കോർണറെടുക്കാൻ എത്തിയപ്പോൾ വൻ കൂവൽ, ശബ്ദം പോരെന്ന് നെയ്മാർ; പിന്നാലെ കോർണർ കിക്ക് നേരെ വലയിൽ– വിഡിയോ

Mail This Article
സാവോ പോളോ∙ കളിക്കുന്നത് പിഎസ്ജിക്കും ബാർസിലോനയ്‌ക്കുമൊന്നും അല്ലെങ്കിലും, ബ്രസീലിയൻ സൂപ്പർതാരം നെയ്മാറിന്റെ ബൂട്ടിൽനിന്ന് പിറക്കുന്ന വിസ്മയ ഗോളുകൾക്ക് ഇപ്പോഴും പഞ്ഞമില്ല! സൗദി അറേബ്യൻ ഫുട്ബോൾ ക്ലബ്ബായ അൽ ഹിലാലിൽനിന്നും മാതൃരാജ്യത്തേക്കു മടങ്ങി ബാല്യകാല ക്ലബായ സാന്റോസിൽ കളിക്കുന്ന നെയ്മാർ, ഇത്തവണ ഞെട്ടിച്ചത് കോർണർ കിക്ക് നേരെ വലയിലെത്തിക്കുന്ന ‘ഒളിംപിക് ഗോളു’മായി. എതിർ ടീമിന്റെ തട്ടകത്തിൽ, അവരുടെ ആരാധകരുടെ കൂവലുകൾക്കിടെയാണ് കോർണർ കിക്ക് നേരെ വലയിലെത്തിച്ച് നെയ്മാർ ഞെട്ടിച്ചത്.
സാവോ പോളോയിലെ പോളിസ്റ്റ എ വൺ ലീഗ് മത്സരത്തിൽ ഇന്റർനാഷനൽ ഡി ലിമെയ്‌റയ്‌ക്കെതിരെയായിരുന്നു നെയ്മാറിന്റെ ഒളിംപിക് ഗോൾ വിസ്മയം. മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ ടിക്കീഞ്ഞോ സോറസ് നേടിയ ഗോളിൽ ലീഡ് നേടിയ സാന്റോസിനായി, 27–ാം മിനിറ്റിലാണ് നെയ്മാർ ഒളിംപിക് ഗോൾ നേടിയത്.
മത്സരത്തിനിടെ ഗാലറിയിൽനിന്ന് തുടർച്ചയായി കൂവിയ ലിമെയ്റ ആരാധകരെ നിശബ്ദരാക്കിയ ഗോള്‍ കൂടിയായി നെയ്മാറിന്റേത്. സാന്റോസിന് അനുകൂലമായി ലഭിച്ച കോർണർ കിക്ക് എടുക്കാൻ നെയ്മാർ വരുമ്പോൾ, തൊട്ടരികെ ഗാലറിയിൽനിന്ന് വലിയ തോതിൽ കൂവിക്കൊണ്ടാണ് ലിമെയ്റ ആരാധകർ താരത്തെ എതിരേറ്റത്. ശബ്ദം പോരെന്നും കുറച്ചുകൂടി ശബ്ദമാകാമെന്നും ആംഗ്യം കാട്ടി ലിമെയ്റ ആരാധകരെ പരിഹസിച്ചുകൊണ്ടാണ് നെയ്മർ കോർണർ ഫ്ലാഗിന് അരികിലെത്തിയത്.
നെയ്മാറിന്റെ പ്രകോപനത്തിൽ വീണ് ആരാധകർ ബഹളം വയ്‌ക്കുന്നതിനിടെ, യാതൊരു തിടുക്കവുമില്ലാതെ കോർണറെടുത്ത നെയ്മാർ പന്തു നേരെ പോസ്റ്റ് ലക്ഷ്യമാക്കി ഉയർത്തിവിട്ടു. സാന്റോസ് താരങ്ങൾ പന്തിന് പോസ്റ്റിലേക്ക് വഴികാട്ടാനും, ലിമെയ്റ താരങ്ങൾ അതു പ്രതിരോധിക്കാനുമായി കൂട്ടപ്പൊരിച്ചിൽ നടത്തുന്നതിനിടെ, ഗോൾകീപ്പറുടെ കൈകൾക്കു മുകളിലൂടെ പന്ത് നേരെ ചാഞ്ഞിറങ്ങിയത് സെക്കൻഡ് പോസ്റ്റിലേക്ക്. അതിൽത്തട്ടി പന്ത് നേരെ വലയിലേക്ക്.
ഗാലറിയിലെ സാന്റോസ് ആരാധകരുടെ ബഹളത്തിനിടെ, കൈകൾ കെട്ടി അതുവരെ കൂവിയ ലിമെയ്റ ആരാധകരെ തുറിച്ചുനോക്കിക്കൊണ്ടുള്ള നെയ്മാറിന്റെ നിൽപ്പും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തുടർന്ന് സൈഡിലെ പരസ്യ ബോർഡുകൾക്ക് മുകളിൽ കയറിയിരുന്നും ലിമെയ്റ ആരാധകരെ സൂപ്പർതാരം പരിഹസിച്ചു. അഞ്ച് മിനിറ്റിനു ശേഷം ടിക്കീഞ്ഞോ സോറസിന്റെ രണ്ടാം ഗോളിനും സാന്റോസിന്റെ മൂന്നാം ഗോളിനും വഴിയുമൊരുക്കിയാണ് നെയ്മാർ തന്റെ പ്രതികാരം പൂർത്തിയാക്കിയത്. മത്സരം സാന്റോസ് 3–0ന് വിജയിച്ചു.