഐബാൻബ ഡോഹ്‌ലിങ് തുടങ്ങിയവരെയും കളത്തിലിറക്കി ബ്ലാസ്റ്റേഴ്സ് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതിനിടെ 66–ാം മിനിറ്റിൽ ബഗാൻ മൂന്നാം ഗോളും നേടി. മോഹൻ ബഗാന് അനുകൂലമായി ലഭിച്ച സെറ്റ്പീസിൽനിന്ന് ഗോളിലേക്ക് ലക്ഷ്യം വച്ച് പന്ത് ബ്ലാസ്റ്റേഴ്സ് താരത്തിന്റെ കാലിൽത്തട്ടി നേരെ ആൽബർട്ടോ റോഡ്രിഗസിലേക്ക്. ഒരു നിമിഷം പോലും അമാന്തിക്കാതെ റോഡ്രിഗസ് നിലംപറ്റെ പായിച്ച ഷോട്ട് സച്ചിൻ സുരേഷിനെ കാഴ്ചക്കാരനാക്കി വലയിൽ കയറി. സ്കോർ 3–0.
തുടർന്നും ബ്ലാസ്റ്റേഴ്സ് ഒരു ഗോളെങ്കിലും തിരിച്ചടിക്കാൻ തീവ്രശ്രമം നടത്തിയെങ്കിലും എല്ലാം ബഗാന്റെ കരുത്തുറ്റ പ്രതിരോധ മതിലിലും ഗോൾകീപ്പർ വിശാൽ കെയ്ത്തിലും തട്ടിത്തകർന്നു.