ഐ ലീഗ് ഫുട്ബോളിൽ വിജയത്തുടർച്ചയുമായി ഗോകുലം; ഐസ്വാൾ എഫ്സിയെ 2–1ന് തോൽപ്പിച്ചു, 25 പോയിന്റുമായി നാലാം സ്ഥാന

Mail This Article
ഐസ്വാൾ∙ ഐ ലീഗിൽ തുടർ വിജയവുമായി ഗോകുലം കേരള കുതിപ്പു തുടരുന്നു. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ 2-1ന് ഐസ്വാൾ എഫ്സിയെയാണ് ഗോകുലം തോൽപ്പിച്ചത്. പിന്നിൽനിന്നും തിരിച്ചടിച്ചാണ് ഗോകുലം ഐസ്വാളിനെ വീഴ്ത്തിയത്. 17–ാം മിനിറ്റിൽ സാമുവൽ ലാൽമുവാൻ പുനിയ നേടിയ ഗോളിൽ ലീഡെടുത്ത ഐസ്വാളിനെ, സിനിസ സ്റ്റാനിസാവിച്ച് (49–ാം മിനിറ്റ്), താബിസോ ബ്രോൺ (90+3) എന്നിവർ നേടിയ ഗോളുകളിലാണ് ഗോകുലം വീഴ്ത്തിയത്.
ഐസ്വാളിനെതിരായ വിജയത്തോടെ 16 മത്സരങ്ങളിൽനിന്ന് 25 പോയിന്റുമായി ഗോകുലം കേരള പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. മാർച്ച് മൂന്നിന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഷില്ലോങ് ലജോങ്ങിനെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
കഴിഞ്ഞ മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഐസ്വാളിനെതിരെ ഗോകുലം കേരള കളത്തിലിറങ്ങിയത്. തുടക്കത്തിൽ ഗോകുലം മികച്ച നീക്കങ്ങളുമായി കളിച്ചെങ്കിലും അപ്രതീക്ഷിതമായിട്ടിയാരുന്നു ആദ്യ ഗോൾ വഴങ്ങിയത്. 17–ാം മിനുട്ടിൽ സാമുവൽ ലാൽമുവാൻ പുനിയയായിരുന്നു ഗോൾ നേടിയത്. ഒരു ഗോൾ വഴങ്ങിയതോടെ ഗോകുലം ആക്രമിച്ച് കളിച്ച് ഗോൾ മടക്കാൻ ശ്രമിച്ചെങ്കിലും നീക്കങ്ങളെല്ലാം ഒന്നിനു പുറകേ ഒന്നായി വിഫലമായി. ഇതോടെ ആദ്യ പകുതി ഐസ്വാളിന്റെ ലീഡോടെ അവസാനിച്ചു.
രണ്ടാം പകുതിയിൽ പുതിയ ഊർജവുമായി തിരിച്ചെത്തിയ ഗോകുലം അധികം വൈകാതെ ഗോൾ മടക്കി. 49–ാം മിനുട്ടിൽ സിനിസ സ്റ്റാനിസാവിച്ചാണ് സമനില ഗോൾ നേടിയത്. ഇതോടെ ആത്മവിശ്വാസം വർധിച്ച ഗോകുലം നിരന്തരം ഐസ്വാളിന്റെ ഗോൾമുഖത്തേക്ക് ഇരച്ചുകയറി. എന്നാൽ വീണുകിട്ടിയ അവസരത്തിൽ എതിരാളികൾ ഗോകുലത്തിന്റെ ഗോൾമുഖത്തും ഭീതി സൃഷ്ടിച്ചു. രണ്ടാം പകുതിക്കു ശേഷം രണ്ടു തവണയാണ് ഉറപ്പായ ഗോളിൽനിന്ന് ഗോകുലം ലക്ഷപ്പെട്ടത്. 88–ാം മിനുട്ടിൽ ലീഡ് നേടാൻ സിനിസക്ക് വീണ്ടും അവസരം ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല.
അഞ്ച് മിനിറ്റാണ് മത്സരത്തിന് അധികസമയമായി അനുവദിച്ചത്. ഈ സമയത്ത് വിജയഗോളിനായി പൊരുതിയ ഗോകുലം ഒടുവിൽ ലക്ഷ്യം കണ്ടു. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് ലഭിച്ച പന്തുമായി മുന്നേറിയ നാച്ചോ അബലെഡെ അത് കൃത്യമായി ഐസ്വാളിന്റെ ബോക്‌സിലെത്തിച്ചു. പന്തിലേക്ക് കുതിക്കുകയായിരുന്ന താബിസോ ബ്രോൺ അനായാസം പന്ത് വലിയലെത്തിച്ചു. സ്കോർ 2–1.