ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സ് നാളെ എഫ്സി ഗോവയ്ക്കെതിരെ; പ്ലേ ഓഫ് ഉറപ്പില്ല, ജയിച്ചാൽ പ്രതീക്ഷ കൈവിടാതെ നോക്കാം

Mail This Article
ഐഎസ്എൽ ഫുട്ബോൾ സീസൺ അവസാനിക്കാനിരിക്കെ, പ്രതീക്ഷയുടെ ബാഗ് പാക്ക് ചെയ്ത് കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ഗോവയിൽ വിമാനമിറങ്ങി. ഐഎസ്എലിൽ നാളെ കരുത്തരായ എഫ്സി ഗോവയ്ക്കെതിരെ മത്സരം. ഈ കളി ജയിച്ച് പ്ലേ ഓഫ് പ്രതീക്ഷ അണയാതെ നോക്കുകയാണു ടീമിന്റെ ലക്ഷ്യം.
പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണു ബ്ലാസ്റ്റേഴ്സ്. നാലു മത്സരം ബാക്കിനിൽക്കെ 24 പോയിന്റാണു കേരളത്തിന്റെ അക്കൗണ്ടിൽ. പോയിന്റ് പട്ടികയിൽ മോഹൻ ബഗാനും ഗോവയും ഒഴികെയുള്ള ടീമുകളെല്ലാം മുപ്പതിന്റെ ‘പടവുകളിൽ’ കറങ്ങുന്നതാണു ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തുന്നത്. ഇനിയുള്ള 4 മത്സരങ്ങളും ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് 36 പോയിന്റാകും.
മറ്റു ടീമുകളുടെ ജയപരാജയങ്ങൾകൂടി തുണച്ചെങ്കിൽ മാത്രമേ ഇനി ബ്ലാസ്റ്റേഴ്സിനു സാധ്യതയുള്ളൂ. 21 കളികളിൽ 49 പോയിന്റോടെ വിന്നേഴ്സ് ഷീൽഡ് ഉറപ്പിച്ച മോഹൻ ബഗാനും 39 പോയിന്റുള്ള എഫ്സി ഗോവയ്ക്കും പിന്നിൽ ജംഷഡ്പുരാണു മൂന്നാം സ്ഥാനത്ത്. 37 പോയിന്റ്. 3 കളികൾ വീതം ബാക്കിയുള്ള നോർത്ത് ഇൗസ്റ്റിനും മുംബൈ സിറ്റിക്കും 32 പോയിന്റ്. 20 മത്സരം പൂർത്തിയാക്കിയ ബെംഗളൂരുവും (31) 3 മത്സരം ബാക്കിയുള്ള ഒഡീഷയും (29) ബ്ലാസ്റ്റേഴ്സിനു മുന്നിലുണ്ട്.
നാളെ ഗോവ, തുടർന്ന് ജംഷഡ്പുർ, മുംബൈ സിറ്റി എന്നീ കരുത്തരാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഈ 2 മത്സരങ്ങൾ കൊച്ചിയിലാണെന്നത് ആശ്വാസമാണ്. അവസാന മത്സരം ഹൈദരാബാദിനെതിരെ എവേ ഗ്രൗണ്ടിൽ.
∙ ലീഗിൽ ഇനി നാലു ‘ഫൈനൽ’ മത്സരങ്ങളാണു ടീമിനു മുന്നിലുള്ളത്. പക്ഷേ, പ്ലേഓഫ് സാധ്യതകൾ എങ്ങനെ എന്ന മട്ടിലുള്ള ആശങ്കകളോ സങ്കീർണതകളോ കളത്തിൽ ടീമിനെ ബാധിക്കില്ല. ടീം എന്ന നിലയിൽ ഏതറ്റം വരെയും പൊരുതാൻ ഞങ്ങൾ ഒരുക്കമാണ്. ആക്രമണമാണ് ഈ ടീമിന്റെ പ്ലസ്. അതിനു ചേർന്ന ക്വാളിറ്റി ഫുട്ബോൾ കളിക്കും.-ടി.ജി.പുരുഷോത്തമൻ (ബ്ലാസ്റ്റേഴ്സ് പരിശീലകൻ)