രണ്ടാം പകുതിയിൽ രണ്ടു ഗോളടിച്ച് ഗോവയുടെ കുതിപ്പ്, ഗോളടിക്കാൻ മറന്ന് ബ്ലാസ്റ്റേഴ്സിന്റെ കിതപ്പ്; സീസണിലെ 11–ാം തോൽവി

Mail This Article
പനജി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവയോടും തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് എഫ്സി ഗോവ ബ്ലാസ്റ്റേഴ്സിനെ തകർത്തുവിട്ടത്. ഇകർ ഗരൊറ്റ്സെന (46), മുഹമ്മദ് യാസിർ (73) എന്നിവരാണു ഗോവയുടെ ഗോൾ സ്കോറർമാര്‍. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഗോവ ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കി ചാംപ്യൻമാരാകാനുള്ള പോരാട്ടത്തിലാണ്. ഒന്നാം സ്ഥാനത്തുള്ള മോഹൻ ബഗാന് 49 പോയിന്റും ഗോവയ്ക്ക് 42 പോയിന്റുമാണുള്ളത്.
മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ ആധിപത്യം നിലനിർത്തി കളിക്കാനായിരുന്നു ഫറ്റോർഡ സ്റ്റേഡിയത്തിൽ ഗോവയുടെ ശ്രമം. ആറാം മിനിറ്റിൽ ഗോവയുടെ ഡ്രാസിച്ചിനെതിരായ ഫൗളിന്റെ പേരിൽ ബ്ലാസ്റ്റേഴ്സിന്റെ മോണ്ടിനെഗ്രോ പ്രതിരോധ താരം ദുസാൻ ലഗതോർ യെല്ലോ കാർഡ് കണ്ടു. ആദ്യ പകുതി പത്ത് മിനിറ്റുകൾ പിന്നിട്ടതോടെ ബ്ലാസ്റ്റേഴ്സ് മത്സരത്തിലേക്കു തിരിച്ചെത്തി. 20–ാം മിനിറ്റിൽ യാസിറിൽനിന്ന് പന്തു ലഭിച്ച ഗോവന്‍ താരം കാൾ മക്ഹ്യൂ ഹെഡർ അവസരം പാഴാക്കി. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ലൂണയെ പരമാവധി തടഞ്ഞുനിർത്തി ബ്ലാസ്റ്റേഴ്സിനെ പ്രതിരോധത്തിലാക്കാനായിരുന്നു ഗോവയുടെ ശ്രമം. 26–ാം മിനിറ്റിൽ ഗോവയുടെ ഗരൊറ്റ്സെനയുടെ ലോങ് റേഞ്ചർ ബ്ലാസ്റ്റേഴ്സ് ഗോളി കമൽജിത് സിങ് സേവ് ചെയ്തു. 38–ാം മിനിറ്റിൽ യാസിറിന്റെ ക്രോസിൽ ഉദാന്ത സിങ് നടത്തിയ ഗോൾ നീക്കം ബ്ലാസ്റ്റേഴ്സിന്റെ ഐബൻബ ദോലിങ് പരാജയപ്പെടുത്തി. ആദ്യ പകുതിയിലെ രണ്ടു മിനിറ്റ് അധികസമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിക്കാതിരുന്നതോടെ സ്കോർ 0–0.
രണ്ടാം പകുതി തുടങ്ങിയതിനു തൊട്ടുപിന്നാലെ ലീഡെടുത്ത് ഗോവ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു. 46–ാം മിനിറ്റിൽ ഗോവയുടെ സ്പാനിഷ് താരം ഇകർ ഗരൊറ്റ്സെനയാണു ലക്ഷ്യം കണ്ടത്. 61–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ മുഹമ്മദ് ഐമൻ ഗോവ ബോക്സിലേക്കു പന്തുമായി കുതിച്ചെങ്കിലും അത് ഓഫ് സൈഡിലാണ് അവസാനിച്ചത്. 68–ാം മിനിറ്റിൽ വിബിൻ മോഹനന്റെ ഷോട്ട് ഗോവ താരത്തിന്റെ കൈകളിൽ തട്ടിയതോടെ ബ്ലാസ്റ്റേഴ്സ് പെനാൽറ്റിക്കു വേണ്ടി വാദിച്ചുനോക്കി. പക്ഷേ റഫറി കോർണർ മാത്രമാണ് അനുവദിച്ചത്. മത്സരം അവസാന പത്തു മിനിറ്റുകളിലേക്കു പോയതോടെ ഗോവ ആക്രമണം കടുപ്പിച്ചു. അതിന്റെ ഫലമായി ഗോവ ലീഡ് രണ്ടാക്കി ഉയർത്തി. ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ബോക്സിൽനിന്ന് ഇകർ ഗരൊറ്റ്സെനയുടെ കൃത്യമായ പാസ്. പിഴവുകളില്ലാതെ മുഹമ്മദ് യാസിർ ലക്ഷ്യം കണ്ടു. സ്കോർ 2–0.
ഗോള്‍ നേടിയതിനു പിന്നാലെ യാസിറിനെ പിൻവലിച്ച ഗോവ അർമാൻഡോ സാദിക്കുവിനെ കളത്തിലിറക്കി. 80 മിനിറ്റു പിന്നിട്ടപ്പോഴും ബ്ലാസ്റ്റേഴ്സിന് മത്സരത്തിൽ ഒരു ഓണ്‍ ടാർഗറ്റ് ഷോട്ട് പോലും ഇല്ലായിരുന്നു. 84–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് താരം ഹെസൂസ് ഹിമെനെ നടത്തിയ ഗോൾ നീക്കം ഗോവ ഗോളി പരാജയപ്പെടുത്തി. ഫുൾ ടൈം വിസിൽ മുഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സിന് സീസണിലെ 11–ാം തോൽവി. 21 മത്സരങ്ങളിൽ 12 വിജയങ്ങളുമായി എഫ്സി ഗോവ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഗോവയ്ക്ക് നിലവിൽ 42 പോയിന്റുണ്ട്. ഏഴു വിജയങ്ങൾ മാത്രമുള്ള ബ്ലാസ്റ്റേഴ്സ് 24 പോയിന്റുമായി പത്താം സ്ഥാനത്താണ്. സീസണിൽ ആദ്യം കൊച്ചിയിൽ വച്ച് ഇരു ടീമുകൾ നേർക്കുനേർ വന്നപ്പോൾ ഗോവ ഒരു ഗോളിനു വിജയിച്ചിരുന്നു. മാർച്ച് ഒന്നിന് കൊച്ചിയിൽ ജംഷഡ്പൂർ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.