ആദ്യം രണ്ടടിച്ച് അത്‍ലറ്റിക്കോ, 4 ഗോൾ തിരിച്ചടിച്ച് ബാർസ; 10 മിനിറ്റിനിടെ അത്‍ലറ്റിക്കോ വക 2 ഗോൾ കൂടി; ക്ലാസിക് പോര് സമാസമം

Mail This Article
ബാർസിലോന∙ കോപ്പ ഡെൽ റേ സെമിഫൈനലിന്റെ ആദ്യ പാദത്തിന് ക്ലാസിക് പോരാട്ടത്തിന്റെ പരിവേഷം പകർന്ന് ഗോൾവർഷവുമായി ബാർസിലോനയും അത്‍ലറ്റിക്കോ മഡ്രിഡും. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ മത്സരത്തിനൊടുവിൽ ഇരു ടീമുകളും നാലു ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ബാർസയുടെ തട്ടകത്തിൽ നടന്ന മത്സരത്തിലാണ് ഇരു ടീമുകളും ചേർന്ന് എട്ടു ഗോൾ അടിച്ചുകൂട്ടി ആരാധകരെ ത്രസിപ്പിച്ചത്. സെമിയുടെ രണ്ടാം പാദം ഏപ്രിലിൽ നടക്കും.
അത്‍ലറ്റിക്കോ മഡ്രിഡിനായി യൂലിയൻ അൽവാരസ് (ഒന്നാം മിനിറ്റ്), അന്റോയ്ൻ ഗ്രീസ്മൻ (ആറാം മിനിറ്റ്), മാർകോസ് ലോറെന്റെ (84–ാം മിനിറ്റ്), അലക്സാണ്ടർ സോർലോത് (90+3) എന്നിവരാണ് ഗോൾ നേടിയത്. ബാർസയ്‌ക്കായി പെഡ്രി (19–ാം മിനിറ്റ്), പോ ക്യുബാർസി (21), ഇനിഗോ മാർട്ടിനസ് (41), റോബർട്ട് ലെവൻഡോവ്സ്കി (74) എന്നിവരും ലക്ഷ്യം കണ്ടു.
മത്സരം തുടങ്ങി വെറും ആറു മിനിറ്റിനിടെ ഇരട്ടഗോളുമായി ബാർസയെ ഞെട്ടിച്ച തുടക്കം കുറിച്ച അത്‍ലറ്റിക്കോയ്‌ക്ക്, ആദ്യപകുതിയിലും രണ്ടാം പകുതിയിലുമായി നാലു ഗോൾ തിരിച്ചടിച്ച് ബാർസ ശക്തമായ മറുപടി നൽകിയതോടെയാണ് മത്സരം ആവേശകരമായത്. എന്നാൽ, മത്സരം അവസാന നിമിഷങ്ങളിലേക്കു കടന്നതിനു പിന്നാലെ വെറും 10 മിനിറ്റിനിടെ വീണ്ടും ഇരട്ടഗോൾ നേടി അത്‍ലറ്റിക്കോ തിരിച്ചടിച്ചതോടെയാണ് ഇരു ടീമുകളും സമനിലയ്ക്ക് കൈകൊടുത്തത്.