കോപ്പ ഡെൽ റേ സെമിയുടെ ആദ്യ പാദത്തിൽ ഏക ഗോൾ വിജയവുമായി റയൽ; സോസിദാദിനെതിരെ രക്ഷകനായി എൻഡ്രിക്

Mail This Article
സാൻ സെബാസ്റ്റ്യൻ (സ്പെയിൻ)∙ കോപ്പ ഡെൽ റേ സെമിഫൈനലിന്റെ ആദ്യ പാദത്തിൽ റയൽ സോസിദാദിനെതിരെ ഏക ഗോൾ വിജയവുമായി റയൽ മഡ്രിഡ്. സോസിദാദിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ, യുവതാരം എൻഡ്രിക് 19–ാം മിനിറ്റിൽ നേടിയ ഗോളാണ് റയലിന് വിജയം സമ്മാനിച്ചത്. ജൂഡ് ബെലിങ്ങാമിന്റെ അസിസ്റ്റിൽ നിന്നാണ് എൻഡ്രിക് ലക്ഷ്യം കണ്ടത്.
രണ്ടാം പകുതിയിൽ എൻഡ്രിക് ഒരിക്കൽക്കൂടി ഗോളിന്റെ വക്കിലെത്തിയെങ്കിലും ക്രോസ് ബാർ തടസമായി. ജൂഡ് ബെലിങ്ങാമിന്റെ ഉജ്വലമായൊരു ഷോട്ട് റയൽ സോസിദാദ് ഗോൾകീപ്പർ അലക്സ് റെമീറോ രക്ഷപ്പെടുത്തിയതും നിർണായകമായി. പരുക്കുമൂലം സൂപ്പർതാരം കിലിയൻ എംബപ്പെ മത്സരത്തിൽ കളിച്ചിരുന്നില്ല. ഒന്നാം നമ്പർ ഗോൾകീപ്പർ തിബോ കുർട്ടോയ്സ്, ഫെഡെറിക്കോ വാർവെർദെ എന്നിവർക്കും റയൽ പരിശീലകൻ വിശ്രമം അനുവദിച്ചു.
ഇതുവരെ 20 തവണ കോപ്പ ഡെൽ റേ കിരീടം ചൂടിയിട്ടുള്ള ടീമാണ് റയൽ മഡ്രിഡ്. സെമിഫൈനലിന്റെ രണ്ടാം പാദം ഏപ്രിൽ ഒന്നിന് റയലിന്റെ തട്ടകമായ സാന്തിയാഗോ ബെർണബ്യൂവിൽ നടക്കും. ഇന്നലെ നടന്ന ആദ്യ സെമിയുടെ ഒന്നാം പാദത്തിൽ ബാർസിലോനയും അത്‌ലറ്റിക്കോ മഡ്രിഡും നാലു ഗോൾ വീതം നേടി സമനില പാലിച്ചിരുന്നു.